ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 445 സീറ്റുകളുമായി നൈജല്‍ ഫരാജ് പ്രധാനമന്ത്രിയാകും; ലേബര്‍ പാര്‍ട്ടി 73 സീറ്റും ലിബറല്‍ ഡമോക്രാറ്റുകള്‍ 42 സീറ്റും വീതം നേടുമ്പോള്‍ വെറും ഏഴു സീറ്റോടെ ടോറികള്‍ ആറാമതാവും: ബ്രിട്ടണിലെ രാഷ്ട്രീയം മാറുന്നു

Update: 2025-10-16 03:14 GMT

ലണ്ടന്‍: ഏറ്റവും അവസാനം നടന്ന അഭിപ്രായ സര്‍വ്വേ ഫലം സത്യമാവുകയാണെങ്കില്‍, ആധുനിക ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ റിഫോം യു കെ നേതാവ് നെയ്ജല്‍ ഫരാജ് പ്രധാനമന്ത്രിയാകും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വെറും ഏഴ് സീറ്റുകളില്‍ ഒതുങ്ങുമെന്നും ഞെട്ടിക്കുന്ന മെഗാപോള്‍ ഫലം. തെരഞ്ഞെടുപ്പ് നാളെയാണ് നടക്കുന്നതെങ്കില്‍, ലേബര്‍പാര്‍ട്ടിയുടെ നില 73 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും സര്‍വ്വേ ഫലത്തില്‍ പറയുന്നു.

അതേസമയം, വോട്ട് മാറി കുത്തല്‍ നടന്നാല്‍ അത് റിഫോമിന് അധികാരത്തിലെത്താനുള്ള വഴി തടയും. മൂന്നിലൊന്നില്‍ അധികം ലേബര്‍ വോട്ടര്‍മാര്‍ പറഞ്ഞത്, റിഫോം അധികാരത്തിലെത്താതിരിക്കാന്‍ തങ്ങള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ട് നല്‍കും എന്നായിരുന്നു. കമ്മ്യുണിക്കേഷന്‍ സ്ഥാപനമായ പി എല്‍ എം ആര്‍, എലക്റ്ററല്‍ കാല്‍കുലസുമായി ചേര്‍ന്ന് നടത്തിയ എം ആര്‍ പി പോളിന്റെ ഫലം ഡെയ്ലി മെയില്‍ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മള്‍ട്ടിലെവല്‍ റിഗ്രഷന്‍ ആന്‍ഡ് പോസ്റ്റ്- സ്ട്രാറ്റിഫിക്കേഷന്‍ അഥവാ എം ആര്‍ പി ഓരോ പാര്‍ട്ടിയും എത്ര സീറ്റ് വീതം നേടും എന്നത് കൂടുതല്‍ കൃത്യതയോടെ പ്രവചിക്കും എന്നാണ് വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന കാര്യം. ലിബറല്‍ ഡെമോക്രാറ്റുകള്‍ 42 സീറ്റുകളില്‍ വിജയിക്കുമ്പോള്‍, എസ് എന്‍ പി 41 സീറ്റിലും ജെറെമി കോര്‍ഡന്റെ യുവര്‍ പാര്‍ട്ടി 13 സീറ്റിലും വിജയിക്കും. അതേസമയം, കേവലം ഏഴ് സീറ്റുകള്‍ മാത്രം നേടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആറാം സ്ഥാനത്ത് എത്തും.

ആറ് സീറ്റുകള്‍ നേടുന്ന ഗ്രീന്‍സ് പാര്‍ട്ടിയും അഞ്ച് സീറ്റുകള്‍ നേടുന്ന പ്ലെയിഡ് സൈമ്രുവും മാത്രമായിരിക്കും ടോറികള്‍ക്ക് പിന്നില്‍ ഉണ്ടാവുക. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പായി, സെപ്റ്റംബര്‍ 10 നും 18 നും ഇടയിലായി ബ്രിട്ടനിലെ പ്രായപൂര്‍ത്തിയായ 7,449 പേരിലായിരുന്നു സര്‍വ്വേ നടത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലേയും ലേബര്‍ പാര്‍ട്ടിയിലേയും പല മുതിര്‍ന്ന നേതാക്കളെയും അടിതെറ്റിക്കാന്‍ റിഫോമിന് കഴിയും എന്നതിനാല്‍, എത്ര മുതിര്‍ന്ന നേതാക്കള്‍ പരാജയപ്പെടും എന്ന് കൃത്യമായി പറയാന്‍ കഴിയില്ല.

എന്നിരുന്നാലും, ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സ്, ഫോറിന്‍ സെക്രട്ടറി യുവെറ്റ് കൂപ്പര്‍, എഡ്യൂക്കേഷന്‍ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍, എനര്‍ജി സെക്രട്ടറി എഡ് മിലിബന്‍ഡ് എന്നിവക്ക് റിഫോമിന് മുന്നില്‍ അടിതെറ്റിയേക്കും. അതേസമയം ഷബാന മഹ്‌മൂദിനും വെസ് സ്ട്രീറ്റിംഗിനും യുവര്‍ പാര്‍ട്ടിക്ക് മുന്നിലും അടിയറവ് പറയേണ്ടതായി വന്നേക്കാം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബെയ്ഡ്‌നോക്കും റിഫോമിന് മുന്‍പില്‍ പരാജയം സമ്മതിക്കും എന്നാണ് സര്‍വ്വേഫലം പറയുന്നത്.

റോബര്‍ട്ട് ജെന്റിക്, സുവെല്ല ബ്രേവര്‍മാന്‍, ഋഷി സുനക്, ഇയാന്‍ ഡന്‍കന്‍ സ്മിത്ത് എന്നീ ടോറി പ്രമുഖരും റിഫോമിന് മുന്‍പില്‍ അടിതെറ്റി വീഴുമെന്നാണ് സര്‍വ്വേഫലം പറയുന്നത്. അടുത്ത മൂന്ന് വര്‍ഷക്കാലത്തിനുള്ളില്‍ ഒരു തെരഞ്ഞെടുപ്പ് വരാനുള്ള സാധ്യതയില്ലെങ്കിലും, അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും പറഞ്ഞത് സമ്പദ്ഘടനയും, ജീവിത ചെലവ് വര്‍ദ്ധിക്കുന്നതുമാണ് അടിയന്തിര ശ്രദ്ധ ആവശ്യമായ കാര്യങ്ങള്‍ എന്നാണ്. 59 ശതമാനം പേരാണ് അത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

അതേസമയം 47 ശതമാനം കുടിയേറ്റവും അതിര്‍ത്തിയിലെ നിയന്ത്രണങ്ങളും പ്രധാന പരിഗണന ലഭിക്കേണ്ട വിഷയങ്ങളായി കാണുന്നു. 44 ശതമാനം പേരാണ് എന്‍ എച്ച് എസ്സില്‍ ശ്രദ്ധ പതിപ്പിക്കണം എന്ന് ഊന്നി പറഞ്ഞത്. കുറ്റകൃത്യങ്ങള്‍, നീതി നിര്‍വ്വഹണ സംവിധാനം എന്നവയാണ് അടുത്തതായി പരിഗണിക്കപ്പെടേണ്ടതെന്ന് 22 ശതമാനം പേര്‍ വിശ്വസിക്കുന്നു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പതനം പ്രവചിക്കുന്ന ഫലം വോട്ടര്‍മാരുടെ മുന്‍ഗണനകള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുന്നു എന്ന് പി എല്‍ എം ആര്‍ സി ഇ ഒ കെവിന്‍ ക്രെയ്ഗ് പറഞ്ഞു. സമ്പദ്ഘടനയിലെ മാറ്റങ്ങള്‍ക്കാണ് ജനങ്ങള്‍ കൂടുതല്‍ പരിഗണന നല്‍കുന്നത്. മാത്രമല്ല, പാര്‍ട്ടികളോടുള്ള പരമ്പരാഗതമായ അനുഭാവവും ഇപ്പോള്‍ മാറിമറയുകയാണ്. ഏതായാലും, ഒരു പൊതുതെരഞ്ഞെടുപ്പിനായി 2029 വരെ കാത്തിരിക്കേണ്ടി വരും എന്നതിനാല്‍, സാഹചര്യങ്ങളില്‍ മാറ്റങ്ങള്‍ വരാനുള്ള സമയവും ആവശ്യം പോലെയുണ്ട്.

Similar News