ഇസ്രായേല്‍ ബന്ദികളെ തിങ്കളാഴ്ച രാവിലെ മുതല്‍ മോചിപ്പിക്കാന്‍ തുടങ്ങുമെന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍; മരിച്ച എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയുമോ എന്ന് ആശങ്ക; ട്രംപ് ഇസ്രയേലില്‍ എത്തും; അമേരിക്കന്‍ സൈന്യം ഗാസയില്‍ പോവുകയുമില്ല; എല്ലാം പ്രതീക്ഷിച്ച പോലെ മുമ്പോട്ട് പോയേക്കും
ഗാസ: ഇസ്രായേല്‍ ബന്ദികളെ തിങ്കളാഴ്ച രാവിലെ മുതല്‍ മോചിപ്പിക്കാന്‍ തുടങ്ങുമെന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ അറിയിച്ചുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതി പ്രകാരം ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വെള്ളിയാഴ്ച ഗാസയില്‍ നിന്ന് ഭാഗികമായി പിന്‍വാങ്ങിയതിന് പിന്നാലെയാണ് ഈ നിര്‍ണായക പ്രഖ്യാപനം. എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് സംസാരിച്ച ഹമാസ് ഉദ്യോഗസ്ഥന്‍ ഒസാമ ഹംദാന്‍, 'ഒപ്പുവെച്ച കരാര്‍ അനുസരിച്ച്, തിങ്കളാഴ്ച രാവിലെ മുതല്‍ തടവുകാരെ കൈമാറ്റം ചെയ്യാന്‍ തുടങ്ങും, ഈ വിഷയത്തില്‍ പുതിയ മാറ്റങ്ങളൊന്നുമില്ല' എന്ന് വ്യക്തമാക്കി.
ബന്ദികളാക്കപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഹമാസിന് കഴിഞ്ഞേക്കില്ലെന്ന ആശങ്കകള്‍ ശക്തമാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ബന്ദികളാക്കപ്പെട്ട് മരിച്ച 28 പേരുടെ മൃതദേഹങ്ങള്‍ കൈമാറുന്നതിനുള്ള സമയപരിധി നാളെ ഉച്ചയോടെ അവസാനിക്കാനിരിക്കെയാണ് ഈ സാഹചര്യം. ചില മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നുണ്ടെന്നും ഇത് ഒരു ദുരന്തമാണെന്നും ട്രംപ് പ്രസ്താവിച്ചു. സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി, 28 മൃതദേഹങ്ങളും 20 ജീവനുള്ള ബന്ദികളെയും നാളെ പ്രാദേശിക സമയം ഉച്ചയ്ക്ക് മുന്‍പ് തിരിച്ചേല്‍പ്പിക്കാന്‍ ഹമാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സമയപരിധിക്കുള്ളില്‍ മൃതദേഹങ്ങള്‍ കൈമാറാന്‍ കഴിഞ്ഞില്ലെങ്കില്‍, സമാധാന പദ്ധതിയുടെ അടുത്ത ഘട്ടങ്ങള്‍ സങ്കീര്‍ണ്ണമാവുകയും തങ്ങളുടെ പ്രിയപ്പെട്ടവരെ അടക്കം ചെയ്യാന്‍ ആഗ്രഹിക്കുന്ന ബന്ധുക്കളുടെ വേദന വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
48 ഇസ്രായേല്‍ ബന്ദികളെ, അതില്‍ 20 പേര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇവരെ മോചിപ്പിക്കാനുള്ള 72 മണിക്കൂര്‍ സമയപരിധി ആരംഭിച്ചിട്ടുണ്ട്. ട്രംപിന്റെ കരാര്‍ പ്രകാരം, അവശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിന് പകരമായി ഏകദേശം 2,000 ഫലസ്തീന്‍ തടവുകാരെയാണ് ഹമാസിന് ലഭിക്കുക. ഇതിന്റെ ഭാഗമായി ഇസ്രായേല്‍ സൈന്യം ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങളില്‍ നിന്നും പിന്‍വാങ്ങും. നിലവില്‍, ഗാസയുടെ 53 ശതമാനം പ്രദേശത്തിന്മേല്‍ ഇസ്രായേല്‍ സൈന്യത്തിന് ഇപ്പോഴും നിയന്ത്രണമുണ്ട്. ഗാസയില്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന മരിച്ച ബന്ദികളില്‍ ചിലരെ ഹമാസ് തിരയുന്നുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന്, കാണാതായ മരിച്ച ബന്ദികളെ കണ്ടെത്താനായി ഇസ്രായേല്‍, യുഎസ്, ഈജിപ്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക ദൗത്യസംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.
ഗാസയിലെ സമാധാന പ്രഖ്യാപനത്തിനായി ഡോണള്‍ഡ് ട്രംപ് പശ്ചിമേഷ്യയില്‍ എത്തുന്നുണ്ട്. ഈജിപ്തും ഇസ്രയേലും സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഇസ്രയേല്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കും. മാനുഷിക സഹായവുമായി നൂറുകണക്കിന് ട്രക്കുകള്‍ ഗാസയില്‍ പ്രവേശിക്കും. ബന്ദി കൈമാറ്റം തുടങ്ങുന്നത് ഇന്ന് വൈകിട്ടോടെ തീരുമാനമാകും. ഗാസയ്ക്കിന്ന് ചരിത്ര പ്രാധാന്യമുള്ള ദിനമാണ്. ഈജിപ്തില്‍ അമേരിക്കന്‍ പ്രസിഡന്റ് എത്തുന്നതോടെ ബന്ദി കൈമാറ്റം തുടങ്ങുകയും സമാധാന കരാര്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നത് കാത്തിരിക്കുകയാണ് ഗാസ ജനത. ഈജിപ്തില്‍ നിന്ന് ടെല്‍ അവീവിലെത്തുന്ന ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കും. ഇസ്രയേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുകളില്‍ പ്രശംസ നേടുന്ന തരത്തിലാണ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടല്‍ എത്തി നില്‍ക്കുന്നത്. ഇതിനുമുന്‍പുള്ള വരവിലാണ് സിറിയക്ക് മേലുള്ള ഉപരോധം ട്രംപ് എടുത്തു മാറ്റിയത്. ഗാസയില്‍ മുന്‍ വെടിനിര്‍ത്തലുകളെ അപേക്ഷിച്ച് ഇത്തവണ വലിയ തര്‍ക്കങ്ങള്‍ ഇതിനോടകം കുറവാണ്.
മോചിപ്പിക്കപ്പെട്ടവരെ കാണുന്നതിന് മുമ്പായി, ട്രംപ് തിങ്കളാഴ്ച ജെറുസലേമിലെ ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റില്‍ ഒരു ചരിത്രപരമായ പ്രസംഗം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് ലോക നേതാക്കളോടൊപ്പം ഗാസയെക്കുറിച്ചുള്ള ഉച്ചകോടിക്കായി അദ്ദേഹം ഈജിപ്തിലേക്ക് തിരിക്കും. ഗാസയില്‍ നിന്ന് സൈന്യം പിന്‍വാങ്ങുന്ന നടപടികള്‍ നിരീക്ഷിക്കുന്നതിനും മാനുഷിക സഹായം എത്തിക്കുന്നതിനും അറബ്, മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള സമാധാന സേനയെ ഏകോപിപ്പിക്കുന്നതിനും വേണ്ടിയായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡില്‍ നിന്നുള്ള ഏകദേശം 200 അമേരിക്കന്‍ സൈനികരെ ഇസ്രായേലിലേക്ക് അയച്ചിട്ടുണ്ട്. അമേരിക്കന്‍ സൈനികനും ഗാസയുടെ മണ്ണില്‍ പ്രവേശിക്കില്ലെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇസ്രായേലും ഹമാസും തന്റെ സമാധാന പദ്ധതിയുടെ 'ആദ്യഘട്ടം' അംഗീകരിച്ചതായി ബുധനാഴ്ച രാത്രി ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഗാസയുടെ ഭാവി ചര്‍ച്ച ചെയ്യുന്നതിനായി ബ്രിട്ടണ്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഖത്തര്‍, യുഎഇ, ജോര്‍ദാന്‍, തുര്‍ക്കി, സൗദി അറേബ്യ, പാകിസ്ഥാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ അദ്ദേഹം ഈജിപ്തിലേക്ക് പോവുകയും ചെയ്തു.