''കരയുദ്ധമുണ്ടാകുമെന്നോ ഇല്ലെന്നോ ഞാന്‍ പറയുന്നില്ല. ഞാനിപ്പോള്‍ അതേക്കുറിച്ച് സംസാരിക്കുന്നില്ല''! ലോകത്ത് ഏറ്റവുമധികം എണ്ണശേഖരമുള്ള രാജ്യത്തെ വരച്ച വരയില്‍ നിര്‍ത്താന്‍ ട്രംപ്; അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ വെനസ്വേലന്‍ എണ്ണ ടാങ്കര്‍ പിടിച്ചെടുത്തു; കരീബിയന്‍ മേഖലയില്‍ ഇനി എന്തും സംഭവിക്കാം; മഡുറോയെ തളയ്ക്കാന്‍ ട്രംപിസം

Update: 2025-12-11 00:58 GMT

ന്യുയോര്‍ക്ക്: അമേരിക്കന്‍ തീരദേശ സേനയും നാവികസേനയും ചേര്‍ന്ന് വെനസ്വേലയുടെ തീരത്ത് വെച്ച് ഒരു വലിയ എണ്ണ ടാങ്കര്‍ പിടിച്ചെടുത്തതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരായ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന നീക്കമായിട്ടാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.

ഈ നടപടി കരീബിയന്‍ കടലില്‍ ഒരു സമ്പൂര്‍ണ്ണ ഉപരോധത്തിലേക്കും വന്‍ സംഘര്‍ഷത്തിലേക്കും വഴി തുറക്കുമോ എന്ന ഭീതി ശക്തമായിരിക്കുകയാണ്. വെനസ്വേലയുടെ തീരത്ത് യു.എസ്. സൈന്യം അടുത്തിടെയായി വന്‍തോതില്‍ സാന്നിധ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്തിനെതിരെ എന്ന പേരിലാണ് കരീബിയന്‍ മേഖലയില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിരിക്കുന്നത്. എന്നാല്‍, ടാങ്കര്‍ പിടിച്ചെടുത്തതോടെ മഡുറോ സര്‍ക്കാരിനെ പൂര്‍ണ്ണമായി സാമ്പത്തികമായി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക കരീബിയന്‍ കടലില്‍ 'പൂര്‍ണ്ണ ഉപരോധം' ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. വെനസ്വേലന്‍ അധികൃതര്‍ ഈ നീക്കത്തോട് എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇനി മേഖലയിലെ സ്ഥിതിഗതികള്‍. ഈ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ശീതയുദ്ധത്തിന് കൂടുതല്‍ ആക്കം കൂട്ടുമെന്നുറപ്പാണ്.

പ്രിടിച്ചെടുത്തത് 'വളരെ വലിയ' ഒരു എണ്ണ ടാങ്കര്‍ ആണെന്നും, ഇതുവരെ അമേരിക്ക പിടിച്ചെടുത്തതില്‍ വെച്ച് ഏറ്റവും വലുതാണിതെന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. യു.എസ്. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ കടത്താന്‍ ഉപയോഗിച്ച കപ്പലാണിതെന്ന് യു.എസ്. അറ്റോര്‍ണി ജനറല്‍ പാമ് ബോണ്ടി വ്യക്തമാക്കി. തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്ന കള്ളക്കടത്ത് ശൃംഖലയില്‍ കപ്പല്‍ ഉള്‍പ്പെട്ടിരുന്നു. യു.എസ്.എസ്. ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് എന്ന വിമാനവാഹിനിക്കപ്പലില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴി ഉദ്യോഗസ്ഥരെ ടാങ്കറിലേക്ക് ഇറക്കിയാണ് കപ്പല്‍ പിടിച്ചെടുത്തത്.

കപ്പലിലെ എണ്ണ അമേരിക്കന്‍ ഭരണകൂടം കണ്ടുകെട്ടുമെന്നും ട്രംപ് അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വെനസ്വേലയ്ക്ക് സമീപമുള്ള കടല്‍മേഖലയില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം ഗണ്യമായി വര്‍ദ്ധിപ്പിച്ചിരുന്നു. ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുണ്ട്.''ഞങ്ങള്‍ അല്‍പം മുമ്പൊരു കപ്പല്‍ വെനസ്വേലന്‍ തീരത്തുനിന്ന് പിടിച്ചെടുത്തു. വലുതാണ്. വലുതെന്നുപറഞ്ഞാല്‍ വളരെ വലുത്'' - ട്രംപ് പറഞ്ഞു. ആരാണ് കപ്പലിന്റെ ഉടമകളെന്നോ കപ്പല്‍ എങ്ങോട്ടേക്ക് പോവുകയായിരുന്നുവെന്നോ ട്രംപ് വ്യക്തമാക്കിയില്ല. എന്നാല്‍, എണ്ണ വ്യാപാരരംഗത്തെ നിരീക്ഷണ/ഗവേഷണ സ്ഥാപനമായ കെപ്ലറിന്റെ അനുമാനപ്രകാരം ഇത് ഗയാനയുടെ പതാകവഹിക്കുന്ന 'സ്‌കിപ്പര്‍' എന്ന കപ്പലാണ്. വമ്പന്‍ ക്രൂഡ് കാരിയര്‍ അഥവാ വിഎല്‍സിസി ഗണത്തില്‍പ്പെടുന്ന കപ്പലാണിത്. നവംബര്‍ പാതിയോടെ നിറച്ച 11 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഈ കപ്പലിലുണ്ട്. ക്യൂബ ലക്ഷ്യമാക്കിയായിരുന്നു കപ്പലിന്റെ യാത്രയെന്നും കരുതുന്നു.

കപ്പല്‍ കണ്ടുകെട്ടുമെന്ന വാറന്റ് പുറപ്പെടുവിച്ചിരുന്നെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി. പെന്റഗണിന്റെ അനുമതിയോടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ), യുഎസ് കോസ്റ്റ് ഗാര്‍ഡ് എന്നിവയാണ് വാറന്റ് പുറപ്പെടുവിച്ചതെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പറഞ്ഞു. യുഎസ് സൈനികര്‍ ഹെലികോപ്ടര്‍ വഴി കപ്പലിലേക്ക് ഇറങ്ങുന്നതിന്റെ വിഡിയോ ദൃശ്യവും ബോണ്ടി എക്‌സില്‍ പങ്കുവച്ചു. വെനസ്വേലയില്‍ നിന്ന് ഇറാനിലേക്ക് പതിവായി എണ്ണ കൊണ്ടുപോയിരുന്ന കപ്പലാണിത്. ഭീകരവാദ സംഘടനകളെ പിന്തുണയ്ക്കുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കപ്പലിന് നേരത്തേതന്നെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു എന്നും ബോണ്ടി പറഞ്ഞു.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞിരുന്നു. യുഎസ് വൈകാതെ വെനസ്വേലയ്‌ക്കെതിരെ കരയുദ്ധം ആരംഭിച്ചേക്കുമെന്ന സൂചനയായാണ് ഇതിനെ പലരും കാണുന്നത്. ''കരയുദ്ധമുണ്ടാകുമെന്നോ ഇല്ലെന്നോ ഞാന്‍ പറയുന്നില്ല. ഞാനിപ്പോള്‍ അതേക്കുറിച്ച് സംസാരിക്കുന്നില്ല'' എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപിന്റെ മറുപടി. നിലവില്‍ കരീബിയന്‍ കടലില്‍ യുഎസ് സൈന്യം വന്‍ സന്നാഹമൊരുക്കുകയും മയക്കുമരുന്ന് കടത്ത് ആരോപിച്ച് നിരവധി വെനസ്വേലന്‍ ബോട്ടുകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

ലോകത്ത് ഏറ്റവുമധികം എണ്ണശേഖരമുള്ള രാജ്യമാണ് വെനസ്വേല. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ സ്ഥാപകാംഗങ്ങളിലൊന്നുമാണ്. വര്‍ഷം ശരാശരി 7.49 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് വെനസ്വേലയുടെ പ്രതിദിന കയറ്റുമതി. ഇതില്‍ ഏതാണ്ട് പാതിയും ചെല്ലുന്നത് ചൈനയിലേക്ക്. യുഎസിലേക്ക് പ്രതിദിനം 1.32 ലക്ഷം ബാരലും കയറ്റുമതി ചെയ്യുന്നുണ്ട്.

Tags:    

Similar News