ഗാസ സിറ്റിയിലേക്ക് ഇരച്ചുകയറി ഇസ്രായേലിന്റെ പീരങ്കിപ്പട; നിമിഷ നേരം കൊണ്ട് കെട്ടിടങ്ങള്‍ തവിടുപൊടിയാക്കി വ്യോമാക്രമണങ്ങളും; ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിലച്ചതോടെ ദുരിതം പുറംലോകം അറിയാനും സാധ്യത കുറഞ്ഞു; സിറ്റി പിടിക്കാന്‍ മാസങ്ങളെടുക്കുമെന്ന് കണക്കുകൂട്ടല്‍; എങ്ങോട്ടെന്ന് അറിയാതെ കൂട്ടപ്പലായനത്തില്‍ പലസ്തീന്‍ ജനത

ഗാസ സിറ്റിയിലേക്ക് ഇരച്ചുകയറി ഇസ്രായേലിന്റെ പീരങ്കിപ്പട

Update: 2025-09-18 01:21 GMT

ജറുസലം: ഗാസ സിറ്റി പിടിക്കാനുള്ള ഇസ്രായേലിന്റെ കരയുദ്ധം തുടങ്ങിയതോടെ ദുരിതക്കയത്തിലാണ് പലസ്തീന്‍ ജനത. എങ്ങോട്ടെന്ന് അറിയാതെ ജീവനും കൊണ്ട് പരക്കംപായുകയാണ് പലസ്തീന്‍ ജനത. ഇതിനിടെ ഇസ്രായേല്‍ പീരങ്കികള്‍ ഗാസ സിറ്റിയിലേക്ക് ഇരച്ചെത്തിയിട്ടുണ്ട്. ഇവര്‍ ആക്രമണങ്ങളുമായി മുന്നേറുമ്പോള്‍ തന്നെ വ്യോമാക്രമണവും ഇസരായേല്‍ കടുപ്പിച്ചു. നിമിഷ നേരങ്ങള്‍ കൊണ്ട് കൂറ്റന്‍ കെട്ടിടങ്ങള്‍ തവിടുപൊടിയാക്കിയാണ് ഇസ്രായേല്‍ വ്യോമാക്രമണം.

അതേസമയം കരയുദ്ധം മാസങ്ങള്‍ നീളുമെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തല്‍. ഈ ഓപ്പറേഷനോടെ ഹമാസ് ഭീകരരെ തുടച്ചുനീക്കും എന്നതാണ് ഇസ്രായേലിന്റെ നീക്കം. ഇനി ഗാസാ മുനമ്പ് ഭരിക്കാന്‍ ഹമാസിന് വിട്ടുകൊടുക്കില്ലെന്ന് അവര്‍ ഉറപ്പിക്കുന്നു. ഇസ്രയേല്‍ ടാങ്കുകള്‍ 3 ഭാഗത്തുനിന്ന് നഗരകേന്ദ്രത്തിലേക്കും പടിഞ്ഞാറന്‍ മേഖലയിലേക്കും നീങ്ങുകയും മറ്റൊരു സംഘം കിഴക്കന്‍ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഗാസ സിറ്റിയിലെ 19 പേരുള്‍പ്പെടെ 30 പേര്‍ ഇന്നലെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ 2023 ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 65,000 കടന്നു.

സിറ്റി ഉള്‍പ്പെടുന്ന ഗാസയുടെ വടക്കന്‍ മേഖലയില്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിലച്ച അവസ്ഥയിലാണ്. ഇതോടെ ഗാസയിലെ ദുരിതം പുറംലോകം അറിയാനുള്ളള വഴികളും അടയുകയാണ്. കുട്ടികളുടെ ആശുപത്രി ഭാഗികമായി തകര്‍ന്നു. ആയിരക്കണക്കിന് ഹമാസ് അംഗങ്ങള്‍ ഗാസ സിറ്റിയിലുണ്ടെന്നും 2 മാസത്തിനകം ഏറ്റുമുട്ടല്‍ രൂക്ഷമായേക്കാമെന്നും ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കരയാക്രമണം ആരംഭിച്ച ചൊവ്വാഴ്ച മാത്രം 68 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ മുതല്‍ ഇതുവരെ മാത്രം 50 പേര്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് നിന്ന് കൂട്ടപ്പലായനം നടക്കുന്നതായാണ് വിവരം. എല്ലാം ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനം തേടി ജനം പലായനം ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


 



ഇതിനിടെ ഇസ്രയേല്‍ ബോംബാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഗാസയിലെ വിവിധ കെട്ടിടങ്ങള്‍ ഇസ്രയേല്‍ സേന ബോംബിട്ട് തകര്‍ത്തു. നിരവധി പേര്‍ തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടതായാണ് വിവരം. പരിമിധികള്‍ക്കിടയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. ഇതിനിടെ 40 മണിക്കൂറോളം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ട കുട്ടിയെ സിവില്‍ ഡിഫന്‍സ് ഏജന്‍സി രക്ഷപ്പെടുത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. മീര മസൂദ് എന്ന കുട്ടിയെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 40 മണിക്കൂറിന് ശേഷം ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി രക്ഷപ്പെടുത്തിയത്.

നേരത്തേ അടച്ചിട്ടിരുന്ന സലാഹുദ്ദീന്‍ റോഡ് 48 മണിക്കൂര്‍ നേരത്തേക്ക് തുറന്നതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസ സിറ്റിയിലുള്ളവര്‍ക്ക് വെള്ളിയാഴ്ച ഉച്ചവരെ ഇതുവഴി നഗരം വിടാം. ലക്ഷങ്ങള്‍ പലായനം ആരംഭിച്ചതോടെ തെക്കന്‍ ഗാസയിലേക്കുള്ള പാതകള്‍ സ്തംഭിക്കുകയും രാജ്യാന്തര തലത്തില്‍ വിമര്‍ശനം ശക്തമാകുകയും ചെയ്തതിനെത്തുടര്‍ന്നാണ് നടപടി. പലായനം ചെയ്യുന്നവര്‍ക്കു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ കഴിഞ്ഞ ദിവസം 5 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ, ഇസ്രയേലിനെതിരെ യൂറോപ്യന്‍ യൂണിയന്‍ (ഇയു) ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചു. 37% ഉല്‍പന്നങ്ങള്‍ക്കും തീരുവ കൂട്ടുകയോ പുതുതായി ഏര്‍പ്പെടുത്തുകയോ ചെയ്യും. യുദ്ധദുരിതം നേരിടുന്ന പലസ്തീന്‍ ജനതയോട് ലിയോ മാര്‍പ്പാപ്പ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം. സമാധാനത്തിന്റെയും നീതിയുടെയും പുലരിക്കായി പ്രാര്‍ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഖത്തറും സൗദിയും ഇസ്രയേലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

ആയിരക്കണക്കിന് ഇസ്രയേല്‍ സൈനികര്‍ ഗാസയിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. ജനം പലായനം തുടരുന്നതിനിടെ യുദ്ധ ടാങ്കറുകളുമായി ഇസ്രയേല്‍ സേന ഗാസയിലേക്ക് പ്രവേശിച്ചു. കരസേന ഗാസയില്‍ പ്രവേശിക്കുന്നതിന് മുമ്പേ പീരങ്കിയാക്രമണവും വ്യോമസേനയുടെ ആക്രമണവും ഗാസയില്‍ ആക്രമണ കടുപ്പിച്ചിരുന്നു,

ആക്രമണം നടക്കുന്ന പ്രദേശത്ത് 2000-3000 ഹമാസുകാരുണ്ടെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ഇവരെ തീര്‍ക്കാതെ പിന്നോട്ടില്ലെന്നതാണ് ഇസ്രായേല്‍ നിലപാട്. ഗാസാ സിറ്റിയിലെ താമസക്കാരില്‍ 40 ശതമാനത്തോളം ഒഴിഞ്ഞുപോയെന്നും അവര്‍ അറിയിച്ചു.


 



ഇതിനിടെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസ യൂത്ത് -ഫുട്ബോള്‍ അക്കാദമിയിലെ പത്ത് കുട്ടികള്‍ കൊല്ലപ്പെട്ടു. ഫുട്ബോള്‍ പ്രതിഭകളാണ് കൊല്ലപ്പെട്ടവരെന്ന് അക്കാദമി ഡയറക്ടര്‍ പറഞ്ഞു. ഗാസ സിറ്റിയുടെ വടക്കുഭാഗത്ത് മറ്റൊരു ആക്രമണത്തില്‍ ഫുട്ബോള്‍ താരം മുഹമ്മദ് റമീസ് അല്‍-സുല്‍ത്താനും കുടുംബത്തിലെ 14 അംഗങ്ങളും കൊല്ലപ്പെട്ടു.

Tags:    

Similar News