'ആയുധങ്ങള്‍ എടുത്ത് പോരാടണം'; ട്രംപിന്റെ ഗാസ പ്ലാനിനെ തകര്‍ക്കാന്‍ ഹമാസ് അനുകൂലികളോട് പോരാടാന്‍ ആവശ്യപ്പെട്ട് നേതാവ്; കത്തിയും കല്ലും കയ്യില്‍ കരുതി ആക്രമിക്കാന്‍ ആഹ്വാനം; ട്രംപിന്റേത് ഗാസയിലെ ജനങ്ങള്‍ക്ക് പട്ടിണിയും കൂട്ടക്കൊലയും ഒരുമിച്ച് നല്‍കാനുള്ള ക്രൂര പദ്ധതിയെന്ന് സമി അബു സുഹ്രി
'ആയുധങ്ങള്‍ എടുത്ത് പോരാടണം'
ഗാസ സിറ്റി: ഗാസയിലെ പൗരന്‍മാരെ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ ്ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിക്കെതിരെ ആയുധമെടുത്ത് പോരാടാന്‍ ആഹ്വാനവുമായി മുതിര്‍ന്ന ഹമാസ് നേതാവ്. ലോകമെമ്പാടുമുള്ള ഹമാസ് അനുകൂലികളോടാണ് ഇയാള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സമി അബു സുഹ്രിയാണ് ഇതിനായി ഹമാസ് അനുകൂലികളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ഗാസയിലെ ജനങ്ങള്‍ക്ക് പട്ടിണിയും കൂട്ടക്കൊലയും ഒരുമിച്ച് നല്‍കാനുള്ള ഈ ക്രൂരമായ പദ്ധതിയെ ലോകമെമ്പാടുമുള്ള ആയുധമെടുക്കാന്‍ കഴിയുന്ന എല്ലാവരും അതിന് സന്നദ്ധരാകണം എന്നാണ് സുഹ്രി ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഫോടക വസതുക്കളും വെടിയുണ്ടയും കത്തിയും കല്ലും എല്ലാം കൈയ്യില്‍ കരുതണം. എല്ലാവരും നിശബ്ദത വെടിയണമെന്നും ഹമാസ് നേതാവ് ആവശ്യപ്പെട്ടു.
ഹമാസ് നേതാക്കളെ ഗാസ വിടാന്‍ അനുവദിക്കാമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാഗ്ദാനം വന്നതിന് തൊട്ടുപിന്നാലെയാണ് അബു സുഹ്രിയുടെ ഈ ആഹ്വാനം. ഗാസയിലെ യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ ഹമാസ് ഭീകരര്‍ നിരായുധരാകണം എന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഗാസയിലെ ജനങ്ങളെ ഈജിപ്തിലേക്കും ജോര്‍ദ്ദാനിലേക്കും മാററിപ്പാര്‍പ്പിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ചില കാര്യങ്ങള്‍ നടപ്പിലാക്കുകയാണെന്ന് അറിയിച്ചിരുന്നു.
യുദ്ധാനന്തരം ഇസ്രായേല്‍ ഗാസയുടെ മൊത്തത്തിലുള്ള സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീന്‍ പ്രദേശത്ത് താമസിക്കുന്ന 2.4 ദശലക്ഷം ആളുകളെ കൂട്ടത്തോടെ കുടിയിറക്കണമെന്ന് ആദ്യം ആഹ്വാനം ചെയ്ത ട്രംപ് പദ്ധതി 'സ്വമേധയാ ഉള്ള കുടിയേറ്റ പദ്ധതി' എന്ന് വിശേഷിപ്പിച്ചുകൊണ്ട് 'നടപ്പാക്കാന്‍ പ്രാപ്തമാക്കുമെന്നും' നെതന്യാഹു പറഞ്ഞു. ഗാസയില്‍ താമസിക്കുന്ന 2.4 ദശലക്ഷം ആളുകളെ മറ്റ്് രാജ്യങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള ട്രംപിന്റെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഈ നിര്‍ദ്ദേശത്തിന് എതിരെ ഫലസ്തീന്‍ അനുകൂല രാജ്യങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത് . ഭൂരിപക്ഷം അറബ് രാജ്യങ്ങളും ഈ നിര്‍ദ്ദേശത്തെ തള്ളിക്കളഞ്ഞിരുന്നു. കൂടാതെ ഐക്യരാഷ്ട്രസഭയും ഈ നീക്കം വംശീയമായ ഉന്മൂലനത്തിന് കാരണമാകുമെന്ന് വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഹമാസ് നേതാവിന്റെ ഈ ആഹ്വാനം വരുന്നത് അങ്ങേയറ്റം അസന്നിഗ്ധമായ ഒരു കാലഘട്ടത്തിലാണ് എന്നതാണ് മറ്റൊരു പ്രധാന കാര്യം.
ഹമാസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതികാര നടപടികള്‍ വകവെയ്ക്കാതെ ആയിരക്കണക്കിന് ഗാസാ നിവാസികളാണ് ഇപ്പോള്‍ തീവ്രവാദ സംഘടനക്ക് എതിരെ ഗാസയില്‍ പ്രതിഷേധ റാലികളില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ഹമാസ് ഭീകരര്‍ ഒരു പ്രതിഷേധക്കാരനെ തട്ടിക്കൊണ്ടു പോയി ഭീകരമായി മര്‍ദ്ദിച്ചതിന് ശേഷം അയാളുടെ വീടിന് മുന്നില്‍ ഉപേക്ഷിച്ചത് ഒരു മുന്നറിയിപ്പായിട്ടാണ് കരുതപ്പെടുന്നത്.
പ്രസിഡന്റായി ചുമതലയേറ്റതിന് തൊട്ടു പിന്നാലെയാണ് ഗാസാ ഏറ്റെടുത്ത് വലിയൊരു ടൂറിസ്റ്റ് കേന്ദ്രമാക്കും എന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഗാസയില്‍ നിന്ന്് കുടിയൊഴിപ്പിക്കുന്നവര്‍ക്ക് പിന്നെ ഒരിക്കലും നാട്ടിലേക്ക് മടങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ ഏഴിന് ശേഷം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ അമ്പതിനായിരത്തോളം പേര്‍ ഇതുവരെ കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്.