വിദേശികളുടെ യുകെയിലെ സ്വത്തിന്റെ നികുതി ഘടനയില്‍ വന്‍ പൊളിച്ചെഴുത്ത് വരുന്നു; കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ പൂനവാല കുടുംബം ലണ്ടനില്‍ വാങ്ങിയ കോടികളുടെ വീടിന്റെ പേരില്‍ തര്‍ക്കം തുടരുന്നു
വിദേശികളുടെ യുകെയിലെ സ്വത്തിന്റെ നികുതി ഘടനയില്‍ വന്‍ പൊളിച്ചെഴുത്ത് വരുന്നു
ലണ്ടന്‍: കോവിഷീല്‍ഡ് വാക്സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യയുടെ ഉടമകളായ പൂനാവാല കുടുംബം കഴിഞ്ഞ മെയ് മാസത്തില്‍ ലണ്ടനിലെ അതിസമ്പന്നര്‍ താമസിക്കുന്ന പ്രദേശത്ത് 42 മില്യന്‍ പൗണ്ട് വിലവരുന്ന ഒരു അഡംബര സൗധം സ്വന്തമാക്കിയിരുന്നു. ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സറായ നടാഷ പൂനവാലയുടെ പേരില്‍, അവര്‍ ഡയറക്ടറായ ഫിനിറ്റി ഡെവലപ്പേഴ്സിനാണ് ഇത് വിറ്റിരിക്കുന്നതെന്ന് പബ്ലിക് ഫൈലിംഗ്‌സിനെ ആധാരമാക്കി ദി ടെലെഗ്രാഫ് പറയുന്നു.ഓക്സ്‌ഫോര്‍ഡ് - അസ്ട്ര സെനെക കോവിഡ് വാക്സിന്റെ ഇന്ത്യന്‍ പതിപ്പ് നിര്‍മ്മിച്ച സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഒരു എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ് നടാഷ പൂനവാല. പൂനവാല കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ നിര്‍മ്മാണ സ്ഥാപനം.
ഓക്സ്‌ഫോര്‍ഡില്‍ വാക്സിന്‍ ഗവേഷണത്തിനും ഉദ്പാദനത്തിനുമായി ലക്ഷക്കണക്കിന് പൗണ്ടിന്റെ നിക്ഷേപവും ഈ കമ്പനി നടത്തിയിട്ടുണ്ട്. എന്നാല്‍, ഈ കുടുംബത്തിന്റെ ബ്രിട്ടനുമായുള്ള ബന്ധം അവസാനിക്കാന്‍ പോകുന്നു എന്നതിന്റെ ചില സൂചനകള്‍ പുറത്തു വരുന്നുണ്ട്. ബ്രിട്ടനില്‍ താമസിക്കുന്ന, വിദേശ പൗരത്വമുള്ളവര്‍ക്ക്, ബ്രിട്ടന് പുറത്ത് നിക്ഷേപങ്ങളില്‍ നിന്നോ, ജോലിയില്‍ നിന്നോ ഉള്ള വരുമാനം നികുതി രഹിതമാക്കുന്ന നോണ്‍ -ഡോം പദവി നിര്‍ത്തലാക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകോന്‍ട് നടാഷയുടെ ഭര്‍ത്താവായ ആദര്‍ രംഗത്ത് വന്നതാണ് ഇത്തരമൊരു സംശയം ജനിപ്പിക്കുന്നത്.
വരുമാന നികുതി അടയ്ക്കാന്‍ ആവശ്യമായ കുറഞ്ഞ കാലയളവ് ആദര്‍ ബ്രിട്ടനില്‍ ചെലവഴിക്കാറില്ലെങ്കിലും, തന്റെ ഭാര്യയെ ഈ നയമാറ്റം ബാധിക്കും എന്ന് അദ്ദേഹം പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളും വ്യക്തികളും ബ്രിട്ടനില്‍ വന്ന് നിക്ഷേപം നടത്താന്‍ ആകര്‍ഷിക്കപ്പെടുന്ന രീതിയിലുള്ള നയങ്ങളായിരിക്കണം ഉന്നത തലങ്ങളില്‍ നടപ്പാക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു. അതിനു പകരം, ആളുകളെ ബ്രിട്ടനില്‍ നിന്നും അകറ്റുന്ന നിയമങ്ങളാണ് രൂപീകരിക്കുന്നതെന്നും അദ്ദെഹം ചൂണ്ടിക്കാട്ടി.
നോണ്‍ -ഡോം സ്റ്റാറ്റസ് ലഭിച്ച ഒരു വ്യക്തിക്ക്, യു കെയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിനു മാത്രം ഇവിടെ നികുതി നല്‍കിയാല്‍ മതിയായിരുന്നു. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതി സമ്പന്നര്‍ക്ക് നിയമപരമായി തന്നെ, പണം ലാഭകരമായി നിക്ഷേപിക്കാന്‍ കഴിഞ്ഞിരുന്നു. നേറത്തെ, കണ്‍സര്‍വേറ്റീവ് ചാന്‍സലര്‍ ജെറെമി ഹണ്ട്, ഈ നിയമം മാറ്റുന്നതിനുള്ള തുടക്കം കുറിച്ചിരുന്നു. ഇതനുസരിച്ച്, 2025 എപ്രില്‍ മുതല്‍ യു കെയില്‍ എത്തുന്നവര്‍ക്ക് ആദ്യ നാല് വര്‍ഷങ്ങളില്‍ മാത്രമായിരുന്നു നികുതി ഇളവ് അനുവദിച്ചിരുന്നത്.
എന്നാല്‍, ജൂലായില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ലേബര്‍ പാര്‍ട്ടി ഒരുപടി കൂടികടന്ന് നോണ്‍ ഡോം പദവി തന്നെ ഇല്ലാതാക്കുവാനായിരുന്നു തുനിഞ്ഞത്. ഈ മാറ്റങ്ങള്‍, 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച പൂനവാല കുടുംബത്തിന് പ്രതികൂലമായി വരികയാണ്. തന്റെ കുതിരകളെ വിറ്റു കിട്ടിയ 12,000 പൗണ്ടുമായായിരുന്നു ആദറിന്റെ പിതാവ് സൈറസ് പൂനവാല 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. വാക്സിന്‍ കിംഗ് എന്നറിയപ്പെടുന്ന അദ്ദെഹം ഇപ്പോള്‍ കമ്പനിയുടെ ചെയര്‍മാന്‍ ആണ്. 24.5 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള പൂനവാല കുടുംബം ഇന്ത്യയിലെ അതിസമ്പന്ന കുടുംബങ്ങളില്‍ ഒന്നാണ്.