നിജ്ജാര്‍ വധത്തില്‍ 'ഇന്ത്യയുടെ പങ്കിന് വ്യക്തമായ തെളിവില്ല'; ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ കാനഡ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ യാതൊരു തെളിവുമില്ല; നയതന്ത്ര ഉലച്ചിലിന് കാരണം ട്രൂഡോ മാത്രം; ട്രൂഡോയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

നിജ്ജാര്‍ വധത്തില്‍ 'ഇന്ത്യയുടെ പങ്കിന് വ്യക്തമായ തെളിവില്ല'; ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ കാനഡ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ യാതൊരു തെളിവുമില്ല; നയതന്ത്ര ഉലച്ചിലിന് കാരണം ട്രൂഡോ മാത്രം; ട്രൂഡോയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

Update: 2024-10-17 03:34 GMT

ന്യൂഡല്‍ഹി: ഹര്‍ദീപ് സിങ് നിജ്ജാര്‍ വധവുമായി ബന്ധപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ട്രൂഡോയുടെ ആരോപണങ്ങളാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ നയതന്ത്ര ബന്ധം വിഷളാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. ഇന്ത്യക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും എതിരെ കാനഡ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ തെളിയിക്കാന്‍ ഒരു തരത്തിലുമുള്ള തെളിവുകളും കാനഡ ഹാജരാക്കിയിട്ടില്ല. ഈ മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഹര്‍ദീപ് സിങ്ങ് നിജ്ജാര്‍ വധവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകളില്ലെന്നും ഇന്റലിജന്‍സ് വിവരങ്ങള്‍ മാത്രമാണ് ഉള്ളതെന്നുമുള്ള കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന മുന്‍നിര്‍ത്തിയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. ഞങ്ങള്‍ കുറേക്കാലമായി പറയുന്നതിന് സ്ഥിരീകരണം നല്‍കുക മാത്രമാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ചെയ്തിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

ഇന്ത്യന്‍ നയതന്ത്രപ്രതിനികള്‍ക്കെതിരെ കാനഡ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അവര്‍ ഒരു തെളിവും കൈമാറിയിട്ടില്ലെന്ന തങ്ങളുടെ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. കാനഡയുടെ പ്രതികരണം മൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഉണ്ടായ ഉലച്ചിലിന് ട്രൂഡോ മാത്രമാണ് ഉത്തരവാദിയെന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

ഹര്‍ദീപ് സിങ് നിജ്ജാര്‍ വധത്തില്‍ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവുകളില്ലെന്നും ഇന്റലിജന്‍സ് വിവരങ്ങള്‍ മാത്രമാണ് ഉള്ളതെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് പരിശോധന നടത്താന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംഭവത്തില്‍ ഇന്ത്യ തെളിവ് ചോദിക്കുകയാണ് ഉണ്ടായത്. പക്ഷേ നിലവില്‍ ഇന്ത്യക്ക് കൈമാറാന്‍ വ്യക്തമായ തെളിവുകളൊന്നുമില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി.

ദക്ഷിണേഷ്യന്‍ കനേഡിയന്‍ വംശജരെ ലക്ഷ്യമിട്ടുള്ള രഹസ്യ ഓപ്പറേഷനുകള്‍ ഉള്‍പ്പെടെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഏര്‍പ്പെടുകയാണെന്നാണ് ട്രൂഡോ ആരോപിച്ചത്. കാനഡയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ അധികൃതരുമായി സഹകരിക്കാന്‍ കനേഡിയന്‍ അധികൃതര്‍ പലതവണ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതായും ട്രൂഡോ പറഞ്ഞു

ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ ആസൂത്രണം ചെയ്യുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭിച്ചതായി കനേഡിയന്‍ പൊലീസും വ്യക്തമാക്കിയിരുന്നു. '' പൊതു സുരക്ഷയ്ക്ക് ഭീഷണിയായ കാര്യങ്ങളില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ ഇടപെടുന്നതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് (ആര്‍സിഎംപി) വ്യക്തമാക്കി. ഇതില്‍ രഹസ്യ വിവരശേഖരണം, ദക്ഷിണേഷ്യന്‍ കനേഡിയന്‍ വംശജരെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍, ഭീഷണിപ്പെടുത്തല്‍, കൊലപാതകം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ല. ഇക്കാര്യങ്ങളില്‍ ഒരുമിച്ച് അന്വേഷണം നടത്താന്‍ കനേഡിയന്‍ ഏജന്‍സികള്‍ തയാറായെങ്കിലും ഇന്ത്യന്‍ സര്‍ക്കാരും ഏജന്‍സികളും സഹകരിച്ചില്ല. ഇതു കാരണമാണ് തെളിവുകള്‍ ഇന്ത്യയ്ക്ക് കൈമാറിയത് '' ട്രൂഡോ പറഞ്ഞു.

കാനഡയും ഇന്ത്യയുമായുള്ള ദീര്‍ഘകാലബന്ധം ഓര്‍മപ്പെടുത്തിയ ട്രൂഡോ, ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും മാനിക്കുന്നതായും കാനഡയും അതേരീതി പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ്‌സിങ് നിജ്ജാറിന്റെ വധത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് വര്‍മയ്ക്കും മറ്റ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന കാനഡയുടെ ആരോപണങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. പിന്നാലെ ഹൈക്കമ്മിഷണറെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുവിളിച്ചു. ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള 6 നയതന്ത്ര ഉദ്യോഗസ്ഥരോടു രാജ്യം വിടാന്‍ കാനഡ ആവശ്യപ്പെടുകയുമുണ്ടായി.

Tags:    

Similar News