പുടിന്റെ കൊട്ടാരത്തിലേക്ക് സെലെന്‍സ്‌കിയെ ക്ഷണിച്ച് ക്രെംലിന്‍! സുരക്ഷ ഉറപ്പ്, പക്ഷേ ചതിക്കുഴിയോ? ട്രംപിന്റെ ചാണക്യതന്ത്രത്തിന് മുന്നില്‍ റഷ്യ വീഴുന്നു; ഭൂമി വിട്ടുകൊടുക്കില്ലെന്ന് യുക്രെയ്ന്‍; സമാധാന സേന വരുമോ? റഷ്യന്‍ ക്യാമ്പിലെ പുകച്ചിലും അബുദാബിയിലെ രഹസ്യ നീക്കങ്ങളും

പുടിന്റെ കൊട്ടാരത്തിലേക്ക് സെലെന്‍സ്‌കിയെ ക്ഷണിച്ച് ക്രെംലിന്‍!

Update: 2026-01-29 17:08 GMT

മോസ്‌കോ/വാഷിംഗ്ടണ്‍: നാല് വര്‍ഷമായി യൂറോപ്പിനെ ചുട്ടുപൊള്ളിക്കുന്ന യുക്രെയ്ന്‍ യുദ്ധക്കളത്തില്‍ നിന്നും ഒടുവില്‍ ഒരു സമാധാന വാര്‍ത്ത വരുന്നു. തന്നെ കൊന്നൊടുക്കാന്‍ മിസൈലുകള്‍ അയക്കുന്ന പുടിന്റെ കൊട്ടാരത്തിലേക്ക് വരാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയോട് റഷ്യ ഒരിക്കല്‍ കൂടി ആവശ്യപ്പെട്ടിരിക്കുന്നു. വെറുതെയല്ല ഈ വിളി;വൈറ്റ് ഹൗസിന്റെ അമരത്തിരുന്ന് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന അതിശക്തമായ സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഫലമാണിതെന്ന് ലോകം തിരിച്ചറിയുന്നു.

അബുദാബിയിലെ ആഡംബര ഹോട്ടലുകളില്‍ അടച്ചിട്ട മുറികളില്‍ അമേരിക്കന്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ ലക്ഷ്യം കാണുന്നുവെന്നാണ് സൂചന. പുടിനും സെലെന്‍സ്‌കിയും ഉടന്‍ നേര്‍ക്കുനേര്‍ കണ്ടേക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിക്കുമ്പോള്‍, ലോകം ചോദിക്കുന്നത് ഒന്നാണ്: ഭൂമി വിട്ടുകൊടുക്കാന്‍ സെലെന്‍സ്‌കി തയ്യാറാകുമോ?

ഒരുവശത്ത് സമാധാന ചര്‍ച്ചയും മറുവശത്ത് യുദ്ധവും

ഒരു വശത്ത് സമാധാന ചര്‍ച്ചകള്‍ മുറുകുമ്പോള്‍ മറുവശത്ത് യുദ്ധം ചോരപ്പുഴ ഒഴുക്കുകയാണ്. 'ചര്‍ച്ച വേണ്ട, യുദ്ധം മതി' എന്ന് പരസ്യമായി പ്രഖ്യാപിച്ച് ചെച്നിയന്‍ നേതാവ് റംസാന്‍ കദിറോവ് രംഗത്തെത്തിയത് റഷ്യന്‍ ക്യാമ്പിലെ തന്നെ ഭിന്നത വെളിവാക്കുന്നു. മോസ്‌കോയിലേക്ക് സെലെന്‍സ്‌കി ചെന്നാല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ക്രെംലിന്‍ പറയുമ്പോഴും, അത് ചതിക്കുഴിയാണോ എന്ന് കീവ് ഭയപ്പെടുന്നു.

ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റവും പുതിയ യുദ്ധക്കെടുതിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൈമാറിയതിന് പിന്നാലെയാണ് ക്രെംലിന്‍ ഈ പ്രസ്താവന നടത്തിയത്. ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ പരസ്പരം ആക്രമണം നടത്തുന്നത് നിര്‍ത്താന്‍ മോസ്‌കോയും കീവും തമ്മില്‍ ധാരണയായെന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ ക്രെംലിന്‍ തയ്യാറായിട്ടില്ല.

കഴിഞ്ഞ വാരാന്ത്യത്തില്‍ അബുദാബിയില്‍ നടന്ന അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ സമാധാന ശ്രമങ്ങള്‍ക്ക് പുതിയ വേഗത പകര്‍ന്നിട്ടുണ്ട്. എങ്കിലും റഷ്യയുടെയും യുക്രെയ്‌നിന്റെയും നിലപാടുകള്‍ തമ്മില്‍ ഇപ്പോഴും വലിയ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു. ഒരുവശത്ത് അതിശക്തമായ പോരാട്ടം തുടരുമ്പോള്‍, മറുവശത്ത് മിസൈല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് തകര്‍ന്ന വൈദ്യുതി വിതരണം മൂലം കടുത്ത പ്രതിസന്ധിയിലാണ് കീവ്.

സെലന്‍സ്‌കി-പുടിന്‍ കൂടിക്കാഴ്ചയ്ക്ക് സാധ്യതയേറി

അബുദാബി ചര്‍ച്ചകള്‍ക്ക് ശേഷം സെലെന്‍സ്‌കിയും പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതയേറിയതായി ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. റഷ്യന്‍-യുക്രെയ്ന്‍ പ്രതിനിധികള്‍ തമ്മിലുള്ള അടുത്ത ഘട്ട ചര്‍ച്ച ഞായറാഴ്ച അബുദാബിയില്‍ നടക്കും. ലോകമഹായുദ്ധത്തിന് ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ ഈ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചര്‍ച്ചകളില്‍ 'വളരെ നല്ല കാര്യങ്ങള്‍' സംഭവിക്കുന്നുണ്ടെന്ന് ചൊവ്വാഴ്ച പറഞ്ഞു.

എങ്കിലും, യുദ്ധാനന്തരം ഏത് പ്രദേശം ആര്‍ക്ക് ലഭിക്കും, അന്താരാഷ്ട്ര സമാധാന സേനയുടെ സാന്നിധ്യം, റഷ്യയുടെ നിയന്ത്രണത്തിലുള്ള സാപ്പോറീഷ്യ ആണവനിലയത്തിന്റെ ഭാവി തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും വലിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സെലെന്‍സ്‌കിയെ മോസ്‌കോയിലേക്ക് ക്ഷണിച്ച കാര്യത്തില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. സമാനമായ ഒരു ക്ഷണം കഴിഞ്ഞ വര്‍ഷം സെലെന്‍സ്‌കി നിരസിച്ചിരുന്നു. തന്റെ രാജ്യത്തിന് നേരെ ദിവസവും മിസൈലുകള്‍ തൊടുക്കുന്ന രാജ്യത്തിന്റെ തലസ്ഥാനത്തേക്ക് പോകാന്‍ കഴിയില്ലെന്നും പകരം പുടിന്‍ കീവിലേക്ക് വരണമെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്.

പുടിനും സെലെന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച കൃത്യമായ തയ്യാറെടുപ്പുകളോടെയും ഫലപ്രാപ്തി ലക്ഷ്യം വെച്ചുള്ളതാകണമെന്നും മോസ്‌കോയിലെത്തിയാല്‍ സെലെന്‍സ്‌കിയുടെ സുരക്ഷ ഉറപ്പാക്കുമെന്നും ക്രെംലിന്‍ അറിയിച്ചു. എന്നാല്‍, നിലവില്‍ റഷ്യയുടെ നിയന്ത്രണത്തിലല്ലാത്ത ഡൊണെറ്റ്സ്‌ക് മേഖലയുടെ 20 ശതമാനം ഭാഗത്തുനിന്നും യുക്രെയ്ന്‍ സൈന്യം പിന്മാറണമെന്നാണ് റഷ്യയുടെ പ്രധാന ആവശ്യം. യുദ്ധക്കളത്തില്‍ പിടിച്ചെടുക്കാത്ത ഭൂമി വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് കീവും വ്യക്തമാക്കുന്നു.

അതേസമയം, സമാധാന ചര്‍ച്ചകളേക്കാള്‍ യുദ്ധം തുടരുന്നതാണ് നല്ലതെന്ന് ചെച്നിയന്‍ നേതാവ് റംസാന്‍ കദിറോവ് അഭിപ്രായപ്പെട്ടു. താന്‍ ചര്‍ച്ചകള്‍ക്ക് വിരുദ്ധനാണെന്നും യുദ്ധം അതിന്റെ അന്ത്യം വരെ തുടരണമെന്നുമാണ് കദിറോവ് മോസ്‌കോയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Tags:    

Similar News