ആ മോഹം യുക്രൈന്‍ മറന്നേക്കൂ..! നാറ്റോയില്‍ അംഗത്വം ലഭിക്കണമെന്ന് യുക്രൈന്‍ കരുതേണ്ടെന്ന് ട്രംപ്; നാറ്റോയില്‍ അംഗത്വം നേടാന്‍ ശ്രമം തുടങ്ങിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണം; യുദ്ധത്തിന് ഉത്തരവാദി യുക്രൈനാണ് എന്ന നിലപാടില്‍ യുഎസ് പ്രസിഡന്റ്
ആ മോഹം യുക്രൈന്‍ മറന്നേക്കൂ..!
വാഷിങ്ടണ്‍: നാറ്റോയില്‍ അംഗത്വം ലഭിക്കണമെന്ന ആഗ്രഹം യുക്രൈന്‍ മറക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി നാളെ അമേരിക്ക സന്ദര്‍ശിക്കുന്നതിന് മുന്നോടിയായിട്ടാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. യുക്രൈന്‍ നാറ്റോയില്‍ അംഗത്വം നേടാന്‍ ശ്രമം ആരംഭിച്ചതിനെ തുടര്‍ന്നാണ് കുഴപ്പങ്ങള്‍ എല്ലാ ഉണ്ടായതെന്നാണ് ട്രംപ് വിശദീകരിക്കുന്നത്.
യുദ്ധത്തിന് ഉത്തരവാദി യുക്രൈനാണ് എന്ന നിലപാടിലാണ് അമേരിക്ക. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി എത്രയും വേഗം ചര്‍ച്ചകള്‍ നേരിട്ട് ചര്‍ച്ച നടത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏതൊക്കെ കാര്യങ്ങളിലാണ് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതെന്ന കാര്യം ട്രംപ് വ്യക്തമാക്കിയില്ല.
യുക്രൈന്റെ ധാതുസമ്പത്ത് അമേരിക്കക്ക് കൈമാറുന്നത് സംബന്ധിച്ച സുരക്ഷാ ഉറപ്പുകളൊന്നും നല്‍കാന്‍ തയ്യാറല്ലെന്നും അത്തരം കാര്യങ്ങള്‍ നോക്കേണ്ടത് യൂറോപ്യന്‍ രാജ്യങ്ങളുടെ ചുമതലയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപ് ഈ അഭിപ്രായ പ്രകടനം നടത്തിയത്. യൂറോപ്പാണ് യുക്രൈന്റെ അയല്‍ക്കാര്‍ എന്നും എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യണം എന്ന കാര്യത്തില്‍ മാത്രമാണ് അമേരിക്കക്ക് നിര്‍ബന്ധം ഉള്ളതെന്നും അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
യുക്രൈന്റെ ധാതുസമ്പത്ത് അമേരിക്കക്ക് ലഭിക്കുന്നത് മികച്ച കാര്യമാണന്ന് ട്രംപ് മന്ത്രിസഭാംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. രാജ്യത്തിന് ഇത് വന്‍ തോതിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് അമേരിക്ക യുക്രൈന് വേണ്ടി ചെലവാക്കിയ പണം മുഴുവന്‍ ഇത്തരത്തില്‍ തിരികെ ലഭിക്കുമെന്നും അഭിപ്രായപ്പെട്ടു. മാത്രമല്ല യുക്രൈന്റെ ധാതു സമ്പത്ത് തങ്ങള്‍ക്ക് നല്‍കുന്നതിലൂടെ അവരുടെ സുരക്ഷയും ഉറപ്പാണെന്നും അമേരിക്കയുടെ സാന്നിധ്യം ഇതിന് ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ വളരെ തന്ത്രശാലിയായ ഒരു ഭരണാധികാരി ആണെന്നും യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് വലിയ താല്‍പ്പര്യം ഉളളതായി തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താന്‍ പ്രസിഡന്റ് ആയത് കൊണ്ട് മാത്രമാണ് പുട്ടിന്‍ ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറായതെന്നും ട്രംപ് അവകാശപ്പെട്ടു. റഷ്യയുടെ മേല്‍ ഏര്‍പ്പെടുത്തിയ ചില ഉപരോധങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനം ആയിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി.
എന്നാല്‍ ഇതിനുള്ള സാധ്യതകള്‍ തള്ളിക്കളയാനും കഴിയില്ല. എന്നാല്‍ അമേരിക്ക ഇനിയും യുക്രൈന് നല്‍കുന്ന സൈനിക സഹായം തുടരുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ലെന്ന് വ്ളാഡിമിര്‍ സെലന്‍സ്‌കിയും വ്യക്തമാക്കിയിട്ടുണ്ട്. ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ താന്‍ ഇക്കാര്യം ഉന്നയിക്കുമെന്നും സെലന്‍സ്‌കി അറിയിച്ചു. കൂടാതെ യുക്രൈന് അമേരിക്കയില്‍ നിന്ന് നേരിട്ട് ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കുന്ന കാര്യവും താന്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.