യുഎസ് നടപടികള്‍ മൂലം ഇന്ത്യ നേരിടുന്ന നഷ്ടം റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിലൂടെ സന്തുലിതമാക്കപ്പെടുത്തും; താരിഫ് നിരക്കില്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കുന്ന യുഎസ് നിലപാടിനെ വിമര്‍ശിച്ച് പുടിന്‍; ഇന്ത്യയെ സഹായിക്കുമെന്ന് പ്രഖ്യാപിച്ച് റഷ്യ; മോദിയെ പ്രശംസിച്ച് പുടിന്‍ ഉയര്‍ത്തുന്നത് എണ്ണ കച്ചവടത്തിലെ മറ്റൊരു സാധ്യത

Update: 2025-10-03 04:25 GMT

മോസ്‌കോ: താരിഫ് നിരക്കുമായി ബന്ധപ്പെട്ട് ഇന്ത്യയെ സമ്മര്‍ദത്തിലാക്കുന്ന യുഎസ് നിലപാടിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുമെന്നാണ് പുടിന്റെ പ്രതികരണം. യുഎസ് നടപടികള്‍ മൂലം ഇന്ത്യ നേരിടുന്ന നഷ്ടം റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിലൂടെ സന്തുലിതമാക്കപ്പെടുമെന്നും പുടിന്‍ പ്രതികരിച്ചു. ദക്ഷിണ റഷ്യയിലെ സോച്ചിയില്‍ ഇന്ത്യ ഉള്‍പ്പെടെ 140 രാജ്യങ്ങളില്‍ നിന്നുള്ള സുരക്ഷാ, ഭൗമരാഷ്ട്രീയ വിദഗ്ധരുടെ അന്താരാഷ്ട്ര വാല്‍ഡായ് ഉച്ചകോടിയിലാണ് പുട്ടിന്‍ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഇന്ത്യയെ ലോകത്തിന് മുന്നില്‍ അപമാനിക്കാനുള്ള ശ്രമങ്ങള്‍ റഷ്യ അനുവദിക്കില്ലെന്നും പുടിന്‍ വ്യക്തമാക്കി. സോവിയറ്റ് യൂണിയന്റെ കാലം മുതല്‍ റഷ്യ-ഇന്ത്യ ബന്ധങ്ങള്‍ക്ക് 'പ്രത്യേക' സ്വഭാവമുണ്ട്. സ്വാതന്ത്ര്യ സമര കാലത്ത് പോലും ഈ ബന്ധം ശക്തമായിരുന്നു. ഇന്ത്യ അതിനെ അതിനെ വിലമതിക്കുന്നു എന്നതില്‍ ഞങ്ങള്‍ നന്ദിയുള്ളവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃത്താണെന്നും ലക്ഷ്യബോധമുള്ള നേതാവാണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. യുക്രൈയ്ന്‍ യുദ്ധത്തിനായി പണം കണ്ടെത്തുന്നത് തടയാന്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ യൂറോപ്പ്, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളോട് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം.

യുഎസ് പ്രസിഡന്റിന്റെ തന്ത്രങ്ങള്‍ ഒടുവില്‍ അവര്‍ക്കുതന്നെ തിരിച്ചടിയാകുമെന്ന് പുട്ടിന്‍ മുന്നറിയിപ്പ് നല്‍കി. ഊര്‍ജ്ജനയത്തില്‍ ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ പുതിന്‍ എടുത്തുപറയുകയും ബാഹ്യ സമ്മര്‍ദ്ദങ്ങളെ ചെറുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ ജനങ്ങള്‍ രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കും. അവര്‍ ഒരിക്കലും അപമാനം സഹിക്കില്ല. എനിക്ക് പ്രധാനമന്ത്രി മോദിയെ അറിയാം. അദ്ദേഹം ഒരിക്കലും ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കില്ല എന്നും പുട്ടിന്‍ പറഞ്ഞു.

എണ്ണവ്യാപാരത്തില്‍ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ അര്‍ത്ഥശൂന്യം എന്നാണ് പുതിന്‍ വിശേഷിപ്പിച്ചത്. ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നത് നിര്‍ത്തിയാല്‍ ഒമ്പതു മുതല്‍ പത്തുവരെ ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകും. പുറത്തുനിന്നുള്ള ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ട കാര്യം ഇന്ത്യക്കില്ല. റഷ്യന്‍ എണ്ണവിതരണം വെട്ടിക്കുറയ്ക്കുന്നത് ആഗോള വിപണിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇത് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയര്‍ത്തുകയും ആഗോള വളര്‍ച്ചയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും പുട്ടിന്‍ മുന്നറിയിപ്പ് നല്‍കി.

റഷ്യന്‍ എണ്ണയുടെ പേരില്‍ അമേരിക്ക ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും സമ്മര്‍ദ്ദത്തിലാക്കുമ്പോള്‍, സ്വന്തം ആണവോര്‍ജ്ജ വ്യവസായത്തിനായി റഷ്യന്‍ യുറേനിയത്തെയാണ് അവര്‍ വളരെയധികം ആശ്രയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആണവ നിലയങ്ങള്‍ ഉപയോഗിക്കുന്ന ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ് അമേരിക്ക. അമേരിക്കന്‍ വിപണിയിലേക്ക് യുറേനിയം വിതരണം ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് റഷ്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താരിഫുകളിലൂടെ റഷ്യയുടെ വ്യാപാര പങ്കാളികളെ ശിക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കുമെന്ന് പുട്ടിന്‍ പറഞ്ഞു. ഇങ്ങനെ സംഭവിച്ചാല്‍ പലിശനിരക്ക് ഉയര്‍ത്തേണ്ടി വരുമെന്നും ഇത് അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കുമെന്നും പുട്ടിന്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News