അടച്ചിട്ട മുറിയില്‍ രണ്ടര മണിക്കൂര്‍ അവര്‍ ചര്‍ച്ച നടത്തി; പുറത്തിറങ്ങി ഒരുമിച്ച് പ്രസ് കോണ്‍ഫറന്‍സ്; നല്ല പുരോഗതിയെന്ന് അവകാശപ്പെട്ടെങ്കിലും പരിഹാരം ആരും മിണ്ടിയില്ല; അടുത്ത ചര്‍ച്ച മോസ്‌കോയില്‍ വച്ചെന്ന് പറഞ്ഞ് പിരിഞ്ഞ് പുട്ടിന്‍: ലോകം ആകാംഷയോടെ കാത്തിരുന്ന ട്രംപ്-പുട്ടിന്‍ കൂടിക്കാഴ്ച്ചയില്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തിന് വിരാമമായില്ല

Update: 2025-08-16 00:41 GMT

അലാസ്‌ക: അലാസ്‌ക ഉച്ചകോടിയില്‍ അന്തിമധാരണയില്ല. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ശുഭസൂചനകളുണ്ടായെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനം വന്നില്ല. നോ ഡീല്‍ എന്നതാണ് വസ്തുത. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കുമേല്‍ യുഎസിന്റെ സമ്മര്‍ദം മുറുകുന്ന പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച അവസാനിച്ചു. അന്തിമ കരാറിലെത്താനായില്ലെങ്കിലും ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ തന്നെ ലക്ഷ്യം കാണാനാവുമെന്നും ഇരുനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടച്ചിട്ടമുറിയില്‍ രണ്ടര മണിക്കൂറില്‍ അധികം നീണ്ട ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഇരു നേതാക്കന്‍മാരുടെയും വാര്‍ത്താ സമ്മേളനം. നല്ല പുരോഗതി ചര്‍ച്ചയിലുണ്ടെന്ന് ഇരുനേതാക്കളും സൂചന നല്‍കി. അടുത്ത ചര്‍ച്ച മോസ്‌കോയില്‍ നടക്കുമെന്നാണ് സൂചന. അങ്ങനെ യുക്രെയിന്‍-റഷ്യ യുദ്ധത്തിന് തീരുമാനം ഉണ്ടാകാതെ ആ ചര്‍ച്ച തീരുകയാണ്. ചര്‍ച്ചയില്‍ ട്രംപിനൊപ്പം അമേരിക്കന്‍ വിദേശ സെക്രട്ടറി മാര്‍ക്കോ റുബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും പുടിനൊപ്പം വിദേശകാര്യമന്ത്രി സെര്‍ഗെയി ലാവ്റോവും പങ്കെടുത്തു. ഉപദേശകരില്ലാതെ അടച്ചിട്ട മുറിയില്‍ ഒറ്റയ്ക്ക് ചര്‍ച്ച നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുടിനും ട്രംപും കാണുന്നത്.

ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടെയെങ്കിലും എന്നാല്‍ അന്തിമ കരാറിലേക്ക് എത്താനായിട്ടില്ലെന്നും അമേരിക്കന്‍ ഡൊണാള്‍ഡ് ട്രംപ് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈകാതെ തന്നെ ആ ലക്ഷ്യത്തിലെത്താനാകും. ചര്‍ച്ചയിലുണ്ടായ ധാരണകളെ കുറിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായും നാറ്റോ നേതാക്കളുമായും സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. പുതിനുമായി നേരിട്ടുള്ള ചര്‍ച്ച തുടരുമെന്ന സൂചനയും ട്രംപ് നല്‍കി. ചര്‍ച്ചയിലുണ്ടായ പുരോഗതിയെ ഇല്ലാതാക്കുന്ന നീക്കങ്ങള്‍ക്ക് യുക്രൈനോ യൂറോപ്യന്‍ രാജ്യങ്ങളോ മുതിരരുതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുക്രൈന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം. യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ റഷ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ദീര്‍ഘകാലത്തേക്കുള്ള സമാധാനം ഉണ്ടാവണമെങ്കില്‍ ഈ സംഘര്‍ഷങ്ങളുടെ മൂലകാരണങ്ങള്‍ ഇല്ലാതാവണം. യുക്രൈന്‍ തങ്ങളുടെ സഹോദര രാജ്യമാണ്. യുക്രൈന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന കാര്യത്തില്‍ താന്‍ പ്രസിഡന്റ് ട്രംപിനോട് യോജിക്കുന്നു. ഇന്ന് തങ്ങള്‍ എത്തിച്ചേര്‍ന്ന ധാരണകള്‍ ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള പാത തുറക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും പുടിന്‍ പറഞ്ഞു.

തീര്‍ത്തും സൗഹൃദപരമായിരുന്നു ചര്‍ച്ച. തികച്ചും പരസ്പര ബഹുമാനത്തോടെയുള്ള അന്തരീക്ഷത്തിലാണ് ചര്‍ച്ചകള്‍ നടന്നതെന്ന് ഇരു നേതാക്കളും പറഞ്ഞു. എന്നാല്‍ ചര്‍ച്ചയിലെ വിശദാംശങ്ങളിലേക്ക് ഇരുവരും കടന്നില്ല. സാധാരണഗതിയില്‍ രാജ്യത്തിനകത്ത് വെച്ച് വിദേശ ഭരണാധികാരികളോടൊപ്പം നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ആദ്യം സംസാരിച്ച് തുടങ്ങുന്നതാണ് പൊതുവായരീതി. എന്നാല്‍ ഇവിടെ പുടിനാണ് ആദ്യം സംസാരിച്ച് തുടങ്ങിയതെന്നതും ശ്രദ്ധേയമായി. അലാസ്‌കയിലെ സോവിയറ്റ് സൈനികരുടെ കുഴിമാടങ്ങളില്‍ റീത്ത് സമര്‍പ്പിച്ച ശേഷമാണ് പുടിന്‍ തന്റെ വിമാനത്തിലേക്ക് മടങ്ങിയത്. നേരത്തെ അലാസ്‌കന്‍ നഗരമായ ആങ്കറേജിലെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ്-റിച്ചാര്‍ഡ്സണ്‍ (ജെബിഇആര്‍) സേനാതാവളത്തില്‍ എത്തിയ ഇരുവരും ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വ്യോമത്താവളത്തില്‍ നേരിട്ടെത്തിയാണ് ട്രംപ് പുടിനെ സ്വീകരിച്ചത്. ട്രംപിന്റെ ഔദ്യോഗിക വാഹനമായ 'ബീസ്റ്റ്' കാറില്‍ കയറിയാണ് പുടിന്‍ ചര്‍ച്ചാ വേദിയിലേക്ക് പോയത്.

പുടിനൊപ്പം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയി ലാവ്റോവ്, പ്രതിരോധമന്ത്രി ആന്ദ്രേ ബെലോസോവ്, ധനമന്ത്രി ആന്റണ്‍ സിലുവനോവ്, വിദേശനിക്ഷേപകാര്യങ്ങള്‍ക്കുള്ള പുതിന്റെ ദൂതന്‍ കിറില്‍ ദിമിത്രിയേവ്, പുതിന്റെ സഹായി യൂറി ഉഷകോവ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, വിദേശകാര്യസെക്രട്ടറി മാര്‍ക്കോ റൂബിയോ, യുക്രൈന്‍, ഗാസ യുദ്ധങ്ങളിലെ സമാധാനശ്രമം നടത്തുന്ന ട്രംപിന്റെ ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ്, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, വാണിജ്യസെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക്, സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ്, മാധ്യമസെക്രട്ടറി കരോലിന്‍ ലീവിറ്റ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഉച്ചകോടിയിലേക്ക് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ ക്ഷണിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. യുക്രെയ്‌നെക്കൂടി ഉള്‍പ്പെടുത്തിയുള്ള സമാധാനചര്‍ച്ചയിലേക്കുള്ള പാലമായി അലാസ്‌ക ഉച്ചകോടി മാറുമെന്ന് സെലെന്‍സ്‌കി പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. 'യുദ്ധം മതിയാക്കാന്‍ സമയമായി. അതിനുവേണ്ടതു ചെയ്യേണ്ടതു റഷ്യയാണ്. അമേരിക്കയില്‍ ഞങ്ങള്‍ വിശ്വാസമര്‍പ്പിക്കുകയാണ്' സെലെന്‍സ്‌കി പറഞ്ഞു. സെലെന്‍സ്‌കിയെക്കൂടി ഉള്‍പ്പെടുത്തി അലാസ്‌കയില്‍ രണ്ടാമതൊരു ഉച്ചകോടി വൈകാതെ തന്നെ നടന്നു കാണാന്‍ ആഗ്രഹമുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News