യൂറോപ്യന്‍ യൂണിയനും അമേരിക്കയുമായി കരാറായി; അടുത്തത് ഗള്‍ഫ് നാടുകളുടെ ഊഴം; ഇന്ത്യയും ജി.സി.സിയും സ്വതന്ത്ര വ്യാപാര കരാറിലേക്ക്; കരാറിനായുള്ള നിബന്ധനകളില്‍ ഒപ്പുവെച്ചു; ഇന്ത്യയും ജി.സി.സിയും തമ്മില്‍ ആഴത്തിലുള്ള സാമ്പത്തിക ബന്ധത്തിനും ഇടയാക്കുമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍
യൂറോപ്യന്‍ യൂണിയനും അമേരിക്കയുമായി കരാറായി; അടുത്തത് ഗള്‍ഫ് നാടുകളുടെ ഊഴം
മസ്‌കത്ത്: യൂറോപ്യന്‍ യൂണിയനും അമേരിക്കയുമായി വ്യാപാര കരാറായതിന് പിന്നാലെ അടുത്ത ഘട്ടത്തിലേക്ക് ചുവടുവെച്ച് ഇന്ത്യ. ഗള്‍ഫ് സഹകരണ കൗണ്‍സിലും (ജി.സി.സി) ഇന്ത്യയും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ തുടങ്ങി. സ്വതന്ത്ര വ്യാപാര കരാറിനായുള്ള നിബന്ധനകളില്‍ ഇന്ത്യയും ജി.സി.സിയും ന്യൂദല്‍ഹിയില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ വാണിജ്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയും ചീഫ് നെഗോഷ്യേറ്ററുമായ അജയ് ഭാദൂവും ജി.സി.സി സെക്രട്ടേറിയറ്റ് ജനറല്‍ ചീഫ് നെഗോഷ്യേറ്റര്‍ രാജാ അല്‍ മര്‍സൂഖിയുമാണ് നിബന്ധനകളില്‍ ഒപ്പുവച്ചത്.
ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, വാണിജ്യ വ്യവസായ സഹമന്ത്രി ജിതിന്‍ പ്രസാദ, വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജി.സി.സി-ഇന്ത്യ സ്വതന്ത്ര വ്യാപാരത്തിന്റെ വ്യാപ്തിയും രീതികളും നിര്‍വചിക്കുന്നതാണ് നിബന്ധനകള്‍. ഇതിനെ ആശ്രയിച്ചായിരിക്കും തുടര്‍ ചര്‍ച്ചകള്‍.
ഇന്ത്യയും ജി.സി.സിയും തമ്മിലുള്ള ബന്ധത്തെ സ്വതന്ത്ര വ്യാപാര കരാര്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. ചരക്കുകളുടെയും സേവനങ്ങളുടെയും സുഗമമായ ഒഴുക്ക് സാധ്യമാക്കാനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും സ്വതന്ത്ര വ്യാപാര കരാര്‍ സഹായിക്കും. തൊഴിലവസരങ്ങള്‍ വികസിപ്പിക്കുകയും മേഖലയില്‍ ഭക്ഷ്യ-ഊര്‍ജ സുരക്ഷ വളര്‍ത്തുകയും ചെയ്യും.
ഇന്ത്യയും ജി.സി.സിയും തമ്മില്‍ ആഴത്തിലുള്ള സാമ്പത്തിക ബന്ധത്തിനും ഇടയാക്കുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ജി.സി.സിയും ഇന്ത്യയും ചരിത്രപരമായ വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിരുന്നതായും പരസ്പരം പ്രയോജനകരമായ ഒരു സ്വതന്ത്ര വ്യാപാര കരാറിലേക്കുള്ള ചര്‍ച്ചകളുടെ തുടക്കമാണ് നിബന്ധനകളില്‍ ഒപ്പുവെക്കലെന്നും അല്‍ മര്‍സൂഖി പറഞ്ഞു. ഇന്ത്യയും ജി.സി.സിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കരാര്‍ സഹായിക്കുമെന്നും സൂചിപ്പിച്ചു.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ജി.സി.സിയുമായുള്ള ഇന്ത്യയുടെ വ്യാപാരം 178.56 ബില്യണ്‍ യു.എസ് ഡോളറായിരുന്നു. ഇത് ഇന്ത്യയുടെ ആഗോള വ്യാപാരത്തിന്റെ 15.42 ശതമാനമാണ്. ജി.സി.സിയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍, അരി, തുണിത്തരങ്ങള്‍, യന്ത്രങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. അസംസ്‌കൃത എണ്ണ, എല്‍.എന്‍.ജി, പെട്രോകെമിക്കല്‍സ്, സ്വര്‍ണംപോലുള്ള വിലയേറിയ ലോഹങ്ങള്‍ എന്നിവയാണ് ജി.സി.സിയില്‍ നിന്നുള്ള പ്രധാന ഇറക്കുമതി.
കഴിഞ്ഞ ഡിസംബര്‍ 18ന് ഇന്ത്യയും ഒമാനും തമ്മില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (സി.ഇ.പി.എ) ഒപ്പുവെച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി മസ്‌കത്തില്‍ നടന്ന കൂടിക്കാഴ്ചയിലായിരുന്നു സ്വതന്ത്ര വ്യാപാര കരാര്‍ എന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രഖ്യാപനം. ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക- വാണിജ്യ സഹകരണത്തിലെ ചരിത്ര സന്ദര്‍ഭമായാണ് കരാറിനെ വിശേഷിപ്പിക്കുന്നത്.
ഇന്ത്യയും ഒമാനും തമ്മിലെ വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുകയും ദീര്‍ഘകാല പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍. ഇന്ത്യയില്‍നിന്ന് ഒമാനിലേക്ക് കയറ്റുമതി ചെയ്യുന്ന ഭൂരിഭാഗം ഉല്‍പന്നങ്ങള്‍ക്കും കസ്റ്റംസ് തീരുവ പൂര്‍ണമായും ഒഴിവാകുകയോ ഗണ്യമായി കുറയുകയോ ചെയ്യുമെന്നതാണ് കരാറിന്റെ നേട്ടം. സേവന മേഖലയിലെ വ്യാപാരം എളുപ്പമാക്കാനും ഇരു രാജ്യങ്ങളിലും നിക്ഷേപം ആകര്‍ഷിക്കാനും കരാര്‍ വഴിവെക്കും.
