തിരിച്ചടി ഒറ്റ ആക്രമണത്തില്‍ ഒതുങ്ങില്ല, ധാരാളം ആക്രമണങ്ങള്‍ ഉണ്ടാകും; വലിയ പ്രത്യാഘാതമുണ്ടാകും; യുഎസും ഞങ്ങള്‍ക്കൊപ്പം ചേരും; ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തിയ ഹൂതികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് നെതന്യാഹു; ഹമാസ് ഒതുങ്ങിയപ്പോള്‍ ഇസ്രായേലിന് ഭീഷണിയായി ഹൂതികള്‍

തിരിച്ചടി ഒറ്റ ആക്രമണത്തില്‍ ഒതുങ്ങില്ല, ധാരാളം ആക്രമണങ്ങള്‍ ഉണ്ടാകും

Update: 2025-05-04 17:31 GMT

ടെല്‍ അവീവ്: ഗാസയില്‍ ഹമാസിനെ സര്‍വശക്തിയും ഉപയോഗിച്ച് ഒതുക്കിയപ്പോള്‍ ഇസ്രായേലിന് ഹൂതികളുടെ ഭീഷണി. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ മറികടന്നെത്തിയ ഹൂതി മിസൈല്‍ വിമാനത്തവളത്തില്‍ പതിച്ചത് ഇസ്രായേലിനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ആദ്യം പകച്ച ഇസ്രായേല്‍ കനത്ത തിരിച്ചടിക്കാണ് ഒരുങ്ങുന്നത്. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലാണ് മിസൈല്‍ പതിച്ചത്.

യെമനിലെ ഹൂതി വിമതര്‍ക്കുള്ള തിരിച്ചടി ഒന്നില്‍ നില്‍ക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കി. ''ഹൂതികളുടെ ആക്രമണത്തിനുള്ള മറുപടി ഒറ്റത്തവണ നല്‍കി അവസാനിപ്പിക്കുന്ന രീതിയില്‍ ഉള്ളതാവില്ല. വലിയ പ്രത്യാഘാതമുണ്ടാകും. ഞങ്ങള്‍ അവര്‍ക്കെതിരെ നടപടിയെടുത്തു കൊണ്ടിരിക്കുകയാണ്. നേരത്തെയും അതു ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. എല്ലാ വിശദാംശങ്ങളും ഇപ്പോള്‍ പറയാനാവില്ല. ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന് യുഎസും അവര്‍ക്കെതിരെ നടപടി എടുക്കുന്നുണ്ട്. തിരിച്ചടി ഒന്നില്‍ നില്‍ക്കില്ല'' എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ നെതന്യാഹു പറഞ്ഞു.

വ്യോമ പ്രതിരോധ സംവിധാനങ്ങളെ പരാജയപ്പെടുത്തി കൊണ്ടാണ് യെമനില്‍നിന്ന് ഹൂതി വിമതര്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ഇസ്രയേലിലെ സുരക്ഷാ പ്രധാന്യമുള്ള മേഖലയില്‍ പതിച്ചത്. ആക്രമത്തിന് പിന്നാലെ സൈനിക നേതൃത്വവുമായി ഫോണില്‍ ചര്‍ച്ച നടത്തിയ നെതന്യാഹു ഉന്നതതല യോഗവും വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നെതന്യാഹു വീഡിയോ സന്ദേശം പങ്കുവെച്ചത്.

ഏഴിരട്ടി ശക്തിയില്‍ ഇസ്രയേല്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്‌സും നേരത്തെ പ്രതികരിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് വിമാനത്താവളത്തില്‍ ആക്രമണമുണ്ടായത്. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലിന് 75 മീറ്റര്‍ മാത്രം അകലെയാണ് മിസൈല്‍ പതിച്ചത്. മിസൈല്‍ പതിച്ച സ്ഥലത്ത് 25 മീറ്ററോളം ആഴത്തില്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. മിസൈലിനെ തകര്‍ക്കാന്‍ ഇസ്രയേല്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആരോ പ്രതിരോധ സംവിധാനവും യുഎസ് നിര്‍മിത ഥാട് സംവിധാനവും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എട്ടുപേര്‍ക്കാണ് സംഭവത്തില്‍ പരുക്കേറ്റത്.

രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളമാണ് ബെന്‍ ഗുരിയോണ്‍. വ്യോമ പ്രതിരോധ സംവിധാനത്തിന്റെ നാല് തലങ്ങളെ മറികടന്നാണ് മിസൈല്‍ വിമാനത്താവളത്തോട് തൊട്ടുകിടക്കുന്ന റോഡിനോട് ചേര്‍ന്നുള്ള തോപ്പില്‍ പതിച്ചത്. 25 മീറ്റര്‍ ആഴമുള്ള ഗര്‍ത്തമാണ് രൂപപ്പെട്ടത്. മിസൈലിനെ പ്രതിരോധിക്കാനുള്ള പല ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനത്താവളത്തിന് അടുത്ത് വീണതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന( ഐ ഡി എഫ് ) അറിയിച്ചു. എന്തായാലും ടെര്‍മിനലില്‍ നേരിട്ട് പതിക്കാതിരുന്നത് ആശ്വാസമായി. പുറത്താണ് വീണതെങ്കിലും യാത്രക്കാര്‍ ആകെ ഭയചകിതരായി.

ആക്രമണത്തില്‍ എട്ടോളം പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേലി ദേശീയ അടിയന്തര സര്‍വീസ് അറിയിച്ചു. സൈന്യം ഗര്‍ത്തത്തിന്റെ വീഡിയോ പുറത്തുവിട്ടു. തങ്ങളുടെ മിസൈസുകളുടെ ദീര്‍ഘദൂരശേഷിയാണ് ആക്രമണം തെളിയിക്കുന്നതെന്ന് ഹൂതി വിമതര്‍ അവകാശപ്പെട്ടു. ഓണ്‍ലൈനില്‍ പങ്കിട്ട വീഡിയോകളില്‍ ഇസ്രയേലിന്റെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് പുക ഉയരുന്നത് കാണാം. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം വളരെ മികച്ചതായാണ് കരുതപ്പെടുന്നത്. എന്നാല്‍, ഇസ്രായേലികളെ അവര്‍ ദുര്‍ബലരാണെന്ന് ഓര്‍മിപ്പിക്കുന്നതായി പുതിയ ആക്രമണം. യെമനില്‍ ആഴ്ചകളോളം നീണ്ടുനിന്ന യു.എസ് വ്യോമാക്രമണങ്ങള്‍ക്ക് ശേഷവും ഹൂതികള്‍ക്ക് 2,000 കിലോമീറ്റര്‍ അകലെ നിന്ന് മിസൈല്‍ തൊടുത്തുവിടാനും ഇസ്രായേലിനെ ആക്രമിക്കാനും കഴിയുമെന്ന് വന്നിരിക്കുന്നു.

കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളില്‍ ഇസ്രായേലിനെതിരെ ഹൂതികള്‍ നടത്തുന്ന നാലാമത്തെ മിസൈല്‍ ആക്രമണമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. യെമനില്‍ നിന്നുള്ള നിരവധി മിസൈലുകള്‍ ഇതിനോടകം തകര്‍ത്തതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിമാനത്താവളം ഒരു മണിക്കൂറോളം അടച്ചിട്ടു. അതേസമയം മിസൈലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മന്‍, സ്പാനിഷ് വിമാന കമ്പനികള്‍ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നെങ്കിലും ഒരു മണിക്കൂറിന് ശേഷം പുനരാരംഭിച്ചതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ മധ്യ ഇസ്രായേലിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികള്‍ ഏറ്റെടുത്തിട്ടുണ്ട്. ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്യ സാരി ടെലിഗ്രാമിലെ പ്രസ്താവനയില്‍ പറഞ്ഞു. മിസൈല്‍ വിജയകരമായി ലക്ഷ്യസ്ഥാനത്ത് പതിച്ചെന്ന് അവകാശപ്പെട്ട യഹ്യ സാരി, സുരക്ഷിതമല്ലാത്ത ഇസ്രായേല്‍ വിമാനത്താവളം ഒഴിവാക്കണമെന്ന് ആഗോള എയര്‍ലൈനുകളോട് ആവശ്യപ്പെട്ടു. അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്നതിനും, ഗസ്സയില്‍ ഇസ്രയേലിന്റെ വംശഹത്യ കുറ്റകൃത്യത്തെ ചെറുക്കുന്നതിനുമായാണ് ആക്രമണം നടത്തിയതെന്ന് പ്രസ്താവനയില്‍ പറയുന്നു.

Tags:    

Similar News