വിസയില്ലാതെ യുകെയില്‍ എത്തുന്നവരെ എയര്‍പോര്‍ട്ടില്‍ വച്ച് തന്നെ തടവിലാക്കി തിരിച്ചയക്കും; അഫ്ഗാന്‍- സിറിയന്‍ കുടിയേറ്റക്കാരെ പുതിയ കരാറുണ്ടാക്കി മടക്കി അയക്കും; അഞ്ചു വര്‍ഷംകൊണ്ട് ആറ് ലക്ഷം കുടിയേറ്റക്കാര്‍ പുറത്ത്: ബ്രിട്ടനെ ശരിയാക്കാന്‍ റിഫോം യുകെ

Update: 2025-08-27 02:02 GMT

ലണ്ടന്‍: കുടിയേറ്റവിരുദ്ധ വികാരം ശക്തമാകുന്ന ബ്രിട്ടനില്‍, ജനങ്ങളെ ആകര്‍ഷിക്കാന്‍ പുതിയ കുടിയേറ്റ നയവിമായി റിഫോം യു കെ നേതാവ് നെയ്ജല്‍ ഫരാജ്. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അഞ്ച് വര്‍ഷത്തിനകം 6 ലക്ഷം അഭയാര്‍ത്ഥികളെ നാടുകടത്തുമെന്നാണ് അദ്ദേഹം പറയുന്നത്. ഇന്നലെ രാവിലെ ഓക്സ്‌ഫോര്‍ഡ്ഷയറില്‍ നടത്തിയ ഒരു പ്രസംഗത്തിലാണ്, ചാനല്‍ കടന്നെത്തുന്ന അഭയാര്‍ത്ഥികളുടെ പ്രശ്നം പരിഹരിക്കാനുള്ള, തന്റെ പാര്‍ട്ടിയുടെ 'ഓപ്പറേഷന്‍ റീസ്റ്റോറിംഗ് ജസ്റ്റിസ്' എന്ന പദ്ധതി വെളിപ്പെടുത്തിയത്. തെക്കന്‍ തീരങ്ങളില്‍ ചെറുയാനങ്ങള്‍ അതിക്രമിച്ചെത്തുന്നതില്‍ ബ്രിട്ടീഷ് ജനത പ്രകടിപ്പിക്കുന്ന അമര്‍ഷം ക്രമസമാധാനത്തിന് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

ചെറുയാനങ്ങളില്‍ അനധികൃത അഭയാര്‍ത്ഥികള്‍ ബ്രിട്ടനിലെത്തുന്നത് തടയാന്‍ കാര്യക്ഷമമായ മാര്‍ഗ്ഗം, ഉടനടി അവരെ പിടികൂടി തിരിച്ചയയ്ക്കുക എന്നത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.ഈ വിഷയത്തില്‍ ഇപ്പോള്‍ ജനങ്ങള്‍ നിരാശരരും രോഷാകുലരുമാണെന്നും അദ്ദേഹം പറഞ്ഞു. അനധികൃത അഭയാര്‍ത്ഥികളുടെ വരവ് കാര്യക്ഷമമായി തടയാന്‍ ആയാല്‍ മാത്രമെ ഭരണകൂടത്തിനു മേല്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാവുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പ്രധാനമന്ത്രി ആയാല്‍, ചാനലിലൂടെയും മറ്റ് വഴികളിലൂടെയും എത്തുന്ന എല്ലാ അനധികൃത അഭയാര്‍ത്ഥികളെയും അവര്‍ ബ്രിട്ടനില്‍ എത്തുമ്പോള്‍ തന്നെ പിടികൂടി നാട് കടത്തുമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.

പാര്‍ട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച്, അധികാരത്തിലേറി ആദ്യ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 6 ലക്ഷത്തോളം പേരെ നാടുകടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനെല്ലാം പുറമെ ബ്രിട്ടന്‍, യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹുമന്‍ റൈറ്റ്‌സ് (ഇ സി എച്ച് ആറ്റ്) വിടുമെന്നും കാലഹരണപ്പെട്ട മനുഷ്യാവകാശ നിയമങ്ങള്‍ എടുത്തു കളയുമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാന്‍, എരിത്രിയ തുടങ്ങിയ രാജ്യങ്ങളുമായി അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കുന്നതിനുള്ള കരാറുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം, വന്നെത്തുന്ന അഭയാര്‍ത്ഥികളെ റുവാണ്ട, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളില്‍ പാര്‍പ്പിക്കുന്ന കാര്യവും ആലോചിക്കും.

ബ്രിട്ടന്റെ ഓവര്‍സീസ് ടെറിട്ടറികളായ അസെന്‍ഷന്‍ ദ്വീപ് പോലുള്ള സ്ഥലങ്ങളിലേക്ക് അഭയാര്‍ത്ഥികളെ അയയ്ക്കുന്ന കാര്യവും പരിഗണിക്കും. ചാനലിന് കുറുകെ, മനുഷ്യക്കടത്ത് നടത്തുന്നക്രിമിനലുകള്‍ക്ക് സഹായകമാവുന്ന നയങ്ങളാണ് ബ്രിട്ടീഷ് - ഫ്രഞ്ച് സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു. 800 മില്യന്‍ പൗണ്ട് നല്‍കിയിട്ടുപോലും, അഭയാര്‍ത്ഥികള്‍ എത്തുന്ന ബോട്ടിന് ഫ്രഞ്ച് നാവിക ബോട്ടുകള്‍ എസ്‌കോര്‍ട്ട് നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളെ പിടികൂടി നാട് കടത്തുന്നതിനോടൊപ്പം അവര്‍ക്ക് സ്വമേധായാ നാട് വിടാനുള്ള അവസരവും ഒരുക്കും.

ഇതിനായി ഡിപ്പോര്‍ട്ടേഷന്‍ ആപ്പ് വികസിപ്പിക്കുകയും, ഇതിന്റെ സഹായത്തോടെ സ്വയം നാടുവിടാന്‍ ഒരുങ്ങുന്നവര്‍ക്ക് നാട്ടിലേക്കുള്ള സൗജന്യ വിമാന ടിക്കറ്റും 2500 പൗണ്ടിന്റെ സഹായധനവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം, അനധികൃതമായി എത്തുന്നവര്‍ക്ക് അഭയം നിഷേധിക്കുന്നതിനുള്ള നിയമം അടിയന്തിരമായി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയാല്‍ 18 മാസങ്ങള്‍ക്കുള്ളില്‍ ഉപയോഗിക്കാത്ത സൈനിക ആസ്ഥാനങ്ങളില്‍ ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ പണിതുയര്‍ത്തും. 24,000 പേരെ അവിടെ താമസിപ്പിക്കാന്‍ കഴിയും. ഇവര്‍ക്ക് ഈ കേന്ദ്രങ്ങള്‍ക്ക് പുറത്തുപോകാനോ അപ്പീല്‍ നല്‍കാനോ അനുവാദമുണ്ടായിരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ തിരികെ എടുക്കുന്നതിനായി താലിബന് ധനസഹായം നല്‍കും. ഇറാന്‍, എരിത്രിയ എന്നി രാജ്യങ്ങളില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളെയും അതാത് രാജ്യങ്ങളുമായി കരാറുകള്‍ ഉണ്ടാക്കി തിരിച്ചയക്കും. തങ്ങളുടെ പദ്ധതിക്ക് വരുന്ന മൊത്തം ചെലവായ 10 ബില്യന്‍ പൗണ്ടില്‍ 2 ബില്യന്‍ പൗണ്ട് അഭയാര്‍ത്ഥികളെ തിരികെ സ്വീകരിക്കാന്‍ തയ്യാറാകുന്ന രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാന്‍ കൂടിയായ സിയ യൂസഫും പറഞ്ഞു.

Tags:    

Similar News