റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യയെ ശിക്ഷിക്കില്ല; 25 ശതമാനം അധിക ചുങ്കം ഒഴിവാക്കുമെന്ന് സൂചിപ്പിച്ച് ട്രംപ്; നിലപാട് മയപ്പെടുത്തിയത് അലാസ്‌കയില്‍ എത്തി പുടിന്‍ കൈ കൊടുത്തതോടെ; വെണ്ണ പോലെ അലിഞ്ഞില്ലാതായി യുഎസ് പ്രസിഡന്റിന്റെ കോപം
റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യയെ ശിക്ഷിക്കില്ല
വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ 25 ശതമാനം അധിക തീരുവ ചുമത്തില്ലെന്ന് സൂചിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ അധിക തീരുവകള്‍ ചുമത്തുന്ന കാര്യത്തിലാണ്് ട്രംപ് നിലപാട് മയപ്പെടുത്തിയത്. റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യയെ അമേരിക്ക തീരുവകള്‍ ചുമത്തിയതിലൂടെ അവര്‍ക്ക് നഷ്ടപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടു.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള 25 ശതമാനം തീരുവയ്ക്കു പുറമേയാണ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ 25 ശതമാനം അധിക തീരുവ ട്രംപ് ചുമത്തിയത്. യുഎസ് അധിക തീരുവ ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ മോസ്‌കോയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നിര്‍ത്തിയതായി ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. ഓഗസ്റ്റ് 27 നാണ് അധിക ചുങ്കം നിലവില്‍ വരുന്നത്. യുക്രെയിനുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍, റഷ്യക്കും അവരില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക ഭീഷണി മുഴക്കിയിരുന്നു. ചൈനയും ഇന്ത്യയുമാണ് റഷ്യന്‍ എണ്ണ കൂടുതല്‍ വാങ്ങുന്ന രാജ്യങ്ങള്‍,
'യുഎസ് അധിക തീരുവകള്‍ ചുമത്തിയതിന് പിന്നാലെ റഷ്യക്ക് ഇന്ത്യ എന്ന ഉപഭോക്താവിനെ നഷ്ടമായി. റഷ്യന്‍ എണ്ണയുടെ 40 ശതമാനം വാങ്ങിയിരുന്നത് ഇന്ത്യയാണ്. ചൈനയും ധാരാളം എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഞാന്‍ ദ്വിതീയ ഉപരോധമോ, താരിഫോ ഏര്‍പ്പെടുത്തിയാല്‍ അവര്‍ക്കത് വലിയ തിരിച്ചടിയായിരിക്കും. അത് ചെയ്യേണ്ടി വന്നാല്‍ ഞാന്‍ ചെയ്യും. ചിലപ്പോള്‍ എനിക്കത് ചെയ്യേണ്ടി വരില്ല'-അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുമ്പ് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, ചര്‍ച്ചയില്‍ റഷ്യ-യുക്രെയ്ന്‍ വെടിനിര്‍ത്തലില്‍ ധാരണയായില്ല,
ടംപ്-പുടിന്‍ കൂടിക്കാഴ്ച പരാജയപ്പെട്ടാല്‍ ഇന്ത്യക്കെതിരായ തീരുവ നടപടികള്‍ കടുപ്പിക്കുമെന്നും, റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ നിലവില്‍ ചുമത്തിയിട്ടുള്ള 25 ശതമാനം പിഴ ഇനിയും ഉയര്‍ത്തുമെന്നും, ഉപരോധം അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനും സാധ്യതയുണ്ടെന്നും നേരത്തെ, യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, പറഞ്ഞിരുന്നു. അലാസ്‌ക ഉച്ചകോടിക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.