റഷ്യയ്ക്ക് പിന്നാലെ ഉത്തര കൊറിയയും മിസൈല്‍ പരീക്ഷിച്ചു; ഏറ്റവും ദൈര്‍ഘ്യമേറിയ ബാലിസ്റ്റിക് മിസൈല്‍ പരിധിയില്‍ അമേരിക്കയും; ആശങ്ക രേഖപ്പെടുത്തി ദക്ഷിണ കൊറിയയയും ജപ്പാനും

റഷ്യയ്ക്ക് പിന്നാലെ ഉത്തര കൊറിയയും മിസൈല്‍ പരീക്ഷിച്ചു

Update: 2024-10-31 08:51 GMT

സിയോള്‍: ആണവ പോര്‍മുനയുള്ള മിസൈല്‍ പരീക്ഷണം റഷ്യ നടത്തിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇതിന് പിന്നാലെ ഇപ്പോള്‍ ഉത്തര കൊറിയയും ലോകത്തെ ഞെട്ടിക്കുന്ന മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നു. ഏറ്റവും ദൈര്‍ഘ്യമേറിയ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണമാണ് ഉത്തരകൊറിയ നടത്തിയത്. പ്യോങ്യാങ്ങിന്റെ നൂതന ആയുധ പരീക്ഷണം ഭയം ഉയര്‍ത്തുന്നുവെന്ന് ദക്ഷിണ കൊറിയന്‍- ജപ്പാന്‍ അധികൃതര്‍ പ്രതികരിച്ചു.

കിം ജോങ് ഉന്‍ മിസൈലിന്റെ പരീക്ഷണ വിക്ഷേപണത്തില്‍ പങ്കെടുത്ത് ശത്രുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ അറിയിച്ചു. എതിരാളികളെ അറിയിക്കുക എന്ന ഉദ്ദേശ്യം പൂര്‍ണമായി നിറവേറ്റുന്ന ഉചിതമായ സൈനിക നടപടിയാണ് മിസൈല്‍ പരീക്ഷണമെന്നും കിമ്മിനെ ഉദ്ധരിച്ച് കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ജപ്പാന്‍ കടല്‍ എന്നറിയപ്പെടുന്ന കിഴക്കന്‍ കടലിലേക്ക് വ്യാഴാഴ്ച രാവിലെ വിക്ഷേപിച്ച മിസൈല്‍ വെടിവച്ചു വീഴ്ത്തിയതായി ദക്ഷിണ കൊറിയയുടെ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് പ്രസ്താവനയില്‍ പറഞ്ഞു. ഉത്തരകൊറിയയുടെ ദീര്‍ഘദൂര മിസൈലുകള്‍ക്കായി പുതുതായി വികസിപ്പിച്ച ഖര-ഇന്ധന ബൂസ്റ്ററിന്റെ സാധ്യതയിലേക്കാണ് പ്രാഥമിക വിശകലനം വിരല്‍ ചൂണ്ടുന്നതെന്നും ജെ.സി.എസ് പറഞ്ഞു.

രാജ്യത്തിന്റെ വടക്കന്‍ ഹൊക്കൈദോ മേഖലയില്‍നിന്ന് ജപ്പാനിലെ ഒകുഷിരി ദ്വീപിന് പടിഞ്ഞാറായി പതിച്ച മിസൈല്‍ ഉത്തര കൊറിയയുടെ മുന്‍കാല പരീക്ഷണങ്ങളില്‍നിന്നും വ്യത്യസ്തമായി ഏറ്റവും കൂടുതല്‍ സമയം സഞ്ചരിച്ചതായി ജപ്പാന്‍ പ്രതിരോധ മന്ത്രി ജനറല്‍ നകതാനി പറഞ്ഞു. ഇതുവരെയുള്ള ഏതൊരു മിസൈലിലും ഏറ്റവും കൂടുതല്‍ സമയം പറത്തിയതാണിത്. പരമ്പരാഗത മിസൈലുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് കരുതുവെന്നും നകതാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദക്ഷിണ കൊറിയയുടെയും ജപ്പാന്റെയും അഭിപ്രായത്തില്‍ വ്യാഴാഴ്ച മിസൈല്‍ 87 മിനിറ്റിന്റെ പറക്കല്‍ സമയം രേഖപ്പെടുത്തിയെന്നാണ്. 2023 ഡിസംബറിലെ അവസാന പരീക്ഷണ വിക്ഷേപണത്തേക്കാള്‍ ദൈര്‍ഘ്യമേറിയതാണ്. അത് 73 മിനിറ്റായിരുന്നു.

വടക്കന്‍ കൊറിയ ദീര്‍ഘദൂര മിസൈലുകള്‍ പരീക്ഷിക്കുന്നത് ലംബമായിട്ടാണ്. ഇത് ഒരു മിസൈലിനെ വളരെ ഉയര്‍ന്ന ഉയരത്തിലേക്ക് സഞ്ചരിക്കാന്‍ വിടുന്നു. വിക്ഷേപണ സ്ഥലത്തുനിന്ന് തിരശ്ചീനമായി കുറഞ്ഞ അകലത്തില്‍ പതിക്കുകയും ചെയ്യുന്നു. ഒരു ദീര്‍ഘദൂര യുദ്ധഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ നന്നായി മനസ്സിലാക്കുന്നതനുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഇത്തരം വിക്ഷേപണങ്ങള്‍ പ്രാപ്തമാക്കുമെന്ന് പറയപ്പെടുന്നു.

ചൊവ്വാഴ്ച നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ പരീക്ഷണം. ഉത്തരകൊറിയ ആണവ ഉല്‍പാദന ശ്രമങ്ങളും റഷ്യയുമായുള്ള ബന്ധവും ശക്തിപ്പെടുത്തുന്നതില്‍ യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ആശങ്കയേറി വരുന്നതിനിടയിലാണിത്.

യുക്രെയ്‌നിനെതിരെ പോരാടാന്‍ റഷ്യന്‍ സൈനിക യൂണിഫോമില്‍ ഉത്തര കൊറിയന്‍ സൈനികര്‍ റഷ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ കര്‍സ്‌കിലേക്ക് നീങ്ങുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. അപകടകരവും മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്നതുമായ നീക്കമാണിതെന്നും അദ്ദഹം പറഞ്ഞു. ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുനൊപ്പം പെന്റഗണില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു ലോയ്ഡ് ഓസ്റ്റിന്‍.

യുക്രെയ്‌നിനെതിരെ പോരാടാന്‍ സൈന്യത്തെ വിട്ടുനല്‍കുന്നതിനു പകരമായി ഉത്തര കൊറിയ റഷ്യയില്‍ നിന്ന് തന്ത്രപരമായ ആണവായുധങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യയും നേടിയെടുക്കാന്‍ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുന്‍ പറഞ്ഞു. അത്തരത്തിലുള്ള നീക്കം അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്‌നിനെതിരെ പോരാടാന്‍ അയച്ച സൈന്യത്തെ ഉത്തര കൊറിയ പിന്‍വലിക്കണമെന്ന് ലോയ്ഡ് ഓസ്റ്റിനും കിം യോങ് ഹ്യുനും ആവശ്യപ്പെട്ടു.

രണ്ട് ഉത്തര കൊറിയന്‍ സേനാ യൂണിറ്റുകളിലായി 11000 സൈനികര്‍ റഷ്യയ്‌ക്കൊപ്പം ചേര്‍ന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിച്ച ലോയ്ഡ് ഓസ്റ്റിന്‍, എന്താണ് അവിടെ സംഭവിക്കുകയെന്ന് തങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് വ്യക്തമാക്കി. 'ഉത്തര കൊറിയയും റഷ്യയും യുദ്ധ പങ്കാളികളായാല്‍, റഷ്യക്കൊപ്പം പോരാടാന്‍ ഉത്തര കൊറിയ തീരുമാനിച്ചാല്‍ അത് വളരെയേറെ ഗുരുതരമായ സ്ഥിതിയാണ്' ഓസ്റ്റിന്‍ പറഞ്ഞു.

Tags:    

Similar News