ശ്രീലങ്കയിലെ അദാനി വൈദ്യുതി പദ്ധതിക്കുള്ള അനുമതി പുന: പരിശോധിക്കും; ഉറച്ച തീരുമാനവുമായി ദിസനായകെ നയിക്കുന്ന പുതിയ സര്‍ക്കാര്‍ മുന്നോട്ട്; പദ്ധതിക്ക് സുതാര്യതയില്ലെന്നും ഭീഷണിയെന്നും ഉള്ള വാദങ്ങള്‍ ഏറ്റുപിടിച്ച് ദിസനായകെ

ശ്രീലങ്കയിലെ അദാനി വൈദ്യുതി പദ്ധതിക്കുള്ള അനുമതി പുന: പരിശോധിക്കും

Update: 2024-10-14 12:25 GMT

കൊളംബോ: അദാനി വൈദ്യുതി പദ്ധതിക്കുള്ള അനുമതി പുന: പരിശോധിക്കുമെന്ന് ശ്രീലങ്കയിലെ പുതിയ സര്‍ക്കാര്‍. അനുര കുമാര ദിസനായകെ നയിക്കുന്ന സര്‍ക്കാര്‍ സുപ്രീംകോടതിയിലാണ് ഇക്കാര്യം ധരിപ്പിച്ചത്.

ഒക്ടോബര്‍ 7 ന് ചേര്‍ന്ന മന്ത്രിസഭായോഗം, പദ്ധതി പുന: പരിശോധിക്കാന്‍ തീരുമാനിച്ചെന്ന് അറ്റോര്‍ണി ജനറലിന് വേണ്ടി സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിനെ അറിയിച്ചു. നവംബര്‍ 14 ന് നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതോടെ സര്‍ക്കാരിന്റെ അന്തിമ തീരുമാനം അറിയിക്കുമെന്നും കോടതിയില്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ 21 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണല്‍ പീപ്പിള്‍സ് പവര്‍ സഖ്യം അദാനി വൈദ്യുതി പദ്ധതിക്കുള്ള അനുമതി റദ്ദാക്കുമെന്ന് ദിസനായകെ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി ശ്രീലങ്കയുടെ ഊര്‍ജ്ജ മേഖലയിലെ പരമാധികാരത്തിന് ഭീഷണി ആണെന്നാണ് എന്‍പിപിയുടെ നിലപാട്.

കാറ്റാടി വൈദ്യുതി പദ്ധതിക്ക് മുന്‍ ശ്രീലങ്കന്‍ സര്‍ക്കാരാണ് അനുമതി നല്‍കിയത്. മാന്നാരിലെയും പൂനേരിനിലെയും വടക്ക് കിഴക്കന്‍ മേഖലകളില്‍ കാറ്റില്‍ നിന്ന് 484 മെഗാവാട്ട് വൈദ്യുത ഉത്പാദിപ്പിക്കാന്‍ ആയിരുന്നു പദ്ധതി. 20 വര്‍ഷത്തെ കരാറില്‍ 44 കോടിയോളമാണ് അദാനി ഗ്രൂപ്പ് നിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍, അദാനി ഗ്രീന്‍ എനര്‍ജിക്ക് കരാര്‍ നല്‍കിയതിലെ സുതാര്യതയില്ലായ്മ ചോദ്യം ചെയ്യപ്പെട്ടു. ഒപ്പം പാരിസ്ഥിതിക ആശങ്കകളും ഹര്‍ജിക്കാര്‍ ശ്രീലങ്കന്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചു. പദ്ധതി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും വാദം ഉയര്‍ന്നു. ഏതായാലും, ഈ വാദമുഖങ്ങള്‍ ഏറ്റുുപിടിച്ച എന്‍പിപി സര്‍ക്കാര്‍ പദ്ധതി റദ്ദാക്കാന്‍ തന്നെ ഉറച്ച് മുന്നോട്ടുപോകുകയാണ്.

Tags:    

Similar News