'ഞങ്ങളില്ലെങ്കില്‍ നിങ്ങളൊക്കെ ജര്‍മ്മനും ജാപ്പനീസും സംസാരിക്കേണ്ടി വന്നേനെ; യൂറോപ്യന്‍ നേതാക്കളെ പരസ്യമായി പരിഹസിച്ച് ട്രംപ്; സൈന്യത്തെ ഇറക്കി ഗ്രീന്‍ലാന്‍ഡ് പിടിക്കാനില്ല, പക്ഷേ യുഎസിനെ തടയാന്‍ ആര്‍ക്കും കഴിയില്ല! 'നാറ്റോ തലവന്‍ തന്നെ 'ഡാഡി' എന്ന് വിളിച്ചു; മാക്രോണിന് എന്തുപറ്റി? ഡാവോസില്‍ ലോകനേതാക്കളെ മുള്‍മുനയില്‍ നിര്‍ത്തി ട്രംപിന്റെ വെടിക്കെട്ട് പ്രസംഗം

ഡാവോസില്‍ ലോകനേതാക്കളെ മുള്‍മുനയില്‍ നിര്‍ത്തി ട്രംപിന്റെ വെടിക്കെട്ട് പ്രസംഗം

Update: 2026-01-21 16:14 GMT

ഡാവോസ്: ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ താന്‍ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ലോക സാമ്പത്തിക ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്.

ആര്‍ട്ടിക് മേഖലയിലെ ഈ പ്രദേശത്തിന്മേല്‍ പൂര്‍ണ്ണ ഉടമസ്ഥാവകാശം വേണമെന്ന ആവശ്യത്തോടൊപ്പം, യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അമേരിക്കയോടുള്ള കടപ്പാടിനെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദ്വീപ് പിടിച്ചെടുക്കാന്‍ സൈനിക ബലം പ്രയോഗിക്കില്ലെന്ന് പ്രസിഡന്റ് സ്ഥിരീകരിച്ചെങ്കിലും, അദ്ദേഹത്തിന്റെ വാക്കുകള്‍ യൂറോപ്പുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍ വലിയ വിള്ളലുണ്ടാക്കുന്നവയായിരുന്നു.

'ജര്‍മ്മനിയും ജപ്പാനീസും സംസാരിക്കേണ്ടി വന്നേനെ'

ലോക നേതാക്കളെ അഭിസംബോധന ചെയ്യവെ, രണ്ടാം ലോകമഹായുദ്ധത്തിലെ അമേരിക്കന്‍ ഇടപെടലുകളെക്കുറിച്ചാണ് ട്രംപ് സംസാരിച്ചത്. അമേരിക്കയുടെ സഹായമില്ലായിരുന്നെങ്കില്‍ യൂറോപ്പിലെ രാജ്യങ്ങളുടെ പരമാധികാരം ഇന്ന് നിലനില്‍ക്കില്ലായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.

'ഞങ്ങളില്ലായിരുന്നെങ്കില്‍, നിങ്ങള്‍ ഇപ്പോള്‍ ജര്‍മ്മനും ഒരുപക്ഷേ കുറച്ച് ജാപ്പനീസും സംസാരിക്കുമായിരുന്നു,' ട്രംപ് പറഞ്ഞു. യുദ്ധത്തിന് ശേഷം ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം തിരിച്ചുനല്‍കിയത് ഒരു ചരിത്രപരമായ അബദ്ധമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. 'യുദ്ധത്തിന് ശേഷം ഞങ്ങള്‍ ഗ്രീന്‍ലന്‍ഡ് തിരിച്ചുകൊടുത്തു. അങ്ങനെ ചെയ്ത നമ്മള്‍ എത്ര വിഡ്ഢികളായിരുന്നു? പക്ഷേ നമ്മളത് ചെയ്തു. ഇപ്പോള്‍ അവര്‍ എത്രമാത്രം നന്ദികെട്ടവരാണ്?'

ഗ്രീന്‍ലാന്‍ഡ് പിടിക്കാന്‍ സൈനിക ശക്തി പ്രയോഗിക്കില്ല

ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാന്‍ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ട്രംപ് സ്ഥിരീകരിച്ചെങ്കിലും, തനിക്ക് 'അമിതമായ ശക്തിയും ബലപ്രയോഗവും' ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അമേരിക്കയെ 'തടയാന്‍ കഴിയില്ലായിരുന്നു' എന്നും സൂചിപ്പിച്ചു. 'പക്ഷേ ഞാന്‍ അത് ചെയ്യില്ല. ഇപ്പോള്‍ എല്ലാവരും പറയുന്നു, ഓ, കൊള്ളാം,' അദ്ദേഹം പറഞ്ഞു. വെറുമൊരു പാട്ടക്കരാറിനു പകരം ആര്‍ട്ടിക് ദ്വീപിന്റെ 'പൂര്‍ണ്ണ ഉടമസ്ഥാവകാശം' ആണ് താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. 'ഗ്രീന്‍ലാന്‍ഡിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്, കാരണം പ്രതിരോധിക്കാന്‍ ഉടമസ്ഥാവകാശം ആവശ്യമാണ്. പാട്ടക്കരാറില്‍ നിങ്ങള്‍ക്ക് അതിനെ പ്രതിരോധിക്കാന്‍ കഴിയില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയാത്ത തരം മാരകായുധങ്ങളില്‍ നിന്ന് പ്രതിരോധിക്കാന്‍ ഗ്രീന്‍ലന്‍ഡ് അത്യാവശ്യമാണെന്ന് ട്രംപ് അവകാശപ്പെട്ടു.

ഗ്രീന്‍ലന്‍ഡിനെ 'തണുത്തുറഞ്ഞ ഒരു മഞ്ഞുപാളി' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, നാറ്റോയ്ക്ക് (NATO) വേണ്ടി അമേരിക്ക പതിറ്റാണ്ടുകളായി ചെലവഴിക്കുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൊരു ചെറിയ ആവശ്യമാണെന്ന് വാദിച്ചു.


യൂറോപ്യന്‍ നേതാക്കള്‍ക്ക് പരിഹാസം

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ ട്രംപ് പരസ്യമായി പരിഹസിച്ചു. പ്രസംഗത്തിനിടെ ഏവിയേറ്റര്‍ സണ്‍ഗ്ലാസ് ധരിച്ചെത്തിയ മാക്രോണിനെ നോക്കി 'അദ്ദേഹത്തിന് എന്തുപറ്റി?' എന്ന് ട്രംപ് ചോദിച്ചു. മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മാക്രോണ്‍ കടുംപിടുത്തം പിടിക്കുകയാണെന്നും എന്നാല്‍ അമേരിക്കയെ ചൂഷണം ചെയ്യാന്‍ ഇനി അനുവദിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. (കണ്ണിലെ രക്തക്കുഴല്‍ പൊട്ടിയതിനാലാണ് മാക്രോണ്‍ സണ്‍ഗ്ലാസ് ധരിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പിന്നീട് വിശദീകരിച്ചു).

നാറ്റോയും 'ഡാഡി' വിളിയും

നാറ്റോ സഖ്യകക്ഷികളെയും ട്രംപ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അമേരിക്കയെ നാറ്റോ ഇത്രയും കാലം 'അന്യായമായി' ഉപയോഗിക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ഉച്ചകോടിക്കിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ട തന്നെ 'ഡാഡി' എന്ന് വിളിച്ചിരുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തി. താന്‍ യൂറോപ്പിനെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും, എന്നാല്‍ ഗ്രീന്‍ലാന്‍ഡ് (തെറ്റായി ഐസ്ലാന്‍ഡ് എന്ന് ട്രംപ് പ്രയോഗിച്ചു) വിഷയം പറഞ്ഞപ്പോള്‍ മുതല്‍ താന്‍ മോശക്കാരനായെന്നും അദ്ദേഹം പരിഭവിച്ചു.

മൂന്നാം ലോകമഹായുദ്ധ ഭീതിയും 2020 തിരഞ്ഞെടുപ്പും

യുക്രെയ്ന്‍-റഷ്യ യുദ്ധത്തെക്കുറിച്ച് സംസാരിക്കവേ, ലോകം മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലാണെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഈ യുദ്ധം സംഭവിക്കില്ലായിരുന്നു. 2020-ലെ തിരഞ്ഞെടുപ്പ് 'അട്ടിമറിക്കപ്പെട്ടത്' (Rigged) കൊണ്ടാണ് ഉക്രെയ്ന്‍ യുദ്ധമുണ്ടായതെന്നും ട്രംപ് ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിച്ചവര്‍ ഉടന്‍ തന്നെ നിയമനടപടികള്‍ നേരിടുമെന്ന ഞെട്ടിക്കുന്ന പ്രസ്താവനയും അദ്ദേഹം നടത്തി.

ആഗോള പ്രതികരണം

ട്രംപിന്റെ പ്രസംഗം യൂറോപ്യന്‍ നേതാക്കളില്‍ നിന്ന് ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അമേരിക്കയുടെ സമ്മര്‍ദ്ദ തന്ത്രം ഒരു 'തെറ്റാണെന്ന്' ഇയു കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഗ്രീന്‍ലന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ലെന്ന് ഡാനിഷ് അധികൃതരും ആവര്‍ത്തിച്ചു.

ഈ തര്‍ക്കം കാരണം യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മിലുള്ള പ്രധാന വ്യാപാര കരാറുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കൂടാതെ, ഗ്രീന്‍ലാന്‍ഡ് മേഖലയില്‍ ഡെന്മാര്‍ക്ക് തങ്ങളുടെ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ ട്രംപ് താരിഫ് ഭീഷണി ഉയര്‍ത്തിയതോടെ ആഗോള ഓഹരി വിപണിയില്‍ ഇടിവുണ്ടായി.

Tags:    

Similar News