'തങ്ങളില്‍ ആരെ ആക്രമിച്ചാലും ഒരുമിച്ച് പ്രതിരോധിക്കും'; നിര്‍ണായക പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് സൗദി അറേബ്യയും പാക്കിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന്‍ സൗദിയുമായി കരാറില്‍ ഏര്‍പ്പെട്ടത് സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യയും; ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കരാര്‍ സമഗ്രമായി വിശകലനം ചെയ്യുമെന്ന് ഇന്ത്യ

'തങ്ങളില്‍ ആരെ ആക്രമിച്ചാലും ഒരുമിച്ച് പ്രതിരോധിക്കും';

Update: 2025-09-18 08:24 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപിടിയില്‍ തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന്‍ പുതിയ തന്്ത്രങ്ങള്‍ പുറത്തെടുക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ. സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പുവച്ച പ്രതിരോധ കരാറിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിഷയം നേരത്തെ സര്‍ക്കാറിന്റെ പരിഗണനയിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്‌സ്‌വാള്‍ വ്യക്തമാക്കി.

കരാറിനെ കുറിച്ച് നേരത്തെ തന്നെ ഇന്ത്യയ്ക്ക് ധാരണയുണ്ടായിരുന്നു. ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ആഗോള-ദേശീയ സുരക്ഷ ഉറപ്പാക്കാനും കരാര്‍ സമഗ്രമായി വിശകലനം ചെയ്യേണ്ടതുണ്ടെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

ബുധനാഴ്ചയാണ് സൗദിയും പാകിസ്താനും തമ്മില്‍ നിര്‍ണായകമായ പ്രതിരോധകരാറില്‍ ഒപ്പുവെച്ചത്. റിയാദില്‍ നടന്ന കൂടിക്കാഴ്ചയിലായിരുന്നു പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സൗദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാനും കരാറില്‍ ഒപ്പുവെച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ക്ഷണപ്രകാരമാണ് പാക് പ്രധാനമന്ത്രി ഇന്നലെ റിയാദ് സന്ദര്‍ശിച്ചത്. റിയാദിലെ അല്‍-യമാമ കൊട്ടാരത്തില്‍ വെച്ച് സൗദി കിരീടാവകാശി ഷെരീഫുമായി കൂടിക്കാഴ്ച നടത്തി.

സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ ഏകദേശം എട്ട് പതിറ്റാണ്ടായി നീണ്ടുനില്‍ക്കുന്ന ചരിത്രപരമായ പങ്കാളിത്തത്തില്‍ ഊന്നിയാണ് പ്രതിരോധ കരാര്‍ നടപ്പിലാക്കുന്നത് എന്നാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങളും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ചര്‍ച്ചയായതായെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

പാകിസ്താനും സൗദിയും തമ്മില്‍ സമഗ്രമായ പ്രതിരോധ കരാറിലാണ് ഒപ്പുവെച്ചത്. എല്ലാ സൈനിക മാര്‍ഗങ്ങളും ഇതിലുള്‍പ്പെടുന്നുവെന്നാണ് കരാറിനെ കുറിച്ച് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുള്ള പ്രകോപനം ഇരുകൂട്ടര്‍ക്കുമെതിരേയുള്ള പ്രകോപനമായി കണക്കാക്കുമെന്നാണ് കരാറിലെ പ്രധാനപ്പെട്ടൊരു ഉടമ്പടി.

പഹല്‍ഗാം ഭീകരാക്രമണത്തിനും ഇന്ത്യയുടെ പ്രത്യാക്രമണമായ ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തില്‍ ഈ കരാറിന് വലിയ പ്രാധാന്യമുണ്ട്. സൗദി അറേബ്യയുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണുള്ളത്. പ്രധാനമന്ത്രി മോദി മൂന്ന് തവണ സൗദി അറേബ്യ സന്ദര്‍ശിച്ചിട്ടുണ്ട്. 2016-ല്‍ അദ്ദേഹത്തിന് സൗദി അറേബ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കിംഗ് അബ്ദുല്‍ അസീസ് സാഷ് ലഭിച്ചിരുന്നു.

സെപ്റ്റംബര്‍ 9ന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അറബ് ലീഗും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും (ഒഐസി) സംയുക്ത യോഗം വിളിച്ചുചേര്‍ത്ത് രണ്ട് ദിവസത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ കരാര്‍ നിലവില്‍ വരുന്നതെന്നും ശ്രദ്ധേയമാണ്.

ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. നിലവില്‍ സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഈ വര്‍ഷം ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റിയാദ് സന്ദര്‍ശന വേളയില്‍ പഹല്‍ഗാമിലെ ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചിരുന്നു. ഒരു കാരണവശാലും ഭീകരവാദത്തിന്റെ ഒരു പ്രവൃത്തിയെയും ന്യായീകരിക്കാനാവില്ല എന്ന വിഷയത്തില്‍ ഇരുകൂട്ടരും യോജിച്ചതായി ഒരു സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ അപലപിക്കുകയും, മറ്റ് രാജ്യങ്ങള്‍ക്കെതിരെ ഭീകരവാദം ഉപയോഗിക്കുന്നത് പ്രതിരോധിക്കാനും ഭീകരവാദപ്രവര്‍ത്തനങ്ങളുടെ ആസ്ഥാനങ്ങള്‍ തകര്‍ക്കാനും, ഭീകരരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തതായും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി മോദി മൂന്ന് തവണ സൗദി അറേബ്യ സന്ദര്‍ശിച്ചിട്ടുണ്ട് 2016-ല്‍ അദ്ദേഹത്തിന് സൗദി അറേബ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കിങ് അബ്ദുള്‍ അസീസ് സാഷ് നല്‍കി ആദരിക്കുകയും ചെയ്തു.

Tags:    

Similar News