ട്രംപിന്റെ ഭീഷണിയെ 'അസന്തുലിതവും വിഡ്ഢിത്തവും' എന്ന് വിശേഷിപ്പിച്ച് ഇറാന്‍; അമേരിക്ക സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ തുനിഞ്ഞാല്‍ മേഖല മുഴുവന്‍ ശത്രുക്കള്‍ക്ക് 'നരകമായി' മാറും; ട്രംപിന്റെ അതേ ഭാഷയില്‍ 'നരകത്തിന്റെ വാതിലുകള്‍' അമേരിക്കയ്ക്കായി തുറക്കപ്പെടുമെന്ന് ഇറാനിയന്‍ സൈനിക നേതൃത്വം; ഹോര്‍മുസ് മുനമ്പില്‍ 'അഗ്‌നിപരീക്ഷ'; ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാന്‍; പശ്ചിമേഷ്യയില്‍ എന്തും സംഭവിക്കാം?
വാഷിംഗ്ടണ്‍: ലോകത്തിന്റെ എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലിയുള്ള തര്‍ക്കം അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള യുദ്ധത്തിലേക്ക് വഴിമാറുന്നു. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കുമെന്ന ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം മേഖലയെ കടുത്ത യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
താന്‍ നല്‍കിയ പത്തുദിവസത്തെ സമയം അവസാനിക്കാറായെന്നും 48 മണിക്കൂറിനുള്ളില്‍ കരാറില്‍ ഒപ്പിടുകയോ കടലിടുക്ക് തുറക്കുകയോ ചെയ്തില്ലെങ്കില്‍ ഇറാനില്‍ നരകം പെയ്യുമെന്നുമാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെ ഭീഷണി മുഴക്കിയത്. 'ദൈവം മഹാനാണ്' എന്ന വാചകത്തോടെയാണ് ട്രംപ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. ഇറാനെ ശിലായുഗത്തിലേക്ക് ബോംബെറിഞ്ഞ് തകര്‍ക്കുമെന്ന മുന്‍പത്തെ ഭീഷണിയുടെ ആവര്‍ത്തനമായാണ് നയതന്ത്ര വിദഗ്ധര്‍ ഇതിനെ കാണുന്നത്. ട്രംപിന്റെ ഭീഷണിയെ 'അസന്തുലിതവും വിഡ്ഢിത്തവും' എന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്. അമേരിക്ക സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ തുനിഞ്ഞാല്‍ മേഖല മുഴുവന്‍ ശത്രുക്കള്‍ക്ക് 'നരകമായി' മാറുമെന്ന് ഇറാന്റെ സെന്‍ട്രല്‍ മിലിട്ടറി കമാന്‍ഡ് ജനറല്‍ അലി അബ്ദുള്ളാഹി അലിയാബാദി മുന്നറിയിപ്പ് നല്‍കി. ട്രംപിന്റെ അതേ ഭാഷയില്‍ 'നരകത്തിന്റെ വാതിലുകള്‍' അമേരിക്കയ്ക്കായി തുറക്കപ്പെടുമെന്ന് ഇറാനിയന്‍ സൈനിക നേതൃത്വവും തിരിച്ചടിച്ചു.
ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഇറാന്‍ ഭാഗികമായി തടഞ്ഞിരിക്കുന്നത്. ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ 'സൗഹൃദ രാഷ്ട്രങ്ങളുടെ' കപ്പലുകള്‍ക്ക് മാത്രമാണ് നിലവില്‍ ഇറാന്‍ അനുമതി നല്‍കുന്നത്. ഇതോടെ അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഇന്ധനവില കുതിച്ചുയര്‍ന്നു. അമേരിക്കയില്‍ ഗാലന് 4.10 ഡോളര്‍ വരെ വില വര്‍ധിച്ചത് ട്രംപിനെ രാഷ്ട്രീയമായി സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അമേരിക്കയുടെ പച്ചക്കൊടി ലഭിച്ചാല്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ സൈന്യം പൂര്‍ണ്ണ സജ്ജമാണെന്ന് മുതിര്‍ന്ന ഇസ്രായേല്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഫെബ്രുവരി 28-ന് ആരംഭിച്ച സംയുക്ത വ്യോമാക്രമണത്തിന് ശേഷം മേഖലയില്‍ ഇസ്രായേല്‍ അതീവ ജാഗ്രതയിലാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ആക്രമണം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ഇറാന്റെ മിസൈല്‍ ശേഷി തകര്‍ത്തെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും അമേരിക്കയുടെ എഫ്-15 ഇ യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടത് പെന്റഗണിനെ ഞെട്ടിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന രണ്ട് സൈനികരില്‍ ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇറാനിയന്‍ മണ്ണില്‍ അമേരിക്കന്‍ സൈനികന്‍ കാണാതായത് വാഷിംഗ്ടണില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. യുദ്ധം രൂക്ഷമാകുമ്പോഴും പാകിസ്ഥാന്റെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ക്ക് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധം അവസാനിപ്പിക്കാന്‍ മാന്യമായ വ്യവസ്ഥകള്‍ വേണമെന്നാണ് ഇറാന്റെ നിലപാട്. ഇസ്ലാമാബാദില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതിയ യുദ്ധങ്ങള്‍ തുടങ്ങില്ലെന്ന വാഗ്ദാനവുമായാണ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയത്. എന്നാല്‍ നിലവിലെ യുദ്ധം അതിരുവിടുന്നത് റിപ്പബ്ലിക്കന്‍ വോട്ടര്‍മാരെപ്പോലും ചൊടിപ്പിച്ചിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഭൂരിഭാഗം അമേരിക്കക്കാരും ആഗ്രഹിക്കുന്നതെന്ന് സര്‍വ്വെകള്‍ വ്യക്തമാക്കുന്നു. യുദ്ധത്തില്‍ ഇതുവരെ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 300-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ സ്തംഭനം ആഗോള സാമ്പത്തിക രംഗത്തെ കടുത്ത മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ട്രംപിന്റെ പ്രകോപനപരമായ നിലപാടുകളില്‍ അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു. തര്‍ക്കം നയതന്ത്രപരമായി പരിഹരിക്കണമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ആവശ്യം.
ട്രംപിന്റെ അന്ത്യശാസനം അവസാനിക്കുമ്പോള്‍ അമേരിക്കന്‍ വ്യോമസേന ഇറാനിലെ എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിടുമോ അതോ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമോ എന്നതാണ് ചോദ്യം. ഒരു ചെറിയ പിഴവ് പോലും ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചേക്കാവുന്ന വന്‍ സ്‌ഫോടനത്തിന് കാരണമായേക്കാം.
