ഖത്തറിന് നേരെയുള്ള ആക്രമണത്തെ അമേരിക്കയ്ക്ക് നേരെയുള്ള ഭീഷണിയായി കണക്കാക്കുന്നത് അറബ് സഖ്യ കക്ഷിയുമായുള്ള ബന്ധം ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തും; ഇനി ഖത്തറിനെ ആരാക്രമിച്ചാലും യുഎസ് ഉടന്‍ തിരിച്ചടിക്കും; നെതന്യാഹുവിന്റെ മാപ്പിന് പിന്നാലെ ട്രംപിന്റെ എക്‌സിക്യുട്ടീവ് ഉത്തരവ്; ഇത് നിര്‍ണ്ണായക നയതന്ത്ര നീക്കം

Update: 2025-10-02 00:48 GMT

വാഷിങ്ടന്‍: ഏതെങ്കിലും രാജ്യം ഖത്തറിനെ ആക്രമിച്ചാല്‍ സൈനിക നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ ഉറപ്പാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതു സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. മറ്റൊരു രാജ്യത്തിന് വേണ്ടി ഇത്തരത്തില്‍ ഉത്തരവ് ഇറക്കുന്നത് അസാധാരണ സംഭവമാണ്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടത്. ഈ ആക്രമണത്തില്‍ ഇസ്രയേല്‍ മാപ്പു പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഗാസയിലെ സമാധാനത്തിനുള്ള കരാര്‍ ഒപ്പിട്ടതും. ഖത്തറിന്റെ സുരക്ഷയെ അമേരിക്കന്‍ സുരക്ഷയായി കാണുന്ന ഈ നടപടി, മേഖലയിലെ അമേരിക്കയുടെ നയതന്ത്രത്തിലും സ്വാധീനത്തിലും നിര്‍ണ്ണായകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ഖത്തറിനെതിരായ ആക്രമണം യുഎസിന് ഭീഷണിയാണെന്നും ഖത്തറിന്റെ പരമാധികാരത്തിനോ അടിസ്ഥാന സൗകര്യങ്ങള്‍ക്കോ നേരെയുള്ള ഏതൊരു സായുധ ആക്രമണത്തെയും ഭീഷണിയായി കണക്കാക്കുമെന്നും എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നു. ''അത്തരമൊരു ആക്രമണം ഉണ്ടായാല്‍, യുഎസിന്റെയും ഖത്തറിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കില്‍ സൈനികവുമായ എല്ലാ നിയമപരവും ഉചിതവുമായ നടപടികളും അമേരിക്ക സ്വീകരിക്കും'' ട്രംപ് വ്യക്തമാക്കി. ഖത്തറില്‍ യുഎസ് സൈന്യത്തിന് താവളം ഉണ്ട്. പകരമായി ഖത്തറിന്റെ സുരക്ഷയും യുഎസ് ഉറപ്പാക്കുന്നുണ്ട്. എന്നിട്ടും യുഎസിന്റെ സഖ്യകക്ഷിയായ ഇസ്രയേല്‍ ദോഹയില്‍ ആക്രമണം നടത്തിയത് അമേരിക്കയ്ക്ക് നാണക്കേടായിരുന്നു. ഖത്തറിന്റെ പരമാധികാരത്തെ മറികടന്ന ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം മാപ്പു ചോദിച്ചിരുന്നു. ഖത്തര്‍ പ്രധാനമന്ത്രിയെ വിളിച്ചാണ് നെതന്യാഹു ഖേദം പ്രകടിപ്പിച്ചത്. ഇതിന് പിന്നിലും ട്രംപിന്റെ ഇടപെടലായിരുന്നു.

ഖത്തറിനെതിരായ ഏതൊരു വിദേശ ആക്രമണത്തിനും വേഗത്തിലുള്ളതും ഏകോപിതവുമായ പ്രതികരണം ഉറപ്പാക്കുന്നതിന്, സ്റ്റേറ്റ് സെക്രട്ടറിയുമായും നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുമായും ഏകോപിപ്പിച്ച് യുദ്ധ സെക്രട്ടറി, ഖത്തറുമായി സംയുക്ത പദ്ധതി നടത്തണമെന്നും ഉത്തരവിലുണ്ട്. സ്റ്റേറ്റ് സെക്രട്ടറി ഖത്തറിന് ഈ ഉറപ്പ് വീണ്ടും നല്‍കണം. തുടര്‍ന്ന് പരസ്പരം പിന്തുണ ഉറപ്പാക്കുന്നതിന് സഖ്യകക്ഷികളുമായും പങ്കാളികളുമായും ഏകോപനം നടത്തുകയും വേണമെന്ന് ട്രംപ് നിര്‍ദ്ദേശിക്കുന്നു. മധ്യപൂര്‍വ്വദേശവുമായുള്ള ട്രംപിന്റെ ബന്ധങ്ങളിലെ ശ്രദ്ധേയമായ ഒരു നീക്കമാണിത്. ഈ എക്‌സിക്യൂട്ടീവ് ഉത്തരവിലെ ഭാഷ വടക്കന്‍ അറ്റ്‌ലാന്റിക് ഉടമ്പടി സംഘടന (നാറ്റോ) അംഗരാജ്യങ്ങള്‍ക്ക് നല്‍കുന്ന സുരക്ഷാ ഉറപ്പുകളോട് ഏറെ സാമ്യമുള്ളതാണ്.

നാറ്റോയുടെ അഞ്ചാം വകുപ്പ് അനുസരിച്ച്, ഒരു അംഗരാജ്യത്തിന് നേരെ സായുധാക്രമണമുണ്ടായാല്‍ അത് എല്ലാ അംഗങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുകയും, സൈനിക ശക്തിയുള്‍പ്പെടെയുള്ള ആവശ്യമായ നടപടികള്‍ സ്വീകരിച്ച് സഹായിക്കുകയും ചെയ്യും. ഖത്തര്‍ നാറ്റോ അംഗമല്ലെങ്കിലും, 2022-ല്‍ ബൈഡന്‍ ഭരണകൂടം അതിനെ ഒരു പ്രധാന നോണ്‍-നാറ്റോ സഖ്യകക്ഷിയായി പ്രഖ്യാപിച്ചിരുന്നു. ഈ ഉത്തരവിന് നാറ്റോയുടെ സുരക്ഷാ ഗ്യാരണ്ടിയുമായി ചില നിര്‍ണായക വ്യത്യാസങ്ങളുണ്ട്. ട്രംപ് ഇത് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് നടപ്പിലാക്കിയത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം. ഇത് ഒരു നിയമപരമായി കെട്ടുറപ്പുള്ള ഉടമ്പടിയല്ല എന്നതും ശ്രദ്ധേയമാണ്.

ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഖത്തറിന് നേരെയുള്ള ആക്രമണത്തെ അമേരിക്കയ്ക്ക് നേരെയുള്ള ഭീഷണിയായി കണക്കാക്കുന്നത് ഈ അറബ് സഖ്യകക്ഷിയുമായുള്ള ബന്ധം ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നു.

Tags:    

Similar News