കൈകാലുകള്‍ ബന്ധിച്ച് ഒരു വടിയില്‍ തൂക്കിയിടുന്ന 'ചിക്കന്‍ കബാബ്' ശൈലി; ജനനേന്ദ്രിയത്തിലും ചെവികളിലും ഇലക്ട്രിക് ഷോക്കടിപ്പിക്കും; നഖങ്ങള്‍ പിഴുതെടുക്കലും കൂട്ടബലാത്സംഗവും; ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ കാത്തിരിക്കുന്നത് അറവുശാല' കണക്കെയുള്ള ജയിലുകളിലെ പീഡനങ്ങള്‍; ഇറാനിലെ തടവറകളില്‍ നിന്നുള്ള നരകവാര്‍ത്തകള്‍ ലോകത്തെ നടുക്കുന്നു
കൈകാലുകള്‍ ബന്ധിച്ച് ഒരു വടിയില്‍ തൂക്കിയിടുന്ന 'ചിക്കന്‍ കബാബ്' ശൈലി
ടെഹ്‌റാന്‍: ഇറാനിലെ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചവരെ കൊന്നുതള്ളുന്നകയാണ്. ട്രംപ് ഭീഷണി മുഴക്കിയതോട അരുംകൊലകള്‍ക്ക് താല്‍ക്കാലിക അറുതിയായതായി വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍, ഇറാനില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ ലോകത്തെ തന്നെ നടുക്കുന്നതാണ്. പ്രതിഷേധക്കാരെ നിര്‍ദാക്ഷിണ്യമാണ് ഇറാന്‍ ഭരണകൂടം അടിച്ചമര്‍ത്തുന്നത്. വിവിധ നഗരങ്ങളിലായി സംഘര്‍ഷത്തില്‍ മരണസംഖ്യ 5000 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധങ്ങളില്‍ 500 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേ സമയം ഭീകരവാദികളും സായുധരായ കലാപകാരികളുമാണ് നിരപരാധികളായ ഇറാനിയന്‍ പൗരന്മാരുടെ കൊലപാതകത്തിന് പിന്നിലെന്ന് അധികൃതര്‍ ആരോപിച്ചു. പ്രക്ഷോഭകരെ വളര്‍ത്താന്‍ ഇസ്രയേല്‍ അടക്കം വിദേശ ശക്തികള്‍ അവര്‍ക്ക് ആയുധം എത്തിച്ച് നല്‍കുന്നതായും ഇറാനിയന്‍ അധികൃതര്‍ ആരോപിക്കുന്നുണ്ട്. നിലവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് കുര്‍ദിഷ് വിമതര്‍ക്ക് സ്വാധീനമുള്ള വടക്കുപടിഞ്ഞാറന്‍ ഇറാനിലാണ് വലിയതോതില്‍ ജീവഹാനിയുണ്ടായിരിക്കുന്നത്. 2025 ഡിസംബര്‍ 28ന് ആരംഭിച്ച പ്രതിഷേധങ്ങള്‍ ഈ മേഖലകളില്‍ ഏറെ ശക്തിയാര്‍ജിച്ച് വരികയാണ്.
അതിനിടെ ഇറാനിലെ പ്രതിഷേധങ്ങള്‍ ലോകത്തെ നടുക്കുന്ന പലവിധത്തിലാണ്. ആളുകളെ കൊന്നൊടുക്കുന്നതിന് പുറമേ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്നത് നരകതുല്യമായ പീഡനങ്ങളാണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. തടവുകാരെ കൂട്ടമായി പീഡിപിക്കുന്ന അവസ്ഥയാണ്. ഗുഹ്യഭാഗങ്ങളില്‍ വൈദ്യുതാഘാതം ഏല്‍പ്പിക്കുക, നഖങ്ങള്‍ പിഴുതെടുക്കുക തുടങ്ങി ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ശത്രുരാജ്യത്തെ സൈനികരോട് ചെയ്യുന്നതിന് സമാനമായ ക്രൂരതകളാണ് സ്വന്തം നാട്ടുകാരോട് ചെയ്യുന്നത്. ഇറാനില്‍ നിന്നുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ കേവലം ഒരു രാജ്യത്തെ ആഭ്യന്തര കലാപത്തിന്റെ കഥയല്ല, മറിച്ച് മനുഷ്യത്വം മരവിപ്പിക്കുന്ന അതിക്രൂരമായ പീഡനങ്ങളുടെ ഒരു വലിയ പരമ്പരയാണ്. ആയത്തുള്ള അലി ഖമേനി ഭരണകൂടത്തിന്റെ തടവറകള്‍ വെറും ജയിലുകളല്ല, മറിച്ച് പ്രതിഷേധക്കാരെ ജീവനോടെ കൊന്നുതള്ളുന്ന 'അറവുശാലകളാണെന്ന്' അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഓരോന്നായി വെളിപ്പെടുത്തുന്നു. ആയിരക്കണക്കിന് ആളുകളാണ് ഇപ്പോള്‍ ഇറാനിലെ വിവിധ ജയിലുകളില്‍ നരകയാതന അനുഭവിക്കുന്നതെന്നാണ് മനുഷ്യാവകാശ സംഘടനകളെ ഉദ്ദരിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍.
ബുകാന്‍ നഗരത്തിലെ ഒരു ചോദ്യം ചെയ്യല്‍ മുറിയില്‍ നടന്നത് കേവലം ചോദ്യം ചെയ്യലല്ല, മറിച്ച് 72 മണിക്കൂര്‍ നീണ്ടുനിന്ന ഒരു പീഡന മാരത്തണ്‍ ആയിരുന്നു. റെസ്ഗാര്‍ ബേഗ്സാദെ ബാബാമിരി എന്ന കുര്‍ദിഷ് കര്‍ഷകന്റെ അനുഭവം ഇതിന് തെളിവാണ്. ഗുഹ്യഭാഗങ്ങളിലും സ്തനങ്ങളിലും ചെവിയിലുമൊക്കെ വൈദ്യുതാഘാതം ഏല്‍പ്പിക്കുക, അബോധാവസ്ഥയിലാകുന്നത് വരെ മര്‍ദ്ദിക്കുക, നഖങ്ങള്‍ പിഴുതെടുക്കുക തുടങ്ങി ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നത്. 'ചിക്കന്‍ കബാബ്' എന്ന് ജയിലര്‍മാര്‍ വിശേഷിപ്പിക്കുന്ന ഒരു പ്രത്യേക പീഡനമുറയുണ്ട്. തടവുകാരന്റെ കൈകാലുകള്‍ ബന്ധിച്ച് ഒരു വടിയില്‍ തൂക്കിയിട്ട് മണിക്കൂറുകളോളം ശാരീരിക സമ്മര്‍ദ്ദം നല്‍കുന്ന രീതിയാണിത്.
അതിനേക്കാളൊക്കെ ഭീകരമാണ് ജയിലുകളില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍. പ്രതിഷേധങ്ങളില്‍ പങ്കെടുത്ത പുരുഷന്മാരെയും സ്ത്രീകളെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. ലാത്തി ഉപയോഗിച്ചുള്ള ലൈംഗിക പീഡനങ്ങള്‍ ഇറാനിലെ രഹസ്യ തടങ്കല്‍ പാളയങ്ങളില്‍ പതിവാണ്. ഹിജാബ് ധരിക്കാത്തതിന് റോയ ഹെഷ്മതി എന്ന 33-കാരിയെ 74 തവണയാണ് ചമ്മട്ടികൊണ്ട് അടിച്ചത്. ഇത്തരത്തില്‍ ശരീരത്തെയും മനസ്സിനെയും ഒരുപോലെ തകര്‍ക്കുന്ന രീതിയാണ് ഇറാന്‍ സ്വീകരിക്കുന്നത്.
ഇതിനിടെയാണ് ഇര്‍ഫാന്‍ സോള്‍ട്ടാനി എന്ന 26-കാരന്റെ വാര്‍ത്ത അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായത്. ജനുവരി 10-ന് അറസ്റ്റിലായ ഇര്‍ഫാനെ ഉടന്‍ തൂക്കിലേറ്റുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ മുന്നറിയിപ്പ് ഇറാനെ ഒന്ന് പിടിച്ചുലച്ചു. പ്രതിഷേധക്കാരെ വധിച്ചാല്‍ അമേരിക്കന്‍ സൈന്യം ഇറാനെതിരെ നീങ്ങുമെന്ന ട്രംപിന്റെ പ്രസ്താവന വന്നതോടെ, ഇര്‍ഫാന്‍ സോള്‍ട്ടാനിക്ക് വധശിക്ഷ നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് ഇറാന്‍ ജുഡീഷ്യറി മലക്കം മറിഞ്ഞു. എങ്കിലും, വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടാലും ഇര്‍ഫാനെ കാത്തിരിക്കുന്നത് കൊടും പീഡനങ്ങളായിരിക്കും.
നിലവില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3,000 പേര്‍ ജയിലിലുണ്ടെന്നാണ് ഇറാന്‍ പറയുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതിലും വലുതാണെന്നും ഏകദേശം 20,000-ത്തോളം പ്രതിഷേധക്കാര്‍ കുപ്രസിദ്ധമായ എവിന്‍ ജയിലിലും ഖെസല്‍-ഹിസാര്‍ ജയിലിലുമായി നരകിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജയിലുകള്‍ നിറഞ്ഞുകവിഞ്ഞതോടെ തടവുകാരെ നിലത്ത് കിടത്തിയും ചികിത്സ നിഷേധിച്ചും ക്രൂരമായിട്ടാണ് അധികൃതര്‍ പെരുമാറുന്നത്. ഈ ക്രൂരതകള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ ഒന്നടങ്കം ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും, തങ്ങളുടെ ഭരണകൂടത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന വാശിയിലാണ് ഇറാന്‍.
ക്രൂരമായ പീഡനമുറകള്‍
ചിക്കന്‍ കബാബ് എന്ന് വിളിക്കുന്ന കൊടുംക്രൂര പീഡന മുറയാണ് ഇറാനിലെ ജയിലുകളില്‍ നടക്കുന്നത്. കൈകാലുകള്‍ ബന്ധിച്ച് ഒരു വടിയില്‍ തൂക്കിയിടുന്ന അതിവേദന നല്‍കുന്ന രീതി. കൂടാതെ വൈദ്യുതാഘാതം ഏല്‍പ്പിക്കും. ചെവി, ജനനേന്ദ്രിയങ്ങള്‍, നട്ടെല്ല് തുടങ്ങിയ സെന്‍സിറ്റീവ് ആയ ഭാഗങ്ങളില്‍ ഇലക്ട്രിക് ഷോക്ക് നല്‍കുകയാണ് ഈ ക്രൂരത.
പുരുഷന്മാരെയും സ്ത്രീകളെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നു. ലാത്തി ഉപയോഗിച്ചുള്ള ലൈംഗിക പീഡനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നഖങ്ങള്‍ പിഴുതെടുക്കുക, ഉറങ്ങാന്‍ അനുവദിക്കാതിരിക്കല്‍, അതിശക്തമായ വെളിച്ചവും ശബ്ദവും ഉപയോഗിച്ചുള്ള പീഡനവുമെല്ലാം പതിവാണ്. ടെഹ്റാനിലെ പ്രശസ്തമായ ഈ ജയിലിലെ ക്രൂരതകളുടെ ദൃശ്യങ്ങള്‍ നേരത്തെ ചോര്‍ന്നിരുന്നു. ഇറാനില്‍ കഴിഞ്ഞ വര്‍ഷം മാത്രം 1,000-ത്തിലധികം ആളുകളെ വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ലോകത്ത് ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നായി ഇറാന്‍ മാറിയിരിക്കുകയാണ്.
ഇറാനിയന്‍ ഇസ്ലാമിക റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി പുറത്തുപോവണമെന്ന മുദ്രാവാക്യമാണ് ഇറാനിലെ ഇപ്പോഴത്തെ പ്രക്ഷോഭത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. രാജകുടുംബാംഗമായ റേസാ പഹ്ലവി രണ്ടാമന്‍ തിരിച്ചു വരണമെന്നും പ്രക്ഷോഭത്തില്‍ ആവശ്യമുയരുന്നുണ്ട്.
