ഹമാസ് മോചിപ്പിക്കുന്ന ബന്ദികളെ നേരില്‍ കാണാന്‍ ട്രംപ് എത്തി; റെഡ് ക്രോസിന്റെ പത്ത് വാഹനങ്ങളില്‍ അവരെ തിരികെ എത്തിക്കും; തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കി ചരിത്ര നിമിഷത്തിനുള്ള കാത്തിരിപ്പില്‍ ഇസ്രയേല്‍; ഈജിപ്തിലെ ഉച്ചകോടിയില്‍ ഇസ്രയേല്‍ പങ്കെടുക്കില്ല; ഇനി സര്‍വ്വത്ര സമാധാനമെന്ന് പ്രഖ്യാപിച്ച് ട്രംപ്; പശ്ചിമേഷ്യ സമാധാനത്തിലേക്ക്
ടെല്‍ അവീവ്: ഇസ്രയേലും ഹമാസും തമ്മില്‍ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നാലെ, ഹമാസിന്റെ തടവില്‍ കഴിഞ്ഞിരുന്ന 20 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നത് നേരില്‍ കാണാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിലെത്തി. ഒഭീകരാക്രമണങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷം നീണ്ട യുദ്ധത്തിന് ശേഷം സുരക്ഷിതരായി തിരിച്ചെത്തുന്ന അവസാനത്തെ ജീവിച്ചിരിക്കുന്ന ബന്ദികളാണ് ഇവര്‍. ഇസ്രയേലും ഹമാസും ഇനി യുദ്ധം ചെയ്യില്ലെന്ന പ്രഖ്യാപനവും ട്രംപ് നടത്തിയിട്ടുണ്ട്.
സമാധാന കരാറിന്റെ ഭാഗമായി 28 ബന്ദികളുടെ മൃതദേഹങ്ങളും വിട്ടുനല്‍കാന്‍ ഹമാസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ചില മൃതദേഹങ്ങള്‍ നഷ്ടപ്പെട്ടോ എന്ന ആശങ്ക വര്‍ധിച്ചുവരികയാണ്. റെഡ് ക്രോസിന്റെ പത്ത് വാഹനങ്ങള്‍ ബന്ദികളെ തിരികെ കൊണ്ടുവരാന്‍ ഗാസയിലേക്ക് പോകുമെന്നും, പ്രത്യേക കൈമാറ്റ ചടങ്ങുകളൊന്നും ഉണ്ടായിരിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗസയില്‍നിന്നു മോചിതരാകുന്ന ബന്ദികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകള്‍ ഇസ്രയേല്‍ പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഇസ്രേലി ജനത ഉത്കണ്ഠയോടെ ബന്ദികള്‍ക്കായി കാത്തിരിക്കുന്നതായി പ്രസിഡന്റ് ഐസക് ഹെര്‍സോഗും പറഞ്ഞു.
ബന്ദി മോചനത്തിനു കൃത്യസമയം നിശ്ചയിച്ചിട്ടില്ലെന്നാണു സൂചന. ഇന്ന് രാവിലെ മുതല്‍ ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് വൃത്തങ്ങള്‍ ഇന്നലെ പറഞ്ഞു. സ്വകാര്യമായി നടത്തുന്ന ബന്ദിമോചനത്തില്‍ മാധ്യമങ്ങളെ അനുവദിക്കില്ലെന്നാണു സൂചന. റെഡ് ക്രോസ് ആയിരിക്കാം ബന്ദികളെ സ്വീകരിച്ച് ഇസ്രയേലിനു കൈമാറുകയെന്നും സൂചനയുണ്ട്. ഇസ്രേലി സേനയും ആശുപത്രി സംവിധാനങ്ങളും ബന്ദികളെ സ്വീകരിക്കാനുള്ള എല്ലാവിധ തയാറെടുപ്പുകളും പൂര്‍ത്തിയാക്കി.
ബന്ദി മോചനം സാധ്യമാക്കിയ യുഎസ് പ്രസിഡന്റ് ട്രംപിനു നന്ദി പറഞ്ഞ് ഇസ്രേലി ജനതയും സജീവമാണ്. കഴിഞ്ഞ ദിവസം രാത്രി ടെല്‍ അവീവ് നഗരത്തില്‍ നടന്ന റാലിയില്‍ പതിനായിരക്കണക്കിന് ഇസ്രേലികളാണു പങ്കെടുത്തത്. ട്രംപിനു നന്ദി പറയുന്ന മുദ്രാവാക്യങ്ങള്‍ റാലിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ട്രംപിന്റെ മകള്‍ ഇവാങ്ക, ഇവാങ്കയുടെ ഭര്‍ത്താവ് ജാരദ് കുഷ്‌നര്‍, യുഎസിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്തു. വിറ്റ്‌കോഫ് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിന്റെ പേര് പരാമര്‍ശിക്കവേ കൂക്കിവിളികളുണ്ടായി.
ഇതിനിടെ, ഇസ്രേലി സേന പിന്മാറിയ ഗാസ പ്രദേശങ്ങളിലേക്ക് ഫലസ്തീനികള്‍ തിരികെയെത്തിക്കൊണ്ടിരിക്കുകയാണ്. തെക്കന്‍ ഗാസയില്‍നിന്ന് അഞ്ചു ലക്ഷം പേര്‍ വടക്കന്‍ ഗാസയില്‍ തിരിച്ചെത്തിയതായി ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു. ഭൂരിഭാഗം പേരുടെയും പാര്‍പ്പിടങ്ങള്‍ നശിച്ചനിലയിലാണ്. ഗാസയിലേക്കു സഹായവസ്തുക്കള്‍ കടത്തിവിടുന്നതായി ഇസ്രയേല്‍ അറിയിച്ചു. വ്യാഴാഴ്ചതന്നെ 500 ട്രക്ക് വസ്തുക്കള്‍ കടത്തിവിട്ടിരുന്നു.
ഗാസയില്‍ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുലരാനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ചതും ഇസ്രയേലും ഹമാസും അംഗീകരിച്ചതുമായ ഇരുപതിന പദ്ധതി ചര്‍ച്ചചെയ്യാനുള്ള രാജ്യാന്തര ഉച്ചകോടിയും ഇന്ന് നടക്കും. ഗാസയില്‍ വെടിനിര്‍ത്തല്‍ തുടരുന്നതിനിടെയാണ് ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖില്‍ ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയുടെയും അധ്യക്ഷതയില്‍ ഇരുപതോളം ലോകനേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടി. എന്നാല്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇസ്രയേല്‍ പ്രതിനിധികളാരും എത്തില്ല. ഇസ്രയേലില്‍ നിന്ന് ആരെയും അയയ്ക്കില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വക്താവ് ഷോഷ് ബെഡ്രോസിയന്‍ എഎഫ്പിയോടു പ്രതികരിച്ചു. നെതന്യാഹു എത്തുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതിനിടെയാണ് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്.
ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍, തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജ മെലോനി, സ്‌പെയിന്‍ പ്രധാനമന്ത്രി പെദ്രോ സാഞ്ചെസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേല്‍, പലസ്തീന്‍ ജനതകളുടെ ന്യായമായ ആവശ്യങ്ങളെ ബഹുമാനിച്ചുകൊണ്ടുള്ള തുടര്‍ചര്‍ച്ചകളുമായി സമാധാന വഴിയില്‍ എല്ലാവരും ധൈര്യപൂര്‍വം മുന്നോട്ടു നീങ്ങണമെന്ന് ഉച്ചകോടിക്ക് ആശംസ നേര്‍ന്നുകൊണ്ടു ലിയോ മാര്‍പാപ്പ പറഞ്ഞു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ കര്‍മപദ്ധതിക്കൊപ്പം പശ്ചിമേഷ്യയില്‍ സുസ്ഥിരമായ സമാധാനം പുലര്‍ന്നു കാണുന്നതിനു വേണ്ട നടപടികളും ഉച്ചകോടി സമഗ്രമായി ചര്‍ച്ചചെയ്യും. അതേസമയം, ഗാസ സമാധാന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് ഇന്ത്യയെ പ്രതിനിധീകരിക്കും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയും ശനിയാഴ്ചയാണ് ഉച്ചകോടിയിലേക്കു മോദിയെ ക്ഷണിച്ചത്.