19 രാജ്യങ്ങളില്‍ നിന്നുള്ള ഗ്രീന്‍ കാര്‍ഡ് ഉടമകളെക്കുറിച്ച് സമഗ്രമായ പുനഃപരിശോധന നടത്തും; മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കും; വൈറ്റ് ഹൗസിന് സമീപം വെടിയുതിര്‍ത്ത അഫ്ഗാനിയില്‍ അന്വേഷണം; കടുത്ത പ്രഖ്യാപനങ്ങളുമായി ട്രംപ്
വാഷിംഗ്ടണ്‍ ഡി.സി.: വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ, മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. കൂടാതെ, 19 രാജ്യങ്ങളില്‍ നിന്നുള്ള ഗ്രീന്‍ കാര്‍ഡ് ഉടമകളെക്കുറിച്ച് സമഗ്രമായ പുനഃപരിശോധന നടത്താനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
വെടിവെപ്പ് നടത്തിയ അഫ്ഗാന്‍ സ്വദേശിയെ കുറിച്ചും അന്വേഷണം നടത്തും. 2021 ലെ അഫ്ഗാന്‍ പിന്മാറ്റ സമയത്ത് ജോ ബൈഡന്‍ ഭരണകൂടം മതിയായ പരിശോധനകളില്ലാതെ അമേരിക്കയിലേക്ക് കടത്തിവിട്ട കുടിയേറ്റക്കാരനാണ് ആക്രമണം നടത്തിയതെന്ന് ട്രംപ് ആരോപിച്ചു. ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെയാണ് ട്രംപ് തന്റെ പുതിയ നയങ്ങള്‍ പ്രഖ്യാപിച്ചത്. വൈറ്റ് ഹൗസിന് സമീപമായിരുന്നു അഫ്ഗാനിയുടെ ആക്രമണം നടന്നത്.
അമേരിക്കന്‍ സംവിധാനം പൂര്‍ണ്ണമായി സാധാരണ നിലയിലാകാന്‍ 'മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കും' എന്ന് അദ്ദേഹം തന്റെ പോസ്റ്റില്‍ വ്യക്തമാക്കി. പൗരത്വം ഇല്ലാത്തവര്‍ക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും അവസാനിപ്പിക്കുമെന്നും, രാജ്യത്തിന് ഭീഷണിയാകുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കുമെന്നും, സുരക്ഷാ ഭീഷണിയോ 'പാശ്ചാത്യ നാഗരികതയുമായി പൊരുത്തപ്പെടാത്തവരോ' ആയ വിദേശ പൗരന്മാരെ നാടുകടത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
'കുടിയേറ്റം തിരിച്ചുവിടുന്നതിലൂടെ മാത്രമേ ഈ സാഹചര്യം പൂര്‍ണ്ണമായി പരിഹരിക്കാന്‍ സാധിക്കൂ' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനി, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനസ്വേല എന്നീ 19 രാജ്യങ്ങളില്‍ നിന്നുള്ള ഗ്രീന്‍ കാര്‍ഡ് ഉടമകളെയാണ് അടിയന്തിരമായി പുനഃപരിശോധിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടത്.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ കര്‍ശന നടപടികളെന്ന് ട്രംപ് വിശദീകരിച്ചു. ഈ നയപരമായ മാറ്റങ്ങള്‍ അമേരിക്കയുടെ കുടിയേറ്റ സമീപനത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.