ഒരു ദശകത്തിനിടെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ അഞ്ചിരട്ടി ജനസംഖ്യ വര്‍ധന; 27 ശതമാനം ജനങ്ങളും വിദേശികള്‍; അകെ ജനസംഖ്യ പത്തു ദശലക്ഷത്തില്‍ കവിയരുതെന്ന് നിയമം പാസ്സാക്കാന്‍ ഒരുങ്ങി സ്വിറ്റ്‌സര്‍ലാന്‍ഡ്; കുടിയേറ്റവും യൂറോപ്യന്‍ ബന്ധവും പ്രതിസന്ധിയിലേക്ക്

Update: 2026-02-13 04:00 GMT

ലണ്ടന്‍: വരുന്ന വേനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പുതിയൊരു ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ്. രാജ്യത്തെ ജനസംഖ്യ 10 മില്യന്‍ ആയി പരിമിതപ്പെടുത്തണമെന്ന്, തീവ്ര വലതുപക്ഷ പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തിനു മേല്‍ സ്വിസ് ജനത വോട്ടിനൊരുങ്ങുകയാണ്. യൂറോപ്യന്‍ യൂണിയനുമായുള്ള പല സുപ്രധാന കരാറുകള്‍ക്കും അത്തരമൊരു നീക്കം ഭീഷണിയാകുമെന്ന് വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാത്രമല്ല, ജനസംഖ്യ പരിമിതപ്പെടുത്താനുള്ള നീക്കം സാമ്പത്തിക വികസനത്തെ തടസ്സപ്പെടുത്തുമെന്നും അവര്‍ പറയുന്നു.

പാര്‍ലമെന്റിന്റെ രണ്ടു സംഭകളും, വ്യാപാര, സാമ്പത്തിക സേവന വിഭാഗത്തിലെ പ്രമുഖരും ഒരുപോലെ നിരാകരിച്ച സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം വരുന്ന ജൂണ്‍ 10 ന് കണസള്‍ട്ടേഷന് വരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഈ നിര്‍ദ്ദേശം നടപ്പിലാവുകയാണെങ്കില്‍ നിലവിലെ ജനസംഖ്യയായ 9.1 മില്യണ്‍ എന്നത് 9.5 മില്യന്‍ മറികടന്നാല്‍, വിദേശികളുടെ കുടുംബാംഗങ്ങളും അഭയാര്‍ത്ഥികളും ഉള്‍പ്പടെയുള്ള പുതിയ ആളുകളെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്നും തടയാന്‍ സ്വിസ്സ് സര്‍ക്കാരും പാര്‍ലമെന്റും ബാദ്ധ്യസ്ഥരാകും.

ജനസംഖ്യ 10 മില്യനിലെത്തിയാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണം. എന്നിട്ടും ജനസംഖ്യ കുറയുന്നില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര സഞ്ചാര കരാറില്‍ നിന്നും പിന്‍വാങ്ങണമെന്നും ഈ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് അതിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണി നഷ്ടമാകുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനസംഖ്യ അയല്‍വക്കത്തെ മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേതിനാക്കാള്‍ വേഗത്തിലാണ് വര്‍ദ്ധിച്ചത്. സാമ്പത്തിക രംഗത്ത് വന്‍ നേട്ടം കൈവരിക്കാന്‍ ആയതോടെ കുറഞ്ഞ നൈപുണി ആവശ്യമുള്ള തൊഴിലുകളിലേക്ക് മുതല്‍ വന്‍ കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥ തലത്തിലേക്ക് വരെ ആളുകള്‍ ഒഴുകിയെത്താന്‍ തുടങ്ങിയതാണ് ഈ വര്‍ദ്ധനയ്ക്ക് കാരണമായത്.

നിലവില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ താമസിക്കുന്നവരില്‍ 27 ശതമാനം പേര്‍ക്ക് പൗരത്വമില്ല. ഇപ്പോള്‍ ഉണ്ടാകുന്ന ജനസംഖ്യാ വിസ്‌ഫോടനം വീടുകളുടെ വാടക വര്‍ദ്ധിക്കുന്നതിനും അതുപോലെ പൊതു സംവിധാനങ്ങള്‍ക്ക് മേല്‍ അമിത സമ്മര്‍ദ്ദത്തിനും ഇടയാക്കുന്നു എന്നാണ് സ്വിറ്റസര്‍ലന്‍ഡിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി പറയുന്നത്. 1999 മുതല്‍ തുടര്‍ച്ചയായി എല്ലാ തെരഞ്ഞെടുപ്പുകളിലും ഒന്നാം സ്ഥാനത്തെത്തുന്ന പാര്‍ട്ടി വിദേശികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ എടുത്തുകാണിച്ച് കുടിയേറ്റത്തിനെതിരെയും വന്‍ പ്രചാരണം നടത്തുന്നുണ്ട്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ നേരിട്ടുള്ള ജനാധിപത്യ രീതി വഴി സുപ്രധാന തീരുമാനങ്ങളില്‍ പൊതുജനങ്ങള്‍ക്കും വോട്ടിംഗിലൂടെ ഭാഗഭാക്കാകാന്‍ കഴിയും. സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി കൂടുക്കൂടെ ഈ ഉപാധി ഉപയോഗിക്കാറുണ്ടെങ്കിലും വെറും 10 ശതമാനം അവസരങ്ങളില്‍ മാത്രമെ ഇത് വിജയം കണ്ടിട്ടുള്ളു. എന്നാല്‍, ഡിസംബറില്‍ നടന്ന ഒരു അഭിപ്രായ സര്‍വ്വേയില്‍ ജനസംഖ്യ 10 മില്യന്‍ ആക്കി പരിമിതപ്പെടുത്തുന്നതിന് 48 ശതമാനം പേരുടെ പിന്തുണ ലഭിച്ചിരുന്നു.

Similar News