പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള നീക്കം; ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് പോലീസ്; വിവിധ ഏജന്‍സികള്‍ അന്വേഷിക്കുമ്പോഴും കസേരയില്‍ തുടര്‍ന്ന് പ്രസിഡന്റ്; കസ്റ്റഡിയില്‍ ഇരിക്കവേ ആത്മഹത്യക്ക് ശ്രമിച്ചു മുന്‍ പ്രതിരോധ മന്ത്രിയും
കസ്റ്റഡിയില്‍ ഇരിക്കവേ ആത്മഹത്യക്ക് ശ്രമിച്ചു മുന്‍ പ്രതിരോധ മന്ത്രിയും
സിയോള്‍: പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള നീക്കത്തിന് പിന്നാലെ ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് പൊലീസ്. യുന്‍ സുക് യോളിന്റെ ഓഫീസിലാണ് റെയ്ഡ് നടന്നത്. പട്ടാളനിയമം പ്രഖ്യാപിച്ച രാത്രിയിലെ മന്ത്രിസഭ യോഗത്തിന്റെ വിവരങ്ങള്‍ തേടിയാണ് അന്വേഷണ ഏജന്‍സികള്‍ എത്തിയത്.
ഇംപീച്ച്‌മെന്റും സ്ഥാനമൊഴിയണമെന്ന ആവശ്യങ്ങളും അവഗണിച്ച് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുകയാണ്. ഇതിനിടെ കലാപം, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി സര്‍ക്കാറിന്റെ വിവിധ ഏജന്‍സികള്‍ പ്രസിഡന്റിനെതിരെ അന്വേഷണം തുടരുകയാണ്.
അതേസമയം ദക്ഷിണ കൊറിയന്‍ മുന്‍ പ്രതിരോധ മന്ത്രി കിം യോങ് ഹ്യൂന്‍ കസ്റ്റഡിയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ചു. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസിഡന്റിന്റെ നീക്കത്തിന് പിന്നില്‍ കിം യോങ് ഹ്യൂന്‍ ആണെന്ന് ആരോപിച്ച് ഞായറാഴ്ച അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അനൗദ്യോഗിക തടങ്കലായിരുന്ന ഹ്യൂനിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിനു മിനിറ്റുകള്‍ക്ക് മുന്‍പാണ് ആത്മഹത്യാ ശ്രമം.
പാര്‍ലമെന്ററി ഹിയറിങ്ങിനിടെ, കൊറിയ കറക്ഷണല്‍ സര്‍വീസ് കമീഷണര്‍ ജനറലാണ് ഹ്യൂന്‍ സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തിയത്. തന്റെ വസ്ത്രങ്ങള്‍ ഉപയോഗിച്ചു തൂങ്ങി മരിക്കാനായിരുന്നു ശ്രമമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ആത്മഹത്യ ശ്രമം തടഞ്ഞതായും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ അപകടമൊന്നുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി.
ഡിസംബര്‍ മൂന്നിന് രാത്രിയാണ് പ്രസിഡന്റ് യൂന്‍ സുക് യോള്‍ രാജ്യത്ത് അപ്രതീക്ഷിതമായി പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രതിപക്ഷവുമായുള്ള പ്രശ്‌നങ്ങള്‍ക്കിടെയാണ് ദക്ഷിണകൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചു. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സൈന്യം രംഗത്തിറങ്ങി. പാര്‍ലമെന്റിന്റെ പ്രവേശനകവാടം അടച്ചു.
പിന്നാലെ വന്‍പ്രതിഷേധമുണ്ടായി. എന്നാല്‍, സംഘര്‍ഷാവസ്ഥ നീണ്ടത് ആറ് മണിക്കൂര്‍മാത്രമാണ്. പ്രസിഡന്റിന്റെ തീരുമാനം ദേശീയ അസംബ്ലി തള്ളി. പ്രസിഡന്റിന്റെ പാര്‍ട്ടിയില്‍പ്പെട്ടവരടക്കം അദ്ദേഹത്തിന്റെ തീരുമാനത്തിനെതിരെ വോട്ടുരേഖപ്പെടുത്തി. തുടര്‍ന്ന് പ്രസിഡന്റ് പട്ടാളനിയമം പിന്‍വലിക്കുകയായിരുന്നു. പ്രതിരോധ മന്ത്രിയെന്ന നിലയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത് കഴിഞ്ഞ ബുധനാഴ്ച ഹ്യൂന്‍ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.