മാഞ്ചസ്റ്ററിലെ ജൂതപ്പള്ളിയില്‍ കയറി രണ്ട്‌പേരെ കുത്തിക്കൊന്നത് സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍; മൂന്ന് സഹായികളും അറസ്റ്റില്‍; ബ്രിട്ടനില്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് നേരെ ജനരോഷം കത്തിപ്പടരുന്നു; ആക്രമണം നടത്തിയത് യഹൂദരുടെ പുണ്യദിനത്തില്‍; പിന്നില്‍ തീവ്രവാദം തന്നെ

Update: 2025-10-03 01:37 GMT

ലണ്ടന്‍: മാഞ്ചസ്റ്ററിലെ ജൂതപ്പള്ളിയില്‍ വെച്ച് രണ്ടുപേരെ കുത്തിക്കൊന്നത് സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ ജിഹാദ് അല്‍ ഷാമി എന്ന 35 കാരനാണെന്ന് പോലീസ് വെളിപ്പെടുത്തി. ഹീറ്റണ്‍ പാര്‍ക്ക് സിനഗോഗില്‍ ഇന്നലെ രാവിലെ സംഭവം നടന്ന ഉടന്‍ തന്നെ സായുധ പോലീസ് ഇയാളെ വെടിവെച്ചു കൊന്നിരുന്നു. കുട്ടിയായിരിക്കെ യു കെയില്‍ എത്തിയ ഇയാള്‍ക്ക് 2006 ല്‍ ആയിരുന്നു ബ്രിട്ടീഷ് പൗരത്വം ലഭിച്ചത് എന്നാണ് കരുതുന്നത്.

ഈ തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്ത കുറ്റം ചുമത്തി പ്രായം 30 കളില്‍ ഉള്ള രണ്ട് പുരുഷന്മാരെയും 60 വയസ്സിലേറെ പ്രായമുള്ള ഒരു സ്ത്രീയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സിനഗോഗിന് വെളിയില്‍ നിന്ന ആളുകള്‍ക്കിടയിലേക്ക് കാറോടിച്ചു കയറ്റിയ ഷാമി പിന്നീട് ഒരാളെ കുത്തിക്കൊല്ലുകയായിരുന്നു. രണ്ട് യഹൂദ വംശജര്‍ കൊല്ലപ്പെട്ടപ്പോള്‍ മറ്റ് മൂന്ന് പേര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. യഹൂദവിശ്വാസം അനുസരിച്ച് ഏറ്റവും പുണ്യമായ ഒരു ദിവസമായി കരുതുന്ന യോം കിപ്പുര്‍ ദിവസമായിരുന്നു ആക്രമണം നടന്നത്.

കൊലയാളി ഒരു ഇസ്ലാമിക തീവ്രവാദിയാണെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും, കൊലയ്ക്ക് പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ ഷാമിയെ മറ്റ് ഏതെങ്കിലും കേസുകളുമായി ബന്ധിപ്പിക്കുന്ന രേഖകള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല. ഇക്കാര്യത്തിലും കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

ആക്രമണത്തില്‍ മരണമടഞ്ഞ ഇരുവരും പുരുഷന്മാരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കുപറ്റിയ മറ്റ് മൂന്ന് പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതില്‍ ഒരാള്‍ക്ക് കത്തിക്കുത്തിലാണ് പരിക്കേറ്റിരിക്കുന്നത്. മറ്റയാളെ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ബ്രിട്ടനില്‍ യഹൂദവിരുദ്ധത തഴച്ച് വളരുകയാണെന്ന് സര്‍ കീര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കി. ഒരു വലിയ ദുരന്തം ഒഴിവാക്കിയ സുരക്ഷാ സേനാംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. തികച്ചും ക്രൂരവും നിന്ദ്യവുമായ പ്രവൃത്തി എന്നാണ് ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹു ഇതിനെ വിശേഷിപ്പിച്ചത്. ബ്രിട്ടനിലെ ജൂതസമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തോടുള്ള മൃദുസമീപനം, അതിനെ കൂടുതല്‍ ശക്തമാക്കുകയേയുള്ളു എന്ന് താന്‍ ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Tags:    

Similar News