രണ്ടു മുന്‍ കാബിനറ്റ് സെക്രട്ടറിമാര്‍ക്കൊപ്പം 25 കൊല്ലം എംപിയായിരുന്ന നേതാവും ഒരാഴ്ചക്കുള്ളില്‍ ടോറി പാര്‍ട്ടി വിട്ട് റിഫോം യുകെയില്‍ ചേര്‍ന്നു; കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ കൂട്ടത്തോടെ റിഫോമിലേക്ക്; ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി പദം ഉറപ്പിച്ച് നൈജല്‍ ഫരാജ്

ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി പദം ഉറപ്പിച്ച് നൈജല്‍ ഫരാജ്

Update: 2026-01-19 00:40 GMT

ലണ്ടന്‍: പാര്‍ട്ടിയില്‍ നിന്നും റിഫോം യു കെയിലേക്കുള്ള ഒഴുക്കു തുടരുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കാന്‍ മാത്രമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തിന് കഴിയുന്നത്. ഇപ്പോഴിതാ, പാര്‍ട്ടി നേതാവ് കെമി ബെയ്ഡ്‌നോക്കിന് വലിയൊരു ഇരുട്ടടി നല്‍കി മറ്റൊരു ടോറി എം പികൂടി റിഫോം യു കെയിലേക്ക് കൂറുമാറിയിരിക്കുന്നു. 25 വര്‍ഷക്കാലമായ റോംഫോര്‍ഡില്‍ നിന്നുള്ള എം പിയും, ഷാഡോ മന്ത്രിയുമായ ആന്‍ഡ്രൂ റോസിന്‍ഡെല്‍ ആണ് ഏറ്റവും ഒടുവിലായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും റിഫോം യു കെയിലെക്ക് എത്തിയ മുതിര്‍ന്ന പാര്‍ട്ടി നേതാവ്. ഷാഗോസ് ദ്വീപ് സമൂഹങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലെ പാര്‍ട്ടി നിലപാടാണ് പാര്‍ട്ടിമാറാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പതിനാലാമത്തെ വയസ്സുമുതല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന റോസിന്‍ഡെല്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ റിഫോം യു കെയിലേക്ക് ചേക്കേറുന്ന മൂന്നാമത്തെ പ്രധാനിയായ ടോറി നേതാവാണ്. നേരത്തെ ഷാഡോ ജസ്റ്റിസ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക്കും, മുന്‍ ചാന്‍സലര്‍ നദീം സഹാവിയും റിഫോമില്‍ എത്തിയിരുന്നു. ജെന്റിക്ക് മാറിയ ഉടന്‍ തന്നെ ഷാഡോ ക്യാബിനറ്റില്‍ നിന്നും മറ്റാരും പോവുകയില്ലെന്ന് ഉറപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് കെമി ബെയ്ഡ്‌നോക്ക് പറഞ്ഞ് തൊട്ടടുത്ത ദിവസമാണ് ഇപ്പോള്‍ റോസിന്‍ഡേല്‍ പാര്‍ട്ടി മാറുന്നത് എന്നത് ശ്രദ്ധേയമാണ്.

ആന്‍ഡ്രു റോസിന്‍ഡെല്‍ ഒരു തികഞ്ഞ രാജ്യസ്‌നേഹിയാണ് എന്നായിരുന്നു റിഫോം നേതാവ് നെയ്ജല്‍ ഫരാജ് വിശേഷിപ്പിച്ചത്. ഷാഗോസ് ദ്വീപ് സമൂഹത്തിന്റെ കാര്യത്തില്‍ ടോറി നേതാക്കളുടെ നുണകളും വഞ്ചനയും തിരിച്ചറിഞ്ഞിട്ടാണ് അദ്ദേഹം പാര്‍ട്ടി വിട്ടതെന്നും ഫരാജ് പറയുന്നു. മെയ് 7 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ വരവ് പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തുപകരുമെന്നും ഫരാജ് പറഞ്ഞു. എക്‌സിലൂടെയാണ് റോസിന്‍ഡെല്‍ താന്‍ പാര്‍ട്ടി മാറുന്ന വിവരം അറിയിച്ചത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് മൗറീഷ്യസിന് കൈമാറുക വഴി, ആ മേഖലയില്‍ രാജ്യത്തിന്റെ പരമാധികാരം സര്‍ക്കാര്‍ അടിയറവയ്ക്കുകയാണെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നുണ്ട്. ബ്രിട്ടീഷ് പരമാധികാരം ഒരു വിദേശ രാജ്യത്തിന് മുന്നില്‍ അടിയറ വയ്ക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഇപ്പോള്‍ എല്ലാവരും കാത്തിരിക്കുന്നത് നാളെ ഉണ്ടായേക്കാം എന്ന് പറയപ്പെടുന്ന ഒരു പ്രഖ്യാപനത്തിനു വേണ്ടിയാണ്. പ്രമുഖനായ ഒരു ലേബര്‍ നേതാവ് റിഫോം യു കെയില്‍ എത്തുമെന്നും അക്കാര്യം ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും എന്നുമായിരുന്നു റിഫോം നേതാവ് നെയ്ജല്‍ ഫരാജ് കഴിഞ്ഞ ദിവസം പറഞ്ഞത്. ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പ്രമുഖനായ ഏതെങ്കിലും നേതാക്കള്‍ റിഫോം യു കെയില്‍ എത്തിയാല്‍ അത് തീര്‍ച്ചയായും പാര്‍ട്ടിക്കും, നേതാവ്, കീര്‍ സ്റ്റാര്‍മര്‍ക്കും ലഭിക്കുന്ന കനത്ത ഒരു പ്രഹരമായിരിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

Tags:    

Similar News