ഹിസ്ബുള്ള കമാന്‍ഡര്‍ അബു അലി റിദയെ വധിച്ച് ഇസ്രായേല്‍ സൈന്യം; ഐ.ഡി.എഫ് തീര്‍ത്തത് റോക്കറ്റ്, ടാങ്ക് വിരുദ്ധ മിസൈല്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ചുമതലക്കാരനായ നേതാവിനെ; ഭൂഗര്‍ഭ അറിയില്‍ നിന്നും ആയുധ ശേഖരം കണ്ടെത്തി; ഹിസ്ബുള്ള നേതൃനിരയെ ഒന്നൊന്നായി തീര്‍ത്ത് ഇസ്രായേല്‍

ഹിസ്ബുള്ള കമാന്‍ഡര്‍ അബു അലി റിദയെ വധിച്ച് ഇസ്രായേല്‍ സൈന്യം

Update: 2024-11-04 12:28 GMT

ബെയ്‌റൂത്ത്: ഹമാസ് നേതൃനിരയെ അശ്ശേഷം തീര്‍ത്ത ഇസ്രായേല്‍ ഹിസ്ബുള്ളയുടെ നേതൃനിരയെയും ശുഷ്‌ക്കമാക്കുകയാണ്. ഹിസ്ബുള്ള നേതാക്കളുടെ ഓരോ നീക്കവും മനസ്സിലാക്കിയാണ് ഇസ്രായേല്‍ യുദ്ധതന്ത്രം മെനയുന്നത്. സംഘടനയുടെ നേതൃനിരയെ ശിഥിലമാക്കിയ പേജര്‍-വോക്കി സ്‌ഫോടനങ്ങള്‍ക്ക് ശേഷം നിരവധി ഉന്ന നേതാക്കളെയും ഇസ്രായേല്‍ വധിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ഒടുവില്‍ മറ്റൊരു ഹിസ്ബൂള്ള നേതാവിനെയും തീര്‍ത്തിരിക്കയാണ് ഇസ്രായേല്‍.

തെക്കന്‍ ലെബനനില്‍ ചിലയിടങ്ങളില്‍ പ്രദേശിക റെയ്ഡുകള്‍ നടത്തുന്നത് തുടരുകയാണെന്നും, തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത് തീവ്രവാദികളെ വധിച്ച് ആയുധങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ഇസ്രയേല്‍ സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലെബനനിനുള്ളില്‍ വെച്ച് ഒരു ഹിസ്ബുല്ല കമാന്‍ഡറെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. തെക്കന്‍ ലെബനനിലെ ബരാച്ചിത് പ്രദേശത്തിന്റെ കമാന്‍ഡറായ അബു അലി റിദയെ ആണ് കൊലപ്പെടുത്തിയതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേല്‍ സൈന്യത്തിന്റെ ഔദ്യോഗിക ടെലിഗ്രാം ചാനലിലൂടെയാണ് ഈ അവകാശവാദം ഉന്നയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

'ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് (ഐഡിഎഫ്) സൈനികര്‍ക്ക് നേരെ റോക്കറ്റ്, ടാങ്ക് വിരുദ്ധ മിസൈല്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ചുമതലയുള്ള ഹിസ്ബുള്ള കമാന്‍ഡറാണ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വാദം. തെക്കന്‍ ലെബനനില്‍ ചിലയിടങ്ങളില്‍ പ്രദേശിക റെയ്ഡുകള്‍ നടത്തുന്നത് തുടരുകയാണെന്നും, തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത് തീവ്രവാദികളെ വധിച്ച് ആയുധങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.


 



നേരത്തെ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയേയും പ്രധാന കമാന്‍ഡര്‍മാരേയും ഇസ്രയേല്‍ സൈന്യം വധിച്ചത്. അബു അലി റിദയെ കൂടാതെ ഇസ്ലാമിക്ക് ജിഹാദ് മിലിറററി ഇന്റലന്‍സിന്റെ പ്രധാന ചുമതലക്കാരനായ അഹമ്മദ് അല്‍ ദാലുവിനേയും വധിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ക്ക് ഒപ്പം ഇസ്രയേലില്‍ കടന്ന് കയറി കൂട്ടക്കൊലയും തട്ടിക്കൊണ്ട് പോകലും നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട ഭീകരനാണ് അല്‍ ദാലു.

അതേസമയം ലെബനനില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ ഹിസ്ബുളളയുടെ ആയുധശേഖരം പിടികൂടിയിട്ടുണ്ട്. ലബനീസ് പര്‍വ്വത നിരയിലാണ് ഭൂഗര്‍ഭ ആയുധ ശേഖരം കണ്ടെത്തിയത്. മിസൈലുകളും ടാങ്ക് വേധ റോക്കറ്റുകളും എ.കെ.47 തോക്കുകളും മോര്‍ട്ടാര്‍ ഷെല്ലുകളും പിടിച്ചെടുത്തവയില്‍ പെടുന്നു. മരുന്നുകളും മറ്റ് ആരോഗ്യ സംവിധാനങ്ങളും ടെന്റുകളും വന്‍ തോതില്‍ പിടികൂടിയിട്ടുണ്ട്. ഇവിടെ കണ്ടെത്തിയ മിസൈലുകള്‍ പലതും വടക്കന്‍ ഇസ്രയേലിലെ ജനവാസ മേഖലകള്‍ ലക്ഷ്യമാക്കിയാണ് ഘടിപ്പിച്ചിരുന്നത്. നേരത്തേ ബാല്‍ബക്ക് മേഖലയില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ ഹിസ്ബുള്ള ക്യാമ്പുകള്‍ ആക്രമിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം ഇസ്രയേല്‍ നല്‍കിയത്.


 



അതേസമയം ലെബനീസ് അധികൃതരുടെ കണക്കുകള്‍ പ്രകാരം ഇസ്രയേല്‍ ആക്രമണത്തില്‍ രാജ്യത്ത് ഇതുവരെ 2800ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലെബനനിലെ വടക്കന്‍ പ്രവിശ്യകളിലുള്ള പതിനായിരക്കണക്കിന് ഇസ്രയേലികള്‍ ഹിസ്ബുള്ളയുടെയും ഇസ്രയേല്‍ വിരുദ്ധ സേനയുടെയും റോക്കറ്റ് ആക്രമണങ്ങള്‍ ഭയന്ന് പലായനം ചെയ്തിരുന്നു.

അതേസമയം ഹിസ്ബുല്ല സൈനികനെന്ന് ആരോപിച്ച് സാധാരണ പൗരനെ ഇസ്രായേല്‍ സൈന്യം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യു.എന്‍ സുരക്ഷ കൗണ്‍സിലില്‍ പരാതി നല്‍കുമെന്ന് ലബനാന്‍ പ്രധാനമന്ത്രി നജീബ് മീകാതി പറഞ്ഞു. സംഭവത്തെക്കുറിച്ച് ലബനാന്‍ സൈന്യവും യു.എന്‍ സമാധാനസേനയും അന്വേഷണം തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. ട്രെയിനി നാവികനായ ഇമാദ് അംഹാസിനെയാണ് ഇസ്രായേല്‍ സായുധസേന ഉത്തര ബൈറൂത്തിലെ ബത്രൗനില്‍നിന്ന് പിടിച്ചുകൊണ്ടുപോയത്. ഇയാള്‍ ഇസ്രായേല്‍ ചാരനാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ , വടക്കന്‍ ഗാസയിലെ മൂന്ന് ആശുപത്രികള്‍ക്കും നേരെ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കമാല്‍ അദ്വാന്‍ ആശുപത്രി, അല്‍ അവ്ദ ആശുപത്രി, ഇന്തോനേഷ്യന്‍ ആശുപത്രികള്‍ക്ക് നേരെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഗാസയിലെ ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം ടത്തിയ പ്രസ്താവനയില്‍ ഈ മൂന്ന് ആശുപത്രികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി അറിയിച്ചു.


 



ഇസ്രയേല്‍ സൈന്യം പ്രതിദിനം നൂറുകണക്കിന് പലസ്തീനികളെ കൊല്ലുകയും പരുക്കേല്‍പ്പിക്കുകയും ചെയ്യുന്നത് തുടരുകയാണ്. ഇസ്രയേല്‍ സേനയുടെ ഈ ഏറ്റവും പുതിയ ആക്രമണങ്ങള്‍ ഗാസയുടെ ആരോഗ്യ സംവിധാനത്തിന് നേരെയുള്ള തുടര്‍ച്ചയായ ആക്രമണത്തിന്റെ ഭാഗമാണെന്ന് ആരോഗ്യ മന്ത്രാലയം വിമര്‍ശിച്ചു.

Tags:    

Similar News