തൊട്ടാല്‍ വിവരമറിയും! അമേരിക്കയെ പേടിപ്പിക്കാന്‍ നോക്കിയ ഖമേനി പെട്ടു; ഇറാനെ 'ചുരുട്ടിക്കൂട്ടാന്‍' ഒരുങ്ങി ട്രംപിന്റെ നീക്കങ്ങള്‍; ഇറാന്‍ ഭരണകൂടത്തെ പാഠം പഠിപ്പിക്കാന്‍ സൈനിക നീക്കത്തിനുള്ള പച്ചക്കൊടി ട്രംപ് ഏതുനിമിഷവും നല്‍കിയേക്കുമെന്ന് സൂചനകള്‍; 'മിഡ്‌നൈറ്റ് ഹാമര്‍' പാര്‍ട്ട്-2 വരുന്നു; ആശങ്കയോടെ ലോകം
തൊട്ടാല്‍ വിവരമറിയും! അമേരിക്കയെ പേടിപ്പിക്കാന്‍ നോക്കിയ ഖമേനി പെട്ടു; ഇറാനെ 'ചുരുട്ടിക്കൂട്ടാന്‍' ഒരുങ്ങി ട്രംപിന്റെ നീക്കങ്ങള്‍
വാഷിംഗ്ടണ്‍: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇറാനില്‍ രൂപംകൊണ്ടപ്രതിഷേധം കനക്കുന്നതിനിടെ ലോകത്ത് ആശയക്കുഴപ്പം ശക്തം. അമേരിക്ക ഇറാനില്‍ ആക്രമണം നടത്തുമോ എന്ന കടുത്ത ആശങ്കയിലാണ് ലോകം. ഇറാനിലെ തെരുവുകളില്‍ ചോരപ്പുഴയൊഴുക്കുന്നു എന്നാരോപിച്ചു ആയത്തൊള്ള ഖമേനിയുടെ ഭരണകൂടത്തിന് അന്ത്യശാസനം നല്‍കിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ആവനാഴിയിലെ അവസാന അസ്ത്രവും പുറത്തെടുക്കാന്‍ ഒരുങ്ങുകയാണ്.
ഇറാനിലെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന ഇറാന്‍ ഭരണകൂടത്തെ പാഠം പഠിപ്പിക്കാന്‍ സൈനിക നീക്കത്തിനുള്ള പച്ചക്കൊടി ട്രംപ് ഏതുനിമിഷവും നല്‍കിയേക്കുമെന്നാണ് വൈറ്റ് ഹൗസില്‍ നിന്നുള്ള സൂചനകള്‍. അതിനുള്ള പ്ലാന്‍ അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇറാനിലെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന സൈനിക കേന്ദ്രങ്ങള്‍ക്കും ഭരണകൂടത്തിന്റെ താവളങ്ങള്‍ക്കും നേരെ കൃത്യമായ ആക്രമണം നടത്താനുള്ള 'മള്‍ട്ടിപ്പിള്‍ ഓപ്ഷനുകള്‍' ട്രംപിന് മുന്നിലെത്തിക്കഴിഞ്ഞു എന്നാണ് വിവരം.
'പ്രതിഷേധക്കാരെ വെടിവെച്ചാല്‍ നോക്കിനില്‍ക്കില്ല' എന്ന ട്രംപിന്റെ മുന്നറിയിപ്പ് വെറും വാക്കല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആവര്‍ത്തിക്കുന്നു. വിലക്കയറ്റവും പട്ടിണിയും സഹിക്കവയ്യാതെ ഇറാനിലെ സാധാരണക്കാര്‍ തെരുവിലിറങ്ങിയതോടെ രാജ്യം കത്തുകയാണ്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചും സ്ത്രീകളെയും യുവാക്കളെയും കൂട്ടക്കൊല ചെയ്തും അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഖമേനിയെ 'ദൈവത്തിന്റെ ശത്രു' എന്ന് വിളിച്ചാണ് പ്രതിഷേധക്കാര്‍ നേരിടുന്നത്. ഇതിനിടയിലാണ് ട്രംപിന്റെ മാരകമായ സൈനിക നീക്കം വരുന്നത്.
കഴിഞ്ഞ ജൂണില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളെ തകര്‍ത്തെറിഞ്ഞ അമേരിക്കന്‍ കരുത്ത് ലോകം കണ്ടതാണ്. 'ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍' എന്ന പേരില്‍ നടത്തിയ ആക്രമണം ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു. ബി-2 സ്പിരിറ്റ് ബോംബറുകളും ടോമാഹോക്ക് മിസൈലുകളും ഉപയോഗിച്ച് ഇറാന്റെ അഹങ്കാരമായിരുന്ന ആണവ പ്ലാന്റുകള്‍ ചാരമാക്കിയ ട്രംപ്, ഇത്തവണ ടെഹ്റാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്.
അമേരിക്ക തൊട്ടാല്‍ ഇസ്രായേലിനെയും മിഡില്‍ ഈസ്റ്റിലെ യുഎസ് ബേസുകളെയും ചുട്ടുചാമ്പലാക്കുമെന്നാണ് ഇറാന്റെ ഭീഷണി. എന്നാല്‍, ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നേരത്തെ തന്നെ തകര്‍ക്കപ്പെട്ട സാഹചര്യത്തില്‍ ഈ ഭീഷണി വെറും പാഴ്വാക്കാകാനാണ് സാധ്യതയെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇറാന്റെ നീക്കങ്ങള്‍ ഇസ്രായേല്‍ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ് ബെഞ്ചമിന്‍ നെതന്യാഹുവും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മില്‍ കഴിഞ്ഞ രാത്രി നടത്തിയ ചര്‍ച്ചകള്‍ ഇറാനെതിരെയുള്ള സംയുക്ത നീക്കത്തിന്റെ സൂചനയായാണ് കരുതപ്പെടുന്നത്.
അതേസമയം പ്രതിഷേധം കനക്കുന്നതിനിടെ രാജ്യത്തേക്ക് മടങ്ങിവരുന്നെന്ന സൂചന നല്‍കി ഇറാനിലെ മുന്‍കിരീടാവകാശി റെസ പഹ്ലവിയും രംഗത്തുവന്നു. സാമൂഹികമാധ്യമമായ എക്സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. തെരുവുകളില്‍ നിന്ന് പിന്മാറരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത പഹ്ലവി ഉടന്‍ താന്‍ അവിടെ എത്തിച്ചേരുമെന്നും അറിയിച്ചു.
അഞ്ച് പതിറ്റാണ്ടോളമായി അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന പഹ്ലവി ഇറാനിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് പ്രക്ഷോഭകര്‍. 1979ലെ ഇസ്ലാമിക വിപ്ലവത്തില്‍ പുറത്താക്കപ്പെട്ട ഇറാനിലെ അവസാന ഷായുടെ മകനാണ് 65-കാരനായ റിസ പഹ്ലവി. രാജഭരണം തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നില്ലെന്ന സൂചനകള്‍ നേരത്തെ റിസ പഹ്ലവി സൂചന നല്‍കിയിരുന്നു. തെരുവുകളിലെ ജനക്കൂട്ടം ആയത്തുള്ള ഖമേനിയുടെ ഭരണകൂടത്തെയും അടിച്ചമര്‍ത്തലിനെയും ദുര്‍ബലപ്പെടുത്തിയിരിക്കുന്നുവെന്ന് പഹ്ലവി പറഞ്ഞു.
'തെരുവുകളിലെ ദശലക്ഷക്കണക്കിന് ആളുകളെ നേരിടാന്‍ ആവശ്യമായ കൂലിപ്പടയാളികളെ കണ്ടെത്താന്‍ ഇസ്ലാമിക റിപ്പബ്ലിക്ക് ബുദ്ധിമുട്ടുന്നു എന്നതിന് വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഇതുവരെ നിരവധി സായുധ, സുരക്ഷാ സേനാംഗങ്ങള്‍ അവരുടെ ജോലിസ്ഥലങ്ങള്‍ ഉപേക്ഷിക്കുകയോ ജനങ്ങളെ അടിച്ചമര്‍ത്താനുള്ള ഉത്തരവുകള്‍ അനുസരിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ട്. ഖമനേയിക്കായി അവശേഷിക്കുന്നത് ഒരു വിഭാഗം അക്രമകാരികളായ കൂലിപ്പടയാളികള്‍ മാത്രമാണ്, അവര്‍ അവരുടെ കുറ്റവാളിയായ നേതാവിനെപ്പോലെ ഇറാനിയനല്ലാത്തവരും ഇറാന്‍ വിരുദ്ധരുമാണ്, കൂടാതെ നമ്മുടെ മഹത്തായ രാഷ്ട്രത്തെ ശത്രുക്കളായി കാണുന്നു. അവരുടെ പ്രവര്‍ത്തികള്‍ക്ക് അവര്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് അറിയുക, പഹ്ലവി പറഞ്ഞു.
തനിച്ചു നീങ്ങരുതെന്നും ജീവന് അപകടമുണ്ടാക്കുന്ന മറ്റു വഴികള്‍ ഒഴിവാക്കണമെന്നും പഹ്ലവി പ്രക്ഷോഭകരോട് ആവശ്യപ്പെട്ടു. നിങ്ങള്‍ ഒറ്റക്കല്ലെന്ന് അറിയുക. ലോകമെമ്പാടുമുള്ള നിങ്ങളുടെ സഹപൗരന്മാര്‍ അഭിമാനത്തോടെ നിങ്ങളുടെ ശബ്ദം ഉയര്‍ത്തുന്നു. അവരുടെ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ടെലിവിഷന്‍ സ്‌ക്രീനുകളില്‍ കാണാന്‍ സാധിക്കും. ലോകം ഇന്ന് നിങ്ങളുടെ ദേശീയ വിപ്ലവത്തോടൊപ്പം നില്‍ക്കുന്നു, നിങ്ങളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. പ്രത്യേകിച്ച്, പ്രസിഡന്റ് ട്രംപ്, സ്വതന്ത്ര ലോകത്തിന്റെ നേതാവ് എന്ന നിലയില്‍, നിങ്ങളുടെ അപാരമായ ധൈര്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിങ്ങളെ സഹായിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തെരുവുകള്‍ ഉപേക്ഷിക്കരുത്.എന്റെ ഹൃദയം നിങ്ങളോടൊപ്പമുണ്ട്. ഞാന്‍ ഉടന്‍ നിങ്ങളുടെ അരികില്‍ ചേരും, പഹ്ലവി കൂട്ടിച്ചേര്‍ത്തു.
ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ വര്‍ധിച്ചതോടെ ഇറാനിലെ പ്രക്ഷോഭരുടെ മരണസംഖ്യ 200 കടന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടെഹ്‌റാനിലെ ആറ് ആശുപത്രികളില്‍നിന്ന് മാത്രമുള്ള കണക്കാണിതെന്ന് ഒരു ഡോക്ടറെ ഉദ്ധരിച്ച് ടൈം മാസിക റിപ്പോര്‍ട്ട് ചെയ്തു. ഭൂരിഭാഗവും വെടിയേറ്റാണ് കൊല്ലപ്പെട്ടത്. മനുഷ്യവകാശ സംഘടനകള്‍ കുറഞ്ഞ മരണസംഖ്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിഷേധം ആരംഭിച്ചതു മുതല്‍ 63 മരണം സംഭവിച്ചുവെന്നാണ് മനുഷ്യവകാശ സംഘടനകളുടെ കണക്ക്.
കലാപം അടിച്ചമര്‍ത്താന്‍ വ്യാഴാഴ്ച രാത്രി മുതല്‍ രാജ്യത്തെ മൊത്തം ഇന്റര്‍നെറ്റും ഫോണ്‍ കണക്ഷനുകളും ഭരണകൂടം നിര്‍ത്തലാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധമാണ് പിന്നീട് ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി പരിണമിച്ചത്.1979 മുതല്‍ ഇറാന്റെ നിയന്ത്രണം ഏറ്റെടുത്ത ഭരണകൂടത്തെ താഴെയിറക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
'സ്വാതന്ത്ര്യം', 'ഏകാധിപതിക്ക് മരണം' തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് ജനം തെരുവില്‍ ഉറങ്ങിയിരിക്കുന്നത്. വെള്ളിയാഴ്ച അധികാരികള്‍ ആശുപത്രികളില്‍നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്തതായി ഡോക്ടര്‍ ടൈം മാസികയോട് പറഞ്ഞു. മരിച്ചവരില്‍ ഭൂരിഭാഗവും യുവജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ വടക്കന്‍ ടെഹ്റാനിലെ ഒരു പോലീസ് സ്റ്റേഷന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ മെഷീന്‍ ഗണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പൊതുജനങ്ങളുടെ രോഷത്തോടൊപ്പം അമേരിക്കയുടെഭീഷണികള്‍ക്കും ഇടയില്‍ കുടുങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. പ്രതിഷേധവുമായി ജനങ്ങള്‍ മുന്നോട്ടുപോവുകയും അമേരിക്ക ഇടപെടുകയും ചെയ്താല്‍ അവസ്ഥ അപകടകരമാവുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇസ്രയേലും അമേരിക്കയുമായി ജൂണില്‍ നടന്ന 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിന് ശേഷം ഇറാന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ വഷളായിട്ടുണ്ട്. അതിനിടെയാണ് പൊതുജനം ഭരണകൂടത്തിനെതിരേ തെരുവിലിറങ്ങിയത്.
