നീണ്ട പഠന കോഴ്‌സുകള്‍ക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ നാല് വര്‍ഷം കൂടുമ്പോഴും വിസ പുതുക്കേണ്ടി വരും; പഠനം പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയില്‍ തങ്ങാനും ജോലി കണ്ടെത്താനുമുള്ള സമയമായ ഗ്രേസ് പിരീഡും വെട്ടിച്ചുരുക്കും; വിദ്യാര്‍ത്ഥികളുടെയും പ്രൊഫഷണലുകളുടെയും യുഎസ് സ്വപ്നങ്ങള്‍ക്ക് കനത്ത പ്രഹരമാകും; വിസ: ട്രംപ് കൂടുതല്‍ കടുത്ത നടപടികളിലേക്ക്
വാഷിംഗ്ടണ്‍: ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും പ്രൊഫഷണലുകളുടെയും സ്വപ്നങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച്, അമേരിക്കന്‍ വിസ നിയമങ്ങളില്‍ സമൂലമായ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അവതരിപ്പിക്കാന്‍ പോകുന്ന പുതിയ നയങ്ങള്‍, വിദേശ വിദ്യാര്‍ത്ഥികളെയും എക്സ്ചേഞ്ച് വിസിറ്റര്‍മാരെയും വിദേശ മാധ്യമ പ്രതിനിധികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പ്രധാനമായും നാല് വര്‍ഷത്തെ വിസ കാലാവധിയാണ് പുതിയ നിയമം മുന്നോട്ട് വെക്കുന്നത്. ഇതോടെ, നീണ്ട പഠന കോഴ്‌സുകള്‍ക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ നാല് വര്‍ഷം കൂടുമ്പോഴും വിസ പുതുക്കേണ്ടി വരും. ഇത് അവരുടെ പഠനത്തെയും തുടര്‍ന്നുള്ള താമസത്തെയും സാരമായി ബാധിക്കും. നിലവില്‍, പഠനത്തിന്റെ കാലാവധി അനുസരിച്ചായിരുന്നു വിസ അനുവദിച്ചിരുന്നത്. എന്നാല്‍ പുതിയ 'ഫോര്‍-ഇയര്‍ ക്യാപ്' പലര്‍ക്കും തിരിച്ചടിയാണ്.
വിദ്യാര്‍ത്ഥികള്‍ക്കുള്ള 'ഗ്രേസ് പിരീഡ്' വെട്ടിച്ചുരുക്കുന്നതും വലിയ പ്രതിസന്ധിയുണ്ടാക്കും. പഠനം പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയില്‍ തങ്ങാനും ജോലി കണ്ടെത്താനുമുള്ള സമയം ഈ ഗ്രേസ് പിരീഡ് നല്‍കിയിരുന്നു. ഇത് കുറയ്ക്കുന്നത്, പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പുതിയ തൊഴില്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള അവസരം ഇല്ലാതാക്കും. പെട്ടെന്നുള്ള ഈ നയമാറ്റം, പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളെ വലിയ സമ്മര്‍ദ്ദത്തിലാക്കും. വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കും സമാനമായ വെല്ലുവിളികളാണ് പുതിയ വിസ നിയമങ്ങള്‍ ഉയര്‍ത്തുന്നത്. അവരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും രാജ്യത്ത് തങ്ങുന്നതിനുള്ള സമയപരിധിയെയും ഇത് നേരിട്ട് ബാധിക്കും.
'ദി ടൈംസ് ഓഫ് ഇന്ത്യ'യാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. അമേരിക്കയില്‍ ഉപരിപഠനം സ്വപ്നം കാണുന്നവര്‍ക്കും അവിടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ വിസ പരിഷ്‌കരണങ്ങള്‍ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഒരുവശത്ത് ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുമ്പോള്‍, മറുവശത്ത് വിസ നിയമങ്ങളിലെ ഈ കടുത്ത നിയന്ത്രണങ്ങള്‍ ലക്ഷക്കണക്കിന് ആളുകളുടെ ഭാവിയെ അനിശ്ചിതത്വത്തിലാഴ്ത്തിയിരിക്കുകയാണ്. നൈപുണ്യവും കഴിവും അമേരിക്കന്‍ മണ്ണില്‍ എത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്, ഈ പുതിയ നിയമങ്ങള്‍ വലിയൊരു കടമ്പയായി മാറും എന്നതില്‍ സംശയമില്ലെന്നാണ് വിലയിരുത്തല്‍.
നാടുകടത്തല്‍ നയം കടുപ്പിക്കുകയാണ് ട്രംപ് ഭരണകൂടം എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് പുതിയ നിയമം വരുന്നത്. ഇതര രാജ്യക്കാര്‍ക്ക് നല്‍കിയ 5.5 കോടിയിലധികം വിസകള്‍ അമേരിക്ക പുനഃപരിശോധിക്കുന്നുവെന്ന കാര്യം കഴിഞ്ഞ വ്യാഴാഴ്ചയാണ് അറിയിച്ചത്. കാലാവധി കഴിഞ്ഞ താമസത്തിനും നിയമ ലംഘനങ്ങളുടെ പേരിലും ഏകദേശം 6,000 വിദ്യാര്‍ത്ഥി വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ബൃഹത്തായ പരിശോധന. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ എല്ലാ യുഎസ് വിസ ഉടമകളും തുടര്‍ച്ചയായ പരിശോധനയ്ക്ക് വിധേയരാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഭീഷണി മുഴക്കുകയും ചെയ്തു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം 12.8 ദശലക്ഷം ഗ്രീന്‍ കാര്‍ഡ് ഉടമകളും 3.6 ദശലക്ഷം പേര്‍ താല്‍ക്കാലിക വിസ ഉടമകളുമാണ് അമേരിക്കയില്‍ ഉണ്ടായിരുന്നത്.
വാണിജ്യ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പുതിയ വിസ നല്‍കുന്നത് ഭരണകൂടം ഉടന്‍ നിര്‍ത്തിവെച്ചതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രഖ്യാപിച്ചു. അയോഗ്യതയുടെ സൂചനകള്‍ ഉള്ള ഏത് സമയത്തും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിസ റദ്ദാക്കും എന്നാണ് മുന്നറിയിപ്പ്. അതില്‍ ഓവര്‍സ്റ്റേ, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, പൊതു സുരക്ഷയ്ക്ക് ഭീഷണികള്‍ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍, അല്ലെങ്കില്‍ ഒരു തീവ്രവാദ സംഘടനയ്ക്ക് പിന്തുണ നല്‍കല്‍ എന്നിവ പോലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്നതായി പറയുന്നു. സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വരെ പരിശോധനയ്ക്ക് വിധേയമാക്കുന്ന സാഹചര്യമാണ്. ഇസ്രയേല്‍ വംശ ഹത്യയ്ക്ക് എതിരെ കമന്റ് ഇട്ടവര്‍ പോലും നടപടിക്ക് വിധേയമായി. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളെ വിലങ്ങണിയിച്ച് തടവ് പുള്ളികളെ പോലെ തിരിച്ചയച്ചത് വിവാദമായിരുന്നു.