ഹസീന യുഗം കടപുഴകി; ഹസീനയുടെ നാടുകടത്തലിനു ശേഷമുള്ള ആദ്യ ജനവിധിയില്‍ തെളിയുന്നത് മാറ്റം; പത്തൊന്‍പതു വര്‍ഷത്തെ കാത്തിരിപ്പിനും പ്രവാസത്തിനും ഒടുവില്‍ ബംഗ്ലാദേശിന്റെ സിംഹാസനത്തിലേക്ക് ഖാലിദ സിയയുടെ പുത്രന്‍; ധാക്കയില്‍ താരിഖ് റഹ്‌മാന്‍ യുഗപ്പിറവി; ബംഗ്ലാദേശില്‍ ഭരണമാറ്റം എത്തുമ്പോള്‍
ധാക്ക: പത്തൊന്‍പതു വര്‍ഷത്തെ കാത്തിരിപ്പിനും പ്രവാസത്തിനുമൊടുവില്‍ ബംഗ്ലാദേശിന്റെ സിംഹാസനത്തിലേക്ക് ഖാലിദ സിയയുടെ പുത്രന്‍ താരിഖ് റഹ്‌മാന്‍ രാജകീയമായി തിരിച്ചെത്തുന്നു. ഷെയ്ഖ് ഹസീനയുടെ ഉരുക്കുമുഷ്ടിയില്‍നിന്നു മോചിതരായ ബംഗ്ലാ ജനത, വോട്ടൊഴുക്കിലൂടെ ബി.എന്‍.പി.യെ അധികാരത്തിലേറ്റുന്ന കാഴ്ചയാണ് വ്യാഴാഴ്ച നടന്ന ചരിത്രപ്രധാനമായ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ നല്‍കുന്നത്. കേവല ഭൂരിപക്ഷവും കടന്ന് ബി.എന്‍.പി. സഖ്യം കുതിക്കുമ്പോള്‍, ഹസീനയുടെ നാടുകടത്തലിനു ശേഷമുള്ള ആദ്യ ജനവിധിയില്‍ രാജ്യം പുതിയൊരു മാറ്റത്തിന്റെ പാതയിലാണ്.
350 അംഗ പാര്‍ലമെന്റിലെ 299 സീറ്റുകളിലേക്കു നടന്ന പോരാട്ടത്തില്‍ ബി.എന്‍.പി. സഖ്യം 209 സീറ്റുകള്‍ പിടിച്ചടക്കി ജയം ഉറപ്പിച്ചതായാണ് പുറത്തുവരുന്ന അനൗദ്യോഗിക വിവരങ്ങള്‍. ബി.എന്‍.പി. ചെയര്‍മാനും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ താരിഖ് റഹ്‌മാന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഒരു പതിറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയ വേട്ടയാടലുകള്‍ക്കും ലണ്ടനിലെ പ്രവാസ ജീവിതത്തിനുമൊടുവില്‍ 2025 അവസാനത്തോടെ രാജ്യത്ത് തിരിച്ചെത്തിയ താരിഖിന്റെ നേതൃപാടവത്തിനുള്ള അംഗീകാരമായാണ് ഈ വിജയത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
ഹസീനയുടെ അവാമി ലീഗിനെ തിരഞ്ഞെടുപ്പില്‍നിന്നു വിലക്കിയതോടെ, ബി.എന്‍.പി.യും ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമിയും തമ്മിലായിരുന്നു പ്രധാന മത്സരം. വിദ്യാര്‍ത്ഥി പ്രക്ഷോഭകാരികളുടെ പിന്തുണയുള്ള നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടി (എന്‍.സി.പി.) ജമാഅത്തെ ഇസ്ലാമിക്ക് കരുത്തുപകര്‍ന്നെങ്കിലും ബി.എന്‍.പി.യുടെ ജനപിന്തുണയെ മറികടക്കാനായില്ല. ഹസീന സര്‍ക്കാരിന്റെ കാലത്തെ അഴിമതിക്കും അടിച്ചമര്‍ത്തലുകള്‍ക്കും അന്ത്യം കുറിക്കാന്‍ കാത്തിരുന്ന യുവജനത കൂട്ടത്തോടെ പോളിങ് ബൂത്തുകളിലെത്തി.
47.9 ശതമാനം പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം പേരും ഭരണഘടനാ പരിഷ്‌കാരങ്ങളെയും (ജൂലൈ ചാര്‍ട്ടര്‍) പിന്തുണച്ചതായാണ് സൂചന. ഭരണമേറ്റാല്‍ പ്രധാനമന്ത്രി പദത്തില്‍ ഒരാള്‍ക്ക് പരമാവധി 10 വര്‍ഷം മാത്രമേ ഇരിക്കാന്‍ പാടുള്ളൂവെന്ന സുപ്രധാന നിയമം കൊണ്ടുവരുമെന്ന് ബി.എന്‍.പി. വാഗ്ദാനം ചെയ്തിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് നേരിട്ടുള്ള സാമ്പത്തിക സഹായവും കൂടുതല്‍ സുരക്ഷിതമായ ക്രമസമാധാന നിലയുമാണ് പുതിയ സര്‍ക്കാരിന്റെ ലക്ഷ്യം.
ഖാലിദ സിയയുടെ കാലത്ത് ഇന്ത്യയുമായി അത്ര നല്ല ബന്ധത്തിലല്ലാതിരുന്ന ബി.എന്‍.പി., താരിഖ് റഹ്‌മാന്റെ നേതൃത്വത്തില്‍ എങ്ങനെയൊരു വിദേശനയം സ്വീകരിക്കുമെന്നത് ലോകരാഷ്ട്രങ്ങളും ഉറ്റുനോക്കുന്നു. തകര്‍ന്നടിഞ്ഞ സമ്പദ്വ്യവസ്ഥയെയും ജനാധിപത്യ മൂല്യങ്ങളെയും പുനരുദ്ധരിക്കുക എന്ന ഹിമാലയന്‍ വെല്ലുവിളിയാണ് പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്. ഇന്ത്യ സ്ഥിതി ഗതികളെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
ബിഎന്‍പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പാര്‍ടി വക്താവ് മഹ്ദി അമിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ പ്രഹസനമാണെന്ന് വിദ്യര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരഭ്രഷ്ടയായി ഇന്ത്യയില്‍ അഭയംതേടിയ അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീന പ്രതികരിച്ചു. അവാമി ലീഗിനെ മത്സരിക്കുന്നതില്‍ വിലക്കിയതിനാല്‍ പ്രധാന മത്സരം ബിഎന്‍പിയും ജമാഅത്തെ ഇസ്ലാമിയും തമ്മിലാണ്. വിദ്യാര്‍ഥി പ്രക്ഷോഭ നേതാക്കള്‍ രൂപീകരിച്ച എന്‍സിപി ജമാഅത്തെ സഖ്യത്തിനൊപ്പമാണ്.
ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് മുന്നോട്ടുവെച്ച 84 ഭരണഘടനാ പരിഷ്‌കാര നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണോ എന്ന ഹിതപരിശോധനയും വോട്ടെടുപ്പിനൊപ്പം നടന്നു. ഖുല്‍നയിലെ പോളിങ് ബൂത്തില്‍ ജമാഅത്തെ ഇസ്ലാമിയുമായി നടന്ന സംഘര്‍ഷത്തില്‍ ബിഎന്‍പി നേതാവ് കൊല്ലപ്പെട്ടു. ഗോപാല്‍ഗഞ്ചിലെ ബോംബാക്രമണത്തില്‍ 13 കാരിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
