ഗസ്സ വെടിനിര്‍ത്തലിനായി ട്രംപിന്റെ ശ്രമം; ട്രംപിന്റെ പ്രത്യേക ദൂതന്‍ ഖത്തറും ഇസ്രായേലും സന്ദര്‍ശിച്ചു; കൂടിക്കാഴ്ച ഖത്തര്‍ സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്; അധികാരമേറ്റെടുക്കുന്നതിന് മുമ്പ് യുദ്ധം അവസാനിപ്പിക്കാനാണ് ശ്രമം; നയതന്ത്രവും ഭീഷണിയുമായി ട്രംപിന്റെ വിദേശനയം
ഗസ്സ വെടിനിര്‍ത്തലിനായി ട്രംപിന്റെ ശ്രമം
ന്യൂയോര്‍ക്ക്: ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാറിനായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു വശത്ത് ഭീഷണിയും മറുവശത്ത് അനുനയ വഴിയും സ്വീകരിച്ചാണ് ട്രംപ് തന്റെ വിദേശകാര്യ നയം നടപ്പിലാക്കുന്നത്. ഗാസയില്‍ സമാധാന സാധ്യത തേടി ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് ദിവസങ്ങള്‍ക്ക് മുന്‍പ് ഖത്തറും ഇസ്രായേലും സന്ദര്‍ശിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇക്കാര്യം ബൈഡന്‍ ഭരണകൂടത്തിനും അറിയാമായിരുന്നു എന്നാണ് സൂചനകള്‍. വിറ്റ്കോഫുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഖത്തര്‍ പ്രധാനമന്ത്രി സ്ഥിരീകരിച്ചതായി സ്‌കൈ ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. ട്രംപ് അധികാരമേറ്റെടുക്കുന്നതിന് മുമ്പ് യുദ്ധം അവസാനിപ്പിക്കാനാണ് ശ്രമം. യുദ്ധം അവസാനിപ്പിക്കുന്നതിനെപ്പറ്റിയും, ബന്ദി കൈമാറ്റത്തെപ്പറ്റിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഖത്തര്‍ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ അമേരിക്കന്‍ പ്രസിഡന്റായി താന്‍ ചുമതലയേല്‍ക്കുമ്പോഴേക്കും ഗാസയിലെ ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് താക്കീതുമായി ട്രംപ് രംഗത്തുവന്നിരുന്നു. ഇസ്രായേല്‍-ഗാസ യുദ്ധം അവസാനിപ്പിക്കാനും പതിനാല് മാസമായി ബന്ദിയാക്കിയവരെ മോചിപ്പിക്കാനും നിലവിലെ പ്രസിഡന്റ് ജോബൈഡന് സാധിക്കാതെവന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ താക്കീത്.
2025 ജനുവരി 25-ന് താന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ദിവസത്തിനുള്ളില്‍, തടങ്കലിലാക്കിയവരെ മോചിപ്പിച്ചില്ലെങ്കില്‍ മാനവികക്കെതിരെ ക്രൂരതകള്‍ ചെയ്തവര്‍ വലിയ വിലനല്‍കേണ്ടിവരും. അമേരിക്കയുടെ ചരിത്രത്തില്‍ ഇന്നേവരെ ആരും നല്‍കാത്തവിധത്തിലുള്ള കടുത്ത പ്രഹരമായിരിക്കും അത്. ബന്ദികളെ ഇപ്പോള്‍ത്തന്നെ മോചിപ്പിക്കണം, ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇസ്രയേലിന് ശക്തമായ പിന്തുണ നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണമുണ്ടായി. കഴിഞ്ഞദിവസം തെക്കന്‍ ഗാസയിലെ ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. അതേസമയം മുതിര്‍ന്ന ഹമാസ് തീവ്രവാദികളെയാണ് ലക്ഷ്യമിട്ടതെന്നും സാധാരണക്കാര്‍ക്ക് അപകടം ഉണ്ടാകാതിക്കാന്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ഇന്നലെ ഗാസ മുനമ്പില്‍ ഉടനീളം നടന്ന ആക്രമണങ്ങളില്‍ ഒന്നാണ് മുവാസി ടെന്റ് ക്യാമ്പിലേത്. മധ്യ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നാല് കുട്ടികളടക്കം 10 പേര്‍ കൂടി കൊല്ലപ്പെട്ടതായി പലസ്തീന്‍ മെഡിക്കല്‍ വിദഗ്ധര്‍ അറിയിച്ചു. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ ഏഴിന് ശേഷമുള്ള ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പലസ്തീനില്‍ 45,000 ലധികം ആളുകള്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും.
അതേസമയം ഗാസയ്ക്കെതിരായ ഇസ്രയേല്‍ യുദ്ധം വംശഹത്യയ്ക്ക് തുല്യമെന്ന് ആംനസ്റ്റി (മനുഷ്യാവകാശ സംഘടന) ഇന്ന് (ഡിസംബര്‍ 5) പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 'നിങ്ങള്‍ മനുഷ്യനാണെന്ന് തോന്നുന്നു' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട്: ഗാസയില്‍ പലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ വംശഹത്യ, സാക്ഷികളുടെ അഭിമുഖങ്ങള്‍, 'വീഡിയോ ഡിജിറ്റല്‍ തെളിവുകളും' വിശകലനം ചെയ്യല്‍, ഇസ്രയേല്‍ ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ എന്നിവ ഉള്‍പ്പെടുന്ന മാസങ്ങളുടെ ഗവേഷണത്തിന്റെ പരിസമാപ്തിയായിരുന്നു.
1948 ലെ വംശഹത്യ കണ്‍വെന്‍ഷന്‍ നിരോധിച്ച അഞ്ച് ആക്രമണങ്ങളില്‍ മൂന്നെണ്ണമെങ്കിലും ഇസ്രയേല്‍ സൈന്യം ചെയ്തിട്ടുണ്ടെന്ന് ആംനസ്റ്റി വ്യക്തമാക്കി. കൊലപാതകങ്ങള്‍, ഗുരുതരമായ ശാരീരികമോ മാനസികമോ ആയ ഉപദ്രവം, ഒരു ഗ്രൂപ്പിന്റെ ശാരീരിക നാശം വരുത്താന്‍ മനഃപൂര്‍വ്വം ജീവിത സാഹചര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുക ഉള്‍പ്പെടെയാണ് ഇസ്രയേല്‍ സൈന്യം നടത്തിയ വംശഹത്യാ ആക്രമണങ്ങള്‍.
'2023 ഒക്ടോബര്‍ 7 ന് ശേഷം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ വംശഹത്യക്ക് തുല്യമാണെന്ന് വിശ്വസിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ട്,' എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാസങ്ങളോളം തുടര്‍ച്ചയായി പലസ്തീനികളുടെ മേല്‍ ഒരേസമയം നടത്തുന്ന നിയമവിരുദ്ധമായ പ്രവൃത്തികള്‍ ഗാസയിലെ മുഴുവന്‍ ജനങ്ങളുടെയും മാനസികവും ശാരീരികവുമായ ആരോഗ്യത്തില്‍ അഗാധമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്'' എന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.