ഈജിപ്തിലെ എല്‍-അരിഷിന് സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് ആദ്യം ഭരണം നടത്തുക; അമ്മാനിലും കെയ്‌റോയിലും നയപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള കേന്ദ്രങ്ങള്‍; മൂന്നാം വര്‍ഷത്തോടെ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും; ടോണി ബ്ലെയര്‍ ലോക വേദികളില്‍ ഗാസയുടെ അന്താരാഷ്ട്ര നയതന്ത്രത്തെ നയിക്കും; സുരക്ഷയ്ക്ക് പ്രത്യേക സൈനവും; ശതകോടികളുടെ പദ്ധതി; ഫലസ്തീന്‍ അതോറിറ്റിയുടെ ലക്ഷ്യം ഇങ്ങനെ

Update: 2025-09-30 04:24 GMT

ജെറുസലേം: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണിബ്ലെയറിന്റെ നേതൃത്വത്തില്‍ ഗാസയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുനരുദ്ധാരണ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നു. 300 മില്യണ്‍ പൗണ്ട് ചെലവഴിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. പുതിയ ഭരണകൂടത്തിന് അടിയന്തര ഘട്ടങ്ങളെ നേരിടാനുള്ള വാര്‍റൂം, അംഗരക്ഷകരുടെ സുരക്ഷ, ഗാസയില്‍ ക്രമസമാധാനം പാലിക്കുന്നതിനായി അന്താരാഷ്ടരതലത്തില്‍ കഴിവ് തെളിയിച്ച പോലീസ് സേന എന്നിവ ഇതിന്റെ ഭാഗമായി നടപ്പിലാക്കും.

ഇറാഖിനെതിരെ ബ്രിട്ടീഷ് സൈന്യത്തെ യുദ്ധത്തിന് അയച്ചതിനുശേഷം മിഡില്‍ ഈസ്റ്റില്‍ ബ്ലെയര്‍ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഇടപെടല്‍ ആയിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ചേഞ്ച് നിര്‍ദ്ദേശിച്ച ഗാസ ഇന്റര്‍നാഷണല്‍ ട്രാന്‍സിഷണല്‍ അതോറിറ്റിയുടെ ചെയര്‍മാനായി ചമുതലയേല്‍ക്കാന്‍ ടോണി ബ്ലെയര്‍ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ നേരത്തേ തന്നെ പുറത്തു വന്നിരുന്നു. ഈജിപ്തിലെ എല്‍-അരിഷിന് സമീപമുള്ള പ്രദേശങ്ങളില്‍ നിന്നായിരിക്കും അതോറിററി ആദ്യം ഭരണം നടത്തുക. അമ്മാനിലും കെയ്‌റോയിലും നയപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.

മൂന്നാം വര്‍ഷത്തോടെ ഗാസയില്‍ അതോറിററി പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. ടോണി ബ്ലെയര്‍ ലോക വേദികളില്‍ ഗാസയുടെ അന്താരാഷ്ട്ര നയതന്ത്രത്തെ നയിക്കുകയും, ഇസ്രായേല്‍, ഈജിപ്ത്, യുഎസ് എന്നിവയുമായി സുരക്ഷ ഏകോപിപ്പിക്കുകയും സുപ്രധാന തീരുമാനങ്ങളില്‍ പ്രധാന കണ്ണിയായി പ്രവര്‍ത്തിക്കുകയും ചെയ്യും. ഭരണപരമായ കാര്യങ്ങള്‍ വിശകലനം, ഏകോപനം എന്നിവ നടത്താനായി 25 പേരടങ്ങിയ ഒരു വാര്‍റൂമായിരിക്കും പ്രവര്‍ത്തിക്കുക. ചെയര്‍മാനായിരിക്കും ഈ സെക്രട്ടറിയേറ്റിന്റെ മൊത്തത്തിലുള്ള നിയന്ത്രണം വഹിക്കുക.

ടോണി ബ്ലെയര്‍, സഹപ്രവര്‍ത്തകര്‍, അവരെ സന്ദര്‍ശിക്കുന്ന വിഐപികള്‍ എന്നിവര്‍ക്ക് സംരക്ഷണം നല്‍കുന്ന ഒരു പുതിയ എക്സിക്യൂട്ടീവ് പ്രൊട്ടക്ഷന്‍ യൂണിറ്റും രൂപീകരിക്കും. ഇവര്‍ ഒരു ഫലസ്തീന്‍ സിവില്‍ പോലീസ് സേനയുമായും ഒരു ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്‌സുമായും സംയോജിച്ച് പ്രവര്‍ത്തിക്കും. ഇതെല്ലാം ഒരു ജോയിന്റ് സെക്യൂരിറ്റി കോര്‍ഡിനേഷന്‍ സെന്റര്‍ വഴി ഏകോപിപ്പിക്കപ്പെടും. ഗാസയിലെ ക്രമസമാധാനം നിലനിര്‍ത്തുക, കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുക, സാധാരണക്കാരെ സംരക്ഷിക്കുക എന്നിവ ഇവിടെ നിയോഗിക്കപ്പെടുന്ന പോലീസിന്റെ ചുമതലയായിരിക്കും.

അതേ സമയം ഒരു ബഹുരാഷ്ട്ര സേനയായ ഐഎസ്എഫ് അതിര്‍ത്തികള്‍ കാക്കും. ആയുധക്കടത്ത് തടയുന്നതും ഭീകരവിരുദ്ധ റെയ്ഡുകളിലൂടെ തീവ്രവാദികളുടെ നീക്കത്തെ തടയുന്നതും ഇവരുടെ ചുമതലയായിരിക്കും. ആദ്യ വര്‍ഷം അതോറിറ്റിയുടെ വാര്‍ഷിക ബജറ്റ് 67 മില്യണ്‍ പൗണ്ടായിരിക്കും. രണ്ടാം വര്‍ഷം 99 മില്യണ്‍ പൗണ്ടും മൂന്നാം വര്‍ഷം 122 മില്യണ്‍ പൗണ്ടുമായി ഉയരും.മൊത്തം ചെലവ് ഏകദേശം 300 മില്യണ്‍ പൗണ്ടായി ഉയരും എന്നാണ് കരുതപ്പെടുന്നത്.

ഗാസയിലെ രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സമാധാന പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു വൈറ്റ് ഹൗസ്. ബന്ദികളുടെ മോചനം, ഗാസയില്‍ നിന്നുള്ള ഇസ്രയേലി പിന്മാറ്റം, ഹമാസിന്റെ കീഴടങ്ങല്‍ നിബന്ധനകള്‍, ഫലസ്തീന്‍ പ്രദേശങ്ങള്‍ താല്‍ക്കാലികമായി ഭരിക്കുന്നതിന് നോണ്‍- പൊളിറ്റിക്കല്‍ സമിതി രൂപീകരണം, ഗാസക്ക് മാനുഷിക സഹായത്തിനുള്ള പദ്ധതി എന്നിവ ഉള്‍പ്പെടുന്നതാണ് സമാധാന പദ്ധതി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വൈറ്റ് ഹൗസിലെത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സമാധാന പദ്ധതി പുറത്തിറക്കിയത്.

യുദ്ധം ഉടനടി അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരാനും ഇസ്രയേലി സുരക്ഷയ്ക്കും ഫലസ്തീന്റെ വിജയത്തിനും സാഹചര്യങ്ങള്‍ സൃഷ്ടിക്കാനുമാണ് സമാധാന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അടിയന്തര വെടിനിര്‍ത്തല്‍, ഹമാസിന്റെ നിരായുധീകരണം, ഇസ്രയേല്‍ പിന്‍വാങ്ങല്‍ എന്നിവ ആവശ്യപ്പെടുന്ന സമാധാന പദ്ധതി അംഗീകരിച്ചതിന് നെതന്യാഹുവിനോട് ട്രംപ് നന്ദി പറഞ്ഞു. നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നതിനു മുന്നേടിയായി ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു മാപ്പ് ചോദിച്ചിരുന്നു.

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞമാസം ദോഹയില്‍ നടത്തിയ വ്യോമാക്രമണത്തിനാണ് നെതന്യാഹു ഖത്തറിനോടു മാപ്പുപറഞ്ഞത്. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍ താനിയെ ഫോണില്‍വിളിച്ചാണ് ഖത്തറിന്റെ പരമാധികാരത്തിനുമേല്‍ നടത്തിയ കടന്നുകയറ്റത്തിന് നെതന്യാഹു മാപ്പുപറഞ്ഞത്.

Tags:    

Similar News