യുദ്ധം അവസാനിച്ച ശേഷം ഗാസ ഇന്റര്‍നാഷണല്‍ ട്രാന്‍സിഷണല്‍ അതോറിറ്റി വന്നേക്കും; ഗാസയിലെ താല്‍ക്കാലിക ഭരണകൂടത്തെ നയിക്കാന്‍ ടോണി ബ്ലെയര്‍ തയ്യാര്‍; ട്രംപും അനുകൂലിച്ചേക്കും; മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പുതിയ ദൗത്യത്തിന്; സമാധാന പ്രതീക്ഷയില്‍ ചര്‍ച്ചകള്‍

Update: 2025-09-26 05:28 GMT

ലണ്ടന്‍: ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിച്ചതിനുശേഷം ഗാസയില്‍ നിലവില്‍ വരുന്ന ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ തയ്യാറാണെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ട്. പ്രമുഖ പാശ്ചാത്യ മാധ്യമങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നോട്ട് വെച്ച പ്രധാന നിര്‍ദ്ദേശം യുദ്ധം അവസാനിച്ചതിന് ശേഷം ഗാസയുടെ ഭരണത്തിനായി ഗാസ ഇന്റര്‍നാഷണല്‍ ട്രാന്‍സിഷണല്‍ അതോറിറ്റി എന്ന താല്‍ക്കാലിക ഭരണകൂടം സ്ഥാപിക്കണം എന്നതായിരുന്നു.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ഈ അതോറിറ്റി സ്ഥാപിക്കപ്പെടുകയും പിന്നീട് ഫലസ്തീന്‍ അതോറിറ്റിക്ക് നിയന്ത്രണം കൈമാറാനുമാണ് സ്ഥാപനം നിര്‍ദ്ദേശിച്ചിരിക്കുന്നത്. വര്‍ഷങ്ങളോളം അതോറിറ്റി ഭരണം നടത്തിയതിന് ശേഷമായിരിക്കണം അധികാരം ഫലസ്തീന്‍ അധികൃതര്‍ക്ക് കൈമാറേണ്ടത് എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫലസ്തീന്‍ അതോറിറ്റിക്ക് പിന്നീട് അധികാരം കൈമാറാം എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ താന്‍ ഇടക്കാല സമിതിയുടെ തലവനാകാന്‍ തയ്യാറാണ് എന്നാണ് ടോണി ബ്ലെയര്‍ മുന്നോട്ട് വെച്ച വാഗ്ദാനം. ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിനായി നിശ്ചിത സമയം ചെലവഴിക്കാന്‍ തയ്യാറാണ് എന്നാണ് 72 കാരനായ ബ്ലെയര്‍ വ്യക്തമാക്കിയത്.

ഈ സംരംഭത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നര്‍, ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് എന്നിവരുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 27 ന് വൈറ്റ് ഹൗസില്‍ ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ഇരുവരും പദ്ധതി അവതരിപ്പിച്ചിരുന്നു. ട്രംപ് ഈ ആശയം അംഗീകരിക്കുകയും പിന്നീട് ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ തുര്‍ക്കി, പാകിസ്ഥാന്‍, ഇന്തോനേഷ്യ, അഞ്ച് അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളുമായി നടത്തിയ ചര്‍ച്ചകളില്‍് ഉന്നയിക്കുകയും ചെയ്തിരുന്നു.

ഒരുപക്ഷേ യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞേക്കും എന്ന്് ട്രംപ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ടോണി ബ്ലെയര്‍ മുമ്പ് 2015 വരെ യു.എന്‍, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, റഷ്യ എന്നിവ ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റ് ക്വാര്‍ട്ടറ്റിന്റെ പ്രത്യേക ദൂതനായി സേവനമനുഷ്ഠിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് അഭിപ്രായം പറയാന്‍ ബ്ലെയറിന്റെ വക്താവ് വിസമ്മതിച്ചു. ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വ്വേകളില്‍ സൂചിപ്പിക്കുന്നത് 25% ത്തിലധികം ഗാസ നിവാസികള്‍ യുദ്ധാനന്തര ഭരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള അന്താരാഷ്ട്ര ഇടപെടലിനെ പിന്തുണച്ചിരുന്നുവെന്നും മൂന്നിലൊന്ന് പേര്‍ ഫലസ്തീന്‍ അതോറിറ്റിയുടെ പങ്കിനെ പിന്തുണച്ചിരുന്നുവെന്നും ആണ്.

ഗാസയിലെ ഭരണത്തിനും സുരക്ഷയ്ക്കും ഫലസ്തീന്‍ അതോറിറ്റി സജ്ജമാണ് എന്നാണ് ഇന്നലെ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് വെളിപ്പെടുത്തിയത്. എന്നാല്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള സൈനികേതര മേഖലകളില്‍ പ്രാതിനിധ്യം വേണമെന്ന് ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫലസ്തീന്‍ അതോറിറ്റി ഗാസയിലേക്ക് തിരിച്ചുവരുന്നതിനെ ഇസ്രായേല്‍ അംഗീകരിച്ചിട്ടില്ല. പക്ഷേ പദ്ധതിയില്‍ കൃത്യമായി ഇടപെട്ടതായി റിപ്പോര്‍ട്ടുണ്ട്.

Tags:    

Similar News