'കര്‍ഷകരുടെ താത്പര്യത്തിനാണ് ഞങ്ങളുടെ പ്രഥമ പരിഗണന; വ്യക്തിപരമായി വലിയ വില നല്‍കേണ്ടിവരുമെന്ന് എനിക്കറിയാം; എങ്കിലും ഒരു വിട്ടുവീഴ്ചക്കുമില്ല; കര്‍ഷകര്‍ക്ക് വേണ്ടി എന്തും നേരിടാന്‍ തയാര്‍; ട്രംപിന്റെ തീരുവയില്‍ പ്രധാനമന്ത്രി മോദിയുടെ ആദ്യ പ്രതികരണം പുറത്ത്
കര്‍ഷകരുടെ താത്പര്യത്തിനാണ് ഞങ്ങളുടെ പ്രഥമ പരിഗണന
ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധിക തീരുവയില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കന്നുകാലി വളര്‍ത്തല്‍, മീന്‍പിടിത്തക്കാര്‍, കര്‍ഷകര്‍ എന്നിവരുടെ താല്‍പര്യങ്ങള്‍ ബലികഴിപ്പിച്ച് ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് മോദി പറഞ്ഞു. ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ എം.എസ് സ്വാമിനാഥന്‍ സെനിറ്ററി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
''കര്‍ഷകരുടെ താത്പര്യത്തിനാണ് ഞങ്ങളുടെ പ്രഥമ പരിഗണന. ഇന്ത്യയിലെ കര്‍ഷകരുടെയും കന്നുകാലി വളര്‍ത്തുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങളില്‍ രാജ്യം ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി വലിയ വില നല്‍കേണ്ടിവരുമെന്ന് എനിക്കറിയാം, പക്ഷേ ഞാന്‍ തയ്യാറാണ്. രാജ്യത്തെ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കന്നുകാലി വളര്‍ത്തുന്നവര്‍ക്കും വേണ്ടി ഇന്ത്യയും തയ്യാറാണ്', ട്രംപിന്റെ തീരുവകള്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മറുപടി.
ഇന്ത്യക്കുള്ള തീരുവ 50 ശതമാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉയര്‍ത്തിയിരുന്നു. നേരത്തേ പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കത്തിനു പുറമേ, റഷ്യന്‍ എണ്ണ വാങ്ങുന്നതിനു പിഴയായി 25 ശതമാനം കൂടി അധിക തീരുവ ചുമത്തുന്ന എക്‌സിക്യുട്ടിവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിക്ക് തീരുമാനം കനത്ത തിരിച്ചടിയാകും.
ആഗസ്റ്റ് രണ്ടിന് പ്രഖ്യാപിച്ച പകരച്ചുങ്കം നടപ്പാക്കുന്നത് മൂന്നുതവണ മാറ്റിവെച്ചശേഷം വ്യാഴാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കേയാണ് ട്രംപിന്റെ നടപടി. 25 ശതമാനം പകരച്ചുങ്കം വ്യാഴാഴ്ച നിലവില്‍ വരുമെങ്കിലും പിഴയായി ചുമത്തിയ 25 ശതമാനം അധിക തീരുവ 21 ദിവസത്തിനുശേഷമായിരിക്കും പ്രാബല്യത്തില്‍ വരുക. ഇന്ത്യക്കെതിരെ 24 മണിക്കൂറിനുള്ളില്‍ അധികതീരുവ ചുമത്തുമെന്ന് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കുന്നതിനാല്‍ ഇന്ത്യയുമായി വ്യാപാരം നടത്താനാകുന്നില്ലെന്നാണ് ട്രംപിന്റെ ആരോപണം. യുക്രെയ്‌നുമായി യുദ്ധം തുടരുന്ന റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനാല്‍ ഇന്ത്യക്കെതിരെ തീരുവക്ക് പുറമേ, പിഴയും ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.