വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട..! യുക്രൈനുമായി വെടിനിര്‍ത്തലിനായുള്ള നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ട്രംപിനോട് പുട്ടിന്‍; അമേരിക്കയ്ക്ക് അവരുടേതായ താല്‍പ്പര്യങ്ങള്‍; നിലപാട് അറിയിക്കുന്ന പുട്ടിന്റെ വീഡിയോ റഷ്യയുടെ ഔദ്യോഗിക ചാനല്‍ പുറത്തുവിട്ടു
വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട..!
മോസ്‌കോ: യുക്രൈനുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പല ശ്രമങ്ങളും നടത്തുന്നത് തുടരുകയാണ്. അതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ ഇക്കാര്യത്തില്‍ ട്രംപിനോട് ഇപ്പോള്‍ കര്‍ക്കശ നിലപാടുമായി രംഗത്ത് എത്തിയിരിക്കുകയാണ്. വെടിനിര്‍ത്തലിനായുള്ള നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കരുതെന്നാണ് പുട്ടിന്‍ അമേരിക്കന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പുട്ടിന്‍ ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോ റഷ്യയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടു. മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച യുദ്ധം
ഒത്തുതീര്‍പ്പാക്കാന്‍ തന്റെ പക്കല്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്നും അത് കൊണ്ട് തന്നെ അമേരിക്ക ഇതിനായി തയ്യാറാക്കിയ ബ്ലൂപ്രിന്റിലേക്ക് തങ്ങളെ തള്ളിവിടരുതെന്നും പുട്ടിന്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ ജനതയ്ക്കും ട്രംപ് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ നേതാക്കള്‍ക്കും അവരുടേതായ രാജ്യ താല്‍പ്പര്യങ്ങളുണ്ട് എന്നും പുട്ടിന്‍ ചൂണ്ടിക്കാട്ടി.
അതിനെ റഷ്യ എക്കാലത്തും ആദരവോടെ തന്നെയാണ് കണ്ടിട്ടുള്ളത്. റഷ്യയേയും അതേ രീതിയില്‍ പരിഗണിക്കും എന്നാണ്
കരുതുന്നതെന്നും പുട്ടിന്‍ തുറന്നടിച്ചു. ട്രംപും പുട്ടിനുമായി ഇന്ന് യുദ്ധം അവസാനിപ്പിക്കുന്ന കാര്യം ഫോണില്‍ ചര്‍ച്ച ചെയ്യാനിരിക്കുന്ന വേളയിലാണ് റഷ്യന്‍ പ്രസിഡന്റ് ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. അതേ സമയം മാര്‍ച്ച് അവസാനമാണ് പുട്ടിന്റെ വാക്കുകള്‍ റെക്കോര്‍ഡ് ചെയ്തത് എന്നാണ് കരുതപ്പെടുന്നത്. ഇന്ന് താന്‍ പുട്ടിനുമായി നടത്തുന്ന ചര്‍ച്ചക്ക് ശേഷം റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ആണ് റഷ്യ നേരത്തേ റെക്കോര്‍ഡ് ചെയേ്ത് സൂക്ഷിച്ചിരുന്ന പുട്ടിന്റെ വീഡിയോ പുറത്തു വിട്ടതെന്നാണ് സൂചന.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുക്രൈനുമായി ആരംഭിച്ച യുദ്ധം വളരെ യുക്തിസഹമായ രീതിയില്‍ അവസാനിപ്പിക്കാനുള്ള ശക്തിയും സന്നാഹങ്ങളും തങ്ങള്‍ക്കുണ്ടെന്നും പുട്ടിന്‍ അമേരിക്കന്‍ പ്രസിഡന്റിനെ ഓര്‍മ്മിപ്പിച്ചു. 2022 മുതല്‍ തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് പുട്ടിന്‍ ഇതില്‍ പരാമര്‍ശങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. ഇന്ന് അമേരിക്കന്‍ സമയം രാവിലെ പത്ത് മണിക്കാണ് പുട്ടിനും ട്രംപും തമ്മില്‍ ഫോണില്‍ ചര്‍ച്ച നടത്തുന്നത്. ഇപ്പോള്‍ ഓരോ ആഴ്ചയും ഇരു രാജ്യങ്ങളിലും നിന്നായി ശരാശരി അയ്യായിരം സൈനികരെങ്കിലും കൊല്ലപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ രക്തച്ചൊരിച്ചില്‍ ഒഴിവാക്കുക, അമേരിക്കയും റഷ്യയും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുക എന്നിവയാണ് ഇരു നേതാക്കളും തമ്മില്‍ നടക്കുന്ന ചര്‍ച്ചയിലെ പ്രധാന അജണ്ട. ഇന്നത്തെ സംഭാഷണങ്ങള്‍ക്ക് ശേഷം യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും നാറ്റോ നേതാക്കളുമായും ചര്‍ച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന യുദ്ധത്തിന് വിരാമം ആകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ഒരു യുദ്ധം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നു എന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.ട്രംപ്, പുടിന്‍, വിമര്‍ശനം, യുക്രൈന്‍, യുദ്ധം