റഷ്യ അമേരിക്ക ബന്ധം കൂടുതൽ വഷളാകുന്നു; ആണവ കരാറിൽ നിന്നും പിൻവാങ്ങൽ പ്രഖ്യാപിച്ച് റഷ്യ; പ്രഖ്യാപനം ട്രംപിന്റെ പ്രകോപനത്തിന് പിന്നാലെ; ആണവ ആയുധങ്ങളുടെ നിയന്ത്രണത്തിനുള്ള ധാരണകളിൽ വിള്ളൽ; യുക്രെയ്നുമായുള്ള യുദ്ധം തുടരുന്നതിനിടെയുള്ള പിന്മാറ്റത്തിൽ ലോക രാജ്യങ്ങൾ ആശങ്കയിൽ
മോസ്കോ: ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്സസ് (ഐഎൻഎഫ്) കരാറിൽ നിന്ന് റഷ്യ പിൻമാറി. 1987ൽ യുഎസുമായി ഒപ്പുവച്ച ഈ കരാർ ഇരുരാജ്യങ്ങളും പരസ്പരം ഹ്രസ്വ–മധ്യദൂര മിസൈലുകൾ ഉപയോഗിക്കുന്നത് നിരോധിക്കുന്നതായിരുന്നു. യുക്രെയ്നുമായുള്ള യുദ്ധം തുടരുന്നതിനിടെ കരാരിൽ നിന്ന് റഷ്യ പിന്മാറിയതോടെ ആശങ്കകൾ വർധിക്കുകയാണ്. യുക്രെയിൻ യുദ്ധത്തിന് തുടർച്ചയായി റഷ്യ അമേരിക്ക ബന്ധം കൂടുതൽ സംഘർഷ ഭരിതമാവുകയാണെന്നാണ് വ്യക്തമാകുന്നത്. സോവിയറ്റ് കാലഘട്ടത്തിലെ ഉടമ്പടി പാലിക്കാനുള്ള ബാധ്യത ഇനി തങ്ങള്‍ക്കില്ലെന്നും മുന്‍പ് സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ട്രംപ് സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് റഷ്യയുടെ പുതിയ നീക്കം. റഷ്യക്ക് സമീപം രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ സൈന്യത്തോട് ട്രംപ് ദിവസങ്ങൾക്ക് മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിന്റെ ഭാഗത്ത് നിന്ന് നിർണായക നീക്കമുണ്ടാകുന്നത്. യു എസ് നേരത്തെ തന്നെ ഈ കരാറിൽ നിന്നും സ്വയം പിൻവാങ്ങിയിരുന്നെങ്കിലും റഷ്യ സംയമനം തുടരുകയായിരുന്നു. എന്നാൽ കരാറിൽ നിന്ന് റഷ്യ കൂടി പിന്മാറിയതോടെ ആണവ ആയുധങ്ങളുടെ നിയന്ത്രണത്തിനുള്ള ധാരണകളിൽ വിള്ളൽ വീഴ്ത്തി.
1987ൽ സോവിയറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവും അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് റീഗനുമാണ് കരാറിൽ ഒപ്പുവച്ചത്. കരാറനുസരിച്ച് 500 മുതൽ 5,500 കിലോമീറ്റർ വരെ പരിധിയുള്ള മിസൈലുകൾ ഇരുരാജ്യങ്ങളും ഉപയോഗിക്കുന്നത് പരസ്പരം നിരോധിച്ചിരുന്നു. 2019ൽ തന്നെ യു എസ് കരാറിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചു. പ്രകോപനം ഉണ്ടാകാതിരിക്കുന്നിടത്തോളം തങ്ങൾ യുഎസിനു സമീപം മിസൈലുകൾ വിന്യസിക്കില്ലെന്ന നിലപാടിൽ റഷ്യ ഉറച്ചു നിന്നിരുന്നു.
എന്നാൽ യുഎസിന്റെയും അവരുടെ നേതൃത്വത്തിൽ നാറ്റോ രാജ്യങ്ങളുടെയും ഭാഗത്തുനിന്ന് സ്ഥിരത ലംഘിക്കപ്പെടുന്ന തരത്തിലുള്ള നീക്കങ്ങളുണ്ടാകുന്നതോടെയാണ് റഷ്യ പിൻമാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യൻ മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവും ഇതിനെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ തന്നെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് കരാർ ഇനി പ്രായോഗികമല്ലെന്ന് പറഞ്ഞിരുന്നു. കൂടാതെ അമേരിക്ക ആഗോളതലത്തിൽ ആണവ ആയുധങ്ങൾ വിന്യസിച്ചതായി ആരോപിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് റഷ്യയുടെ പിന്മാറ്റം.
ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്സസ് (ഐഎൻഎഫ്) ഉടമ്പടി
1987-ൽ സോവിയറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവും യുഎസ് പ്രസിഡന്റ് റൊണാൾഡ് റീഗനും ഒപ്പുവച്ച ഐഎൻഎഫ് ഉടമ്പടി, 500 മുതൽ 5,500 കിലോമീറ്റർ (311 മുതൽ 3,418 മൈൽ വരെ) ദൂരപരിധിയുള്ള കരയിൽ നിന്ന് വിക്ഷേപിക്കാവുന്ന മിസൈലുകൾ ഉൾപ്പെടെ ഒരു മുഴുവൻ തരം ആയുധങ്ങളും പരസ്പരം വിന്യസിക്കുന്നത് നിരോധിച്ചു.