ഡെന്മാർക്ക് ആകാശത്ത് ആശങ്കകൾ ഒഴിയുന്നില്ല; കഴിഞ്ഞ ദിവസം രാത്രിയും ഡ്രോണുകളുടെ സാന്നിധ്യം; സൈനിക താവളങ്ങൾക്ക് ചുറ്റും നിരീക്ഷണം ശക്തമാക്കി; പിന്നിൽ റഷ്യ തന്നയെന്ന് ഉറപ്പിച്ച് അധികൃതർ
കോപ്പൻഹേഗൻ: ഡെന്മാർക്കിലെ പ്രധാന സൈനിക താവളങ്ങൾക്ക് സമീപത്ത് ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്ന് ആശങ്ക വർധിച്ചു. കഴിഞ്ഞ ദിവസം രാത്രി 8:15 ഓടെയാണ് കരൂപ് എയർബേസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഡ്രോണുകൾ നിരീക്ഷിക്കപ്പെട്ടത്. ഇത് സംബന്ധിച്ച് ഡാനിഷ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെ "ഹൈബ്രിഡ് ആക്രമണം" എന്ന് വിശേഷിപ്പിച്ചെങ്കിലും റഷ്യൻ പങ്കാളിത്തത്തെക്കുറിച്ച് നിലവിൽ തെളിവുകളൊന്നും ലഭ്യമല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഡ്രോണുകൾ എവിടെ നിന്ന് വന്നെന്നതിനെക്കുറിച്ച് പോലീസ് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കരൂപ് എയർബേസിന് മുകളിലെ സിവിൽ വ്യോമഗതാഗതം താൽക്കാലികമായി നിർത്തലാക്കിയെങ്കിലും, അസമയത്ത് യാതൊരു വാണിജ്യ വിമാനസർവീസുകളും മേഖലയിലുണ്ടായിരുന്നില്ല. ഡാനിഷ് പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കരൂപ് എയർബേസ് ഡെന്മാർക്കിന്റെ ഏറ്റവും വലിയ സൈനിക കേന്ദ്രമാണ്. ഇവിടെ ഏകദേശം 3,500-ഓളം ജീവനക്കാർ പ്രവർത്തിക്കുന്നു. ഡാനിഷ് പ്രതിരോധ സേനയുടെ എല്ലാ ഹെലികോപ്റ്ററുകളും, വ്യോമനിരീക്ഷണ സംവിധാനങ്ങളും, പ്രതിരോധ കമാൻഡിന്റെ ഭാഗങ്ങളും ഇവിടെയാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും ഡെന്മാർക്കിലെ വിമാനത്താവളങ്ങൾക്ക് മുകളിൽ ഡ്രോണുകൾ കണ്ടത് ആശങ്ക വർദ്ധിപ്പിച്ചിരുന്നു. ബുധനാഴ്ച രാത്രിയോടെ ആൽബോർഗ്, ബില്ലണ്ട് വിമാനത്താവളങ്ങൾ ഡ്രോൺ സാന്നിധ്യം കാരണം അടച്ചിടേണ്ടി വന്നിരുന്നു. ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു.