സന്ദര്‍ശകര്‍ വിസയുടെ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ ബോണ്ടായി നല്‍കിയ തുക മടക്കി നല്‍കും; അമേരിക്കയിലേക്ക് ഇനി യാത്ര നടത്തുന്നവര്‍ ശ്രദ്ധിക്കുക; വലിയ തുക ഇനി മുതല്‍ ഫീസായി നല്‍കേണ്ടി വരും
അമേരിക്കയിലേക്ക് ഇനി യാത്ര നടത്തുന്നവര്‍ ശ്രദ്ധിക്കുക. വലിയ തുക ഇനി മുതല്‍ ഫീസായി നല്‍കേണ്ടി വരും. ചില ടൂറിസ്റ്റ് , ബിസിനസ് വിസകള്‍ക്കായി പതിനയ്യായിരം ഡോളര്‍ വരെ ബോണ്ട് ആയി നല്‍കേണ്ടി വരും. 2028 ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ എത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകള്‍ക്ക് വിസ നിയന്ത്രിക്കുന്നതില്‍ ട്രംപ് ഭരണകൂടം വിജയിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. വിസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്ന സന്ദര്‍ശകരെ കര്‍ശനമായി നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നീക്കം നടത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉത്തരവ് പുറത്തിറക്കി. അമേരിക്കന്‍ എംബസികളിലെ ഉദ്യോഗസ്ഥര്‍ക്ക്, വിസ കാലാവധി കഴിഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഉയര്‍ന്ന നിരക്കിലുള്ള ബോണ്ടുകള്‍ ചുമത്താനുള്ള വിവേചനാധികാരം ഈ ഉത്തരവിലൂടെ നല്‍കിയിരിക്കുകയാണ്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ കൂടി ഭാഗമായിട്ടാണ് ഈ പുതിയ നീക്കം. ദേശീയ സുരക്ഷാ കാരണങ്ങളാല്‍ 19 രാജ്യങ്ങളിലെ പൗരന്മാര്‍ യുഎസില്‍ പ്രവേശിക്കുന്നത് പൂര്‍ണ്ണമായോ ഭാഗികമായോ തടയുന്ന ഒരു യാത്രാ നിരോധനം ജൂണില്‍ ട്രംപ് ഭരണകൂടം പുറപ്പെടുവിച്ചിരുന്നു. ഇതോടെ പല രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള കുറവാണ് രേഖപ്പെടുത്തിയത്. അയ്യായിരം ഡോളര്‍ മുതല്‍ പതിനയ്യായിരം ഡോളര്‍ വരെയാണ് സന്ദര്‍ശകര്‍ ബോണ്ടായി നല്‍കേണ്ടത്.
സന്ദര്‍ശകര്‍ വിസയുടെ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ ബോണ്ടായി നല്‍കിയ തുക മടക്കി നല്‍കും. ട്രംപ് ആദ്യവട്ടം പ്രസിഡന്റായിരുന്ന കാലഘട്ടത്തിലും ഇത്തരം ഒരു നീക്കം നടത്തിയിരുന്നു എങ്കിലും കോവിഡ് മഹാമാരിയുടെ വരവോടെ അത് മാറ്റി വെയ്ക്കുകയായിരുന്നു. ചാഡ്, എറിത്രിയ, ഹെയ്തി, മ്യാന്‍മര്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വലിയ തുക ബോണ്ടായി നല്‍കേണ്ടി വരും എന്നാണ് സൂചന. മലാവി, സാംബിയ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ടൂറിസ്റ്റ് അല്ലെങ്കില്‍ ബിസിനസ് വിസയ്ക്ക് പതിനയ്യായിരം ഡോളര്‍ നല്‍കേണ്ടി വരും.
യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി 2023-ല്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ കാണിക്കുന്നത് മലാവിയില്‍ നിന്നുള്ള സന്ദര്‍ശകരില്‍ ഏകദേശം 14% പേര്‍ വിസ കാലാവധി കഴിഞ്ഞും താമസിക്കുന്നു എന്നാണ്. വനിതാ കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ യു.എസിലേക്ക് വരാന്‍ വനിതാ അത്‌ലറ്റുകള്‍ക്ക് മാത്രമേ വിസ ലഭിക്കൂ എന്ന ട്രംപിന്റെ നീക്കവും വിജയം കണ്ടിരിക്കുകയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകള്‍ വനിതാ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാനുള്ള പ്രസിഡന്റിന്റെ വിശാലമായ ശ്രമങ്ങള്‍ക്കിടയിലാണ് ഈ നീക്കം വിജയിച്ചത്.