'അമേരിക്കന്‍ ജനതയ്ക്ക് വേണ്ടി ഇത്രയധികം അധ്വാനിക്കുന്ന മറ്റൊരു പ്രസിഡന്റ് ഉണ്ടായിട്ടില്ല. അദ്ദേഹം നിര്‍ത്താതെ ജോലി ചെയ്യുകയാണ്,; ട്രംപ് ആശുപത്രിയിലെന്ന് പ്രചാരണം: 'ഭ്രാന്തന്‍ ഗൂഢാലോചന'യെന്ന് വൈറ്റ് ഹൗസ്, സൈബര്‍ പോര് മുറുകുന്നു; ആരോപണങ്ങള്‍ തള്ളാന്‍ ട്രംപിസം വീണ്ടും പൊതുവേദിയില്‍ എത്തിയേക്കും

Update: 2026-04-05 01:26 GMT

വാഷിംഗ്ടണ്‍: യുദ്ധക്കപ്പുറം അമേരിക്കയില്‍ രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. 'ഭ്രാന്തന്‍മാരായ ലിബറലുകളുടെ ഭാവനയില്‍ വിരിഞ്ഞ ഗൂഢാലോചന'യാണിതെന്ന് ട്രംപിന്റെ ഔദ്യോഗിക പ്രതികരണ വിഭാഗമായ 'റാപ്പിഡ് റെസ്‌പോണ്‍സ് 47' തുറന്നടിച്ചു.

ഏപ്രില്‍ ഒന്നിന് രാജ്യത്തെ അഭിസംബോധന ചെയ്തതിന് ശേഷം ട്രംപിനെ പൊതുവേദിയില്‍ കാണാതിരുന്നതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചത്. ശനിയാഴ്ച രാവിലെ 10 മണിക്ക് തന്നെ പ്രസിഡന്റിന്റെ പരിപാടികള്‍ക്ക് വൈറ്റ് ഹൗസ് 'ലിഡ്' (അന്നേദിവസം ഇനി പൊതുപരിപാടികള്‍ ഇല്ലെന്ന അറിയിപ്പ്) പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തമായി. ട്രംപിനെ വാഷിംഗ്ടണ്‍ ഡിസിയിലെ വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയെന്നായിരുന്നു പ്രധാന പ്രചാരണം.

ലിബറല്‍ രാഷ്ട്രീയ നിരീക്ഷകനായ എഡ് ക്രാസെന്‍സ്റ്റീന്‍ ഉള്‍പ്പെടെയുള്ളവര്‍ ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച് എക്‌സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റുകള്‍ പങ്കുവെച്ചു. ഇതിന് 'ആയുധ നിലവാരമുള്ള വിഡ്ഢി' എന്നാണ് വൈറ്റ് ഹൗസ് മറുപടി നല്‍കിയത്. ട്രംപ് 12 മണിക്കൂര്‍ മാധ്യമങ്ങളോട് സംസാരിച്ചില്ലെങ്കില്‍ ഉടന്‍ ഗൂഢാലോചനയുമായി ഇറങ്ങുന്നവര്‍, മുന്‍പ് ജോ ബൈഡന്‍ ദിവസങ്ങളോളം വിട്ടുനിന്നപ്പോള്‍ മിണ്ടിയിരുന്നില്ലെന്നും വൈറ്റ് ഹൗസ് പരിഹസിച്ചു.

അഭ്യൂഹങ്ങള്‍ തള്ളാന്‍ ഓവല്‍ ഓഫീസിന് പുറത്ത് കാവല്‍ നില്‍ക്കുന്ന മറൈന്‍ സെന്ട്രിയുടെ ചിത്രം വൈറ്റ് ഹൗസ് പുറത്തുവിട്ടു. പ്രസിഡന്റ് അകത്ത് ജോലിയിലുണ്ടെന്നതിന്റെ സൂചനയാണിത്. ഇറാനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തന്ത്രപ്രധാനമായ നീക്കങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാലാണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാത്തതെന്ന് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചുങ് വ്യക്തമാക്കി.

2024 ജൂലൈയില്‍ ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന് ശേഷം ആശുപത്രിക്ക് മുന്നില്‍ നിന്നെടുത്ത പഴയ ദൃശ്യങ്ങള്‍ പലരും നിലവിലെ സംഭവമെന്ന രീതിയില്‍ പ്രചരിപ്പിച്ചു. ഡോ. ജെയ്ന്‍ റൂബിയെപ്പോലുള്ളവര്‍ ഇത് പുതിയ വാര്‍ത്തയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത് ആശയക്കുപ്പമുണ്ടാക്കി. എന്നാല്‍ ഇതെല്ലാം തീര്‍ത്തും വ്യാജമാണെന്ന് പെന്റഗണും സ്ഥിരീകരിച്ചു.

ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ക്കിടെ ശനിയാഴ്ച രാത്രി വൈകി ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമില്‍ സജീവമായി. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ വന്‍ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ഇറാനിയന്‍ സൈനിക നേതൃത്വത്തെ തകര്‍ത്തുവെന്ന് അവകാശപ്പെട്ട ട്രംപ്, താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന സൂചനയും ഇതിലൂടെ നല്‍കി.

ഈസ്റ്റര്‍ അവധി ദിവസങ്ങളിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പ്രസിഡന്റാണ് ട്രംപ് എന്ന് വൈറ്റ് ഹൗസ് വക്താക്കള്‍ അവകാശപ്പെട്ടു. 'അമേരിക്കന്‍ ജനതയ്ക്ക് വേണ്ടി ഇത്രയധികം അധ്വാനിക്കുന്ന മറ്റൊരു പ്രസിഡന്റ് ഉണ്ടായിട്ടില്ല. അദ്ദേഹം നിര്‍ത്താതെ ജോലി ചെയ്യുകയാണ്,' സ്റ്റീവന്‍ ചുങ് കുറിച്ചു.

ഇറാനുമായുള്ള യുദ്ധം ആറാം വാരത്തിലേക്ക് കടക്കുമ്പോള്‍ ആഭ്യന്തരമായി ട്രംപിനെതിരെ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കമായാണ് ഈ വ്യാജവാര്‍ത്തകളെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കാണുന്നത്. യുദ്ധം സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കാനാണ് ലിബറലുകള്‍ ശ്രമിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.

യുദ്ധം നീണ്ടുപോകുന്നതിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിലും അമേരിക്കന്‍ ജനതയ്ക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തില്‍ പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ രാജ്യത്ത് വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

Similar News