ഹമാസ് ഭീകരര്‍ കാമുകിയെയും ഉറ്റസുഹൃത്തിനെയും ക്രൂരമായി കൊലപ്പെടുത്തുന്നത് നേരില്‍ കണ്ടത് കടുത്ത മാനസികാഘാതമായി; രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അമ്മയും ജീവനൊടുക്കി; നോവ സംഗീതോല്‍സവത്തിലെ ക്രൂരതയുടെ വേദനകള്‍ മായുന്നില്ല; 29കാരന്റെ ആത്മഹത്യയില്‍ തേങ്ങി ഇസ്രയേലികള്‍

Update: 2025-10-12 02:14 GMT

ടെല്‍ അവീവ്: 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട 29-കാരനായ റോയി ഷാലേവ് ആത്മഹത്യ ചെയ്തു. ഹമാസ് ഭീകരര്‍ കാമുകിയെയും ഉറ്റസുഹൃത്തിനെയും ക്രൂരമായി കൊലപ്പെടുത്തുന്നത് നേരില്‍ കണ്ടതിന് ശേഷമുണ്ടായ കടുത്ത മാനസികാഘാതം സഹിക്കാനാവാതെയാണ് ഇദ്ദേഹം ജീവനൊടുക്കിയത്. ടെല്‍ അവീവിനടുത്തുള്ള ഒരു കത്തിക്കരിഞ്ഞ കാറില്‍ നിന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം റോയിയുടെ മൃതദേഹം കണ്ടെത്തിയത്. താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് സൂചിപ്പിച്ച് റോയി സാമൂഹിക മാധ്യമങ്ങളില്‍ ഒരു സന്ദേശം പങ്കുവെച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആത്മഹത്യ.

രണ്ടു വര്‍ഷം നീണ്ട ഗാസാ യുദ്ധം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാനുള്ള കരാര്‍ തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ ഈജിപ്തിലെ ഷാം എല്‍ ഷേഖില്‍ ഒപ്പുവയ്ക്കുമെന്ന് സൂചന. തിങ്കളാഴ്ചത്തെ ഉച്ചകോടിയില്‍ അറബ്, പാശ്ചാത്യ രാജ്യങ്ങളിലെ ഒട്ടേറെ നേതാക്കളും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗാസ സമാധാനത്തിന് ട്രംപ് മുന്നോട്ടുവച്ച 20 ഇന പദ്ധതിയിലെ ആദ്യ ഘട്ടമാണ് ഹമാസും ഇസ്രയേലും നേരത്തേ അംഗീകരിച്ചത്. ഇതു പ്രകാരമുള്ള വെടിനിര്‍ത്തലാണ് ഇപ്പോള്‍ പ്രാബല്യത്തിലായിരിക്കുന്നത്. ഗാസാ യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുന്നത് അടക്കം പദ്ധതിയിലെ അവശേഷിക്കുന്ന നിര്‍ദേശങ്ങള്‍കൂടി അംഗീകരിക്കുന്ന കരാറായിരിക്കും തിങ്കളാഴ്ച ഈജിപ്തില്‍ ഒപ്പുവയ്ക്കപ്പെടുക. ഇതിനിടെയാണ് റോയി ഷാലേവിന്റെ ആത്മഹത്യയും വാര്‍ത്തകളില്‍ എത്തുന്നത്.

'ഞാന്‍ ക്ഷമ ചോദിക്കുന്നു. ഈ വേദന എനിക്ക് താങ്ങാന്‍ കഴിയില്ല. ഞാന്‍ ഉള്ളില്‍ എരിഞ്ഞടങ്ങുകയാണ്, എനിക്കിത് അടക്കാനാവുന്നില്ല. എന്റെ ജീവിതത്തില്‍ ഇത്രയധികം ദുരിതവും വേദനയും അനുഭവിച്ചിട്ടില്ല,' റോയി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കുറിച്ചു. ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് കടന്ന ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നോവ സംഗീതോത്സവത്തില്‍ വെച്ച് റോയിയുടെ കാമുകി മപല്‍ ആദമിനെയും ഉറ്റസുഹൃത്ത് ഹിലി സോളമനെയും ക്രൂരമായി കൊലപ്പെടുത്തുന്നത് സ്വന്തം കണ്ണുകൊണ്ട് കാണേണ്ടി വന്നു. ആക്രമണത്തിനിടെ വെടിയേറ്റ റോയി കാറുകള്‍ക്കടിയില്‍ ഒളിക്കാന്‍ ശ്രമിക്കുകയും മണിക്കൂറുകളോളം മരിച്ചതായി നടിക്കുകയുമായിരുന്നു.

ഈ ആക്രമണം ഇസ്രായേലിനെ ആഴത്തില്‍ ഞെട്ടിക്കുകയും അതിജീവിച്ചവരില്‍ കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഹമാസ് ആക്രമണത്തിന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ റോയിയുടെ അമ്മയും ആത്മഹത്യ ചെയ്തിരുന്നു. ഇത് റോയിക്ക് കടുത്ത വൈകാരിക ആഘാതം നല്‍കിയതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോയിയുടെ മരണത്തെത്തുടര്‍ന്ന്, ആക്രമണത്തിലെ അതിജീവിച്ചവര്‍ക്ക് കൂടുതല്‍ മാനസികാരോഗ്യ പിന്തുണ നല്‍കണമെന്ന് ഇസ്രയേലിലെ വിവിധ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 7 ആക്രമണത്തിന്റെ ഭീകരതയുടെ മാനസികാഘാതം ഇസ്രായേല്‍ സമൂഹത്തില്‍ എത്രത്തോളം രൂക്ഷമായി തുടരുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ സംഭവമെന്നും അവര്‍ പറയുന്നു.

ഹമാസിന്റെ നിരായുധീകരണം, ഗാസയുടെ ഭരണം തുടങ്ങിയ നിര്‍ദേശങ്ങളില്‍ തീരുമാനം ആയില്ലെങ്കിലും വെടിനിര്‍ത്തല്‍ തകരില്ലെന്ന് ട്രംപ് കഴിഞ്ഞദിവസം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഹമാസ് ഇസ്രേലി ബന്ദികളെ മോചിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ദികളെ കൈമാറാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിവരെയാണ് ഹമാസിനു സമയമുള്ളത്. ഇസ്രേലി ജയിലുകളിലുള്ള 1950 ഫലസ്തീന്‍ തടവുകാരും ഇതോടൊപ്പം മോചിതരാകും. ഗാസയില്‍ 48 ഇസ്രേലി ബന്ദികളാണ് അവശേഷിക്കുന്നത്. ഇതില്‍ ജീവനോടെയുള്ള 20 പേരെയാണ് തിങ്കളാഴ്ചയ്ക്കുള്ളില്‍ ഹമാസ് മോചിപ്പിക്കേണ്ടത്. അവശേഷിക്കുന്നതില്‍ 26 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു പേരുടെ സ്ഥിതി വ്യക്തമല്ല.

Tags:    

Similar News