റഷ്യന്‍ ക്രൂഡോയിലിന്റെ പേരില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ വാളോങ്ങി നില്‍ക്കുന്ന ട്രംപിനെ തകര്‍ക്കും; പാക്കിസ്ഥാന്റെ അമേരിക്കന്‍ സ്‌നേഹവും ഗൗരവത്തില്‍ എടുക്കും; പര്‍വതനിരകളിലൂടെയുള്ള വ്യാപാരം കൂട്ടും; ഇരു രാജ്യങ്ങള്‍ക്കിടയില്‍ വിമാന സര്‍വ്വീസും വീണ്ടും വരും; ചൈനയും ഇന്ത്യയും ഏകോപന പാതയില്‍; മോദിയും ഷീ ജിന്‍പിങ്ങും വീണ്ടും കൈ കൊടുക്കും
ന്യൂഡല്‍ഹി: ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ഇരട്ടിയാക്കി ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യയും ചൈയും ഒരുമിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങുന്നത് ആഗോള തലത്തില്‍ നല്‍കുന്നത് പുതിയ സന്ദേശം. ഇന്ത്യയും ചൈനയും ഒരുമിച്ചാല്‍ ലോക വിപണിയെ നിയന്ത്രിക്കാന്‍ കഴിയും. അമേരിക്കയോട് അടുക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതിനിടെയാണ് ചൈനയും ഇന്ത്യയും വീണ്ടും അടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദര്‍ശനം പുതു നാഴിക കല്ലാകും. ചൈനീസ് പ്രസിഡന്റും ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യത ഏറെയാണ്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയായി പര്‍വതനിരകളിലൂടെയുള്ള വ്യാപാരം പുനരാരംഭിക്കാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും. റഷ്യന്‍ ക്രൂഡോയിലിന്റെ പേരില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ വാളോങ്ങി നില്‍ക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ ഇരുരാജ്യങ്ങളെയും അസ്വസ്ഥതപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ചൈനയും ഇന്ത്യയും വീണ്ടും അടുക്കുന്നത്.
ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ്, ഹിമാചല്‍ പ്രദേശിലെ ഷിപ്കി ലാ പാസ്, സിക്കിമിലെ നാഥു ലാ പാസ് എന്നിവയിലൂടെ അതിര്‍ത്തി വ്യാപാരം പുനരാരംഭിക്കാന്‍ ചൈനയുമായി തുടര്‍ന്നും സഹകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും അടുത്ത ആഴ്ച ഉന്നതതല യോഗം ചേരും. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി ഇന്ത്യ സന്ദര്‍ശിച്ച് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തും. 2020 ലെ ഗാല്‍വാന്‍ ഏറ്റുമുട്ടലിനുശേഷം ഇതാദ്യമായാണ് ഈ കൂടിക്കാഴ്ച. ഇന്ത്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ശരിയായി കൈകാര്യം ചെയ്യുന്നതിനും ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) പോലുള്ള ബഹുമുഖ വേദികളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും ബീജിംഗിന്റെ പ്രതിബദ്ധത ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ വ്യക്തമാക്കി. അതിനിടെ മറ്റൊരു നിര്‍ണ്ണായക നീക്കവും നടക്കുന്നുണ്ട്.
അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകായണ്. എത്രയും വേഗം വ്യോമഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യയുമായി ചര്‍ച്ച നടത്തിവരികയാണെന്ന് വ്യാഴാഴ്ച ചൈന അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ പ്രതീക്ഷകളാണ് ഈ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുന്നതിനായി ഞങ്ങള്‍ ഇന്ത്യയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഇരുപക്ഷവും ഗൗരവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര എളുപ്പമാക്കുകയും പരസ്പര സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ലിന്‍ ജിയാന്‍ പറഞ്ഞു. കൂടാതെ നേതാക്കള്‍ക്കിടയില്‍ ഉണ്ടാക്കിയ കരാറുകള്‍ നടപ്പിലാക്കാന്‍ ഇരു രാജ്യങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയിലെ കസാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നിരവധി സംഭാഷണ , സംവിധാനങ്ങള്‍ പുനരാരംഭിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 1 വരെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) സമ്മേളനത്തില്‍ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനിടയില്‍ ഷാങ്ഹായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ പ്രതീക് മാത്തൂര്‍ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ മുതിര്‍ന്ന മാനേജ്മെന്റുമായി കൂടിക്കാഴ്ച നടത്തി. വ്യോമ സേവനങ്ങളിലും ഹോസ്പിറ്റാലിറ്റി മേഖലയിലും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
കിഴക്കന്‍ ലഡാക്കിലെ സൈനിക സംഘര്‍ഷങ്ങളും കോവിഡ്-19 പകര്‍ച്ചവ്യാധിയും കാരണം 2020 ല്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്, എയര്‍ ചൈന തുടങ്ങിയ കമ്പനികള്‍ നേരത്തെ ഡല്‍ഹി ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ നഗരങ്ങളിലേക്ക് ദിവസേന വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു. ഇപ്പോള്‍ ഇരു രാജ്യങ്ങളും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് യാത്ര, വ്യാപാരം, പരസ്പര സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കും. ഇതും കൂടുതല്‍ നയതന്ത്ര ബന്ധത്തിലേക്ക് കാര്യങ്ങളെത്തിക്കും. ഏഷ്യയിലെ വമ്പന്‍ സൗഹൃദമായി ഇതിനെ മാറ്റാനാണ് ശ്രമം. ഇന്ത്യ 2024-2025 സാമ്പത്തിക വര്‍ഷം 57 ലക്ഷം ടണ്‍ യൂറിയയാണ് ഇറക്കുമതി ചെയ്തത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 20% കുറവാണ് ഇറക്കുമതിയില്‍ ഉണ്ടായത്. ചൈനയില്‍നിന്നുള്ള ഇറക്കുമതി കുറഞ്ഞതാണ് പ്രധാന കാരണം. 2023-24ല്‍ 18.7 ലക്ഷം ടണ്‍ യൂറിയയാണ് ചൈനയില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. എന്നാല്‍, 2024-25 സാമ്പത്തിക വര്‍ഷത്തിലാവട്ടെ, ഇത് ഒരു ലക്ഷം ടണ്‍ യൂറിയയായി കുറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ചൈന നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുന്നത്.
ചൈനീസ് പൗരന്മാര്‍ക്ക് വിനോദസഞ്ചാരത്തിനായുള്ള വിസ അനുവദിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ അടുത്തിടെ ഇന്ത്യ നീക്കിയിരുന്നു. ഓഗസ്റ്റ് 31 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനയിലേക്ക് പോകുന്നുണ്ട്. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തും. 2019-ന് ശേഷം ആദ്യമായാണ് മോദി ചൈനയിലേക്ക് പോകുന്നതെന്നതും പ്രത്യേകതയാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ അടുത്തിടെ ചൈന സന്ദര്‍ശിച്ചിരുന്നു.