ഇറാനില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ എണ്ണ ലഭ്യമാകുന്നതോടെ വരും ദിവസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞേക്കും; ഏഴ് വര്‍ഷത്തിന് ശേഷം ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ; എണ്ണയ്ക്ക് പുറമെ ഇറാനില്‍ നിന്നുള്ള ദ്രവീകൃത പെട്രോളിയം ഗ്യാസും ഇന്ത്യയിലെത്തി; യുദ്ധത്തിനിടയിലും കച്ചവടം പൊടിപൊടിക്കുന്നു
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം കനക്കുന്നതിനിടയിലും ഇന്ത്യയ്ക്ക് ആശ്വാസമായി ഇറാനുമായുള്ള എണ്ണ വ്യാപാരം പുനരാരംഭിച്ചു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇറാനില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇന്ത്യയിലെത്തുന്നത്.
അമേരിക്ക-ഇസ്രായേല്‍ സഖ്യം ഇറാനുമായി യുദ്ധം തുടങ്ങിയതോടെ ആഗോളതലത്തില്‍ ഇന്ധന വിതരണം താറുമാറായിരുന്നു. ഇത് പരിഹരിക്കാനായി ഇറാനില്‍ നിന്നുള്ള എണ്ണയ്ക്കും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും മേലുള്ള ഉപരോധം കഴിഞ്ഞ മാസമാണ് അമേരിക്ക താല്‍ക്കാലികമായി പിന്‍വലിച്ചത്. ഇതോടെയാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ വഴിതുറന്നത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് നിലവില്‍ പണമിടപാട് സംബന്ധിച്ച യാതൊരു തടസ്സവുമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. മുന്‍പ് അമേരിക്കന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 2019 മേയ് മാസത്തിലാണ് ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തിയത്. എന്നാല്‍ നിലവിലെ ആഗോള സാഹചര്യത്തില്‍ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ കണക്കിലെടുത്താണ് നീക്കം.
എണ്ണയ്ക്ക് പുറമെ ഇറാനില്‍ നിന്നുള്ള ദ്രവീകൃത പെട്രോളിയം ഗ്യാസും ഇന്ത്യയിലെത്തിയിട്ടുണ്ട്. ഉപരോധ പട്ടികയിലുണ്ടായിരുന്ന കപ്പലില്‍ എത്തിയ 44,000 മെട്രിക് ടണ്‍ ഗ്യാസ് ബുധനാഴ്ച മംഗലാപുരം തുറമുഖത്ത് ഇറക്കിത്തുടങ്ങി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് വിതരണത്തിലെ കുറവ് പരിഹരിക്കാന്‍ ഇത് സഹായിക്കും. യുദ്ധം കാരണം ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നിരുന്നു. മാര്‍ച്ച് അവസാന വാരത്തില്‍ പലയിടങ്ങളിലും പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു. ഇറാനില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ എണ്ണ ലഭ്യമാകുന്നതോടെ വരും ദിവസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ 40-ലധികം രാജ്യങ്ങളില്‍ നിന്നാണ് നിലവില്‍ എണ്ണ വാങ്ങുന്നത്. ഒരു രാജ്യത്തെ മാത്രം ആശ്രയിക്കാതെ വിവിധ സ്രോതസ്സുകളില്‍ നിന്ന് എണ്ണ കണ്ടെത്താനുള്ള ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് ഇറാന്റെ കടന്നുവരവ്. വരും മാസങ്ങളിലേക്കുള്ള എണ്ണ ശേഖരം ഇന്ത്യ ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി തടഞ്ഞത് ആഗോള എണ്ണ വിതരണത്തെ ബാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള 'സൗഹൃദ രാജ്യങ്ങളുടെ' കപ്പലുകള്‍ക്ക് ഇറാന്‍ അനുമതി നല്‍കിയത് രാജ്യത്തിന് ഗുണകരമായി. റഷ്യയും ചൈനയും കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന പ്രധാന രാജ്യമായി ഇന്ത്യ മാറുകയാണ്.
ഒരു വശത്ത് ഇറാനെ ബോംബെറിഞ്ഞ് തകര്‍ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുമ്പോഴും, മറുവശത്ത് എണ്ണ വിപണിയിലെ തകര്‍ച്ച ഒഴിവാക്കാന്‍ ഉപരോധം നീക്കിയത് ശ്രദ്ധേയമാണ്. അമേരിക്കയിലെ കുതിച്ചുയരുന്ന പെട്രോള്‍ വില നിയന്ത്രിക്കാന്‍ ട്രംപിന് മറ്റ് വഴികളില്ലാത്തതാണ് ഇതിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
യുദ്ധത്തില്‍ ഒരു പക്ഷം ചേരാതെ സ്വന്തം രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഇറാനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ഏത് രാജ്യവുമായും സഹകരിക്കാന്‍ ഇന്ത്യയ്ക്ക് സ്വതന്ത്രമായ അധികാരമുണ്ടെന്ന് പെട്രോളിയം മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു.
നിലവില്‍ ഇളവുകള്‍ ഉണ്ടെങ്കിലും 48 മണിക്കൂര്‍ കഴിഞ്ഞ് ട്രംപ് ഇറാനെതിരെ ശക്തമായ ആക്രമണം നടത്തിയാല്‍ ഈ വ്യാപാരബന്ധം വീണ്ടും പ്രതിസന്ധിയിലായേക്കാം. യുദ്ധം മുറുകിയാല്‍ എണ്ണ കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാകും.
