ഓവല്‍ ഓഫീസില്‍ സെലന്‍സ്‌കിയുമൊത്ത് മാധ്യമങ്ങളെ കാണുമ്പോഴും പഴയ പല്ലവി ആവര്‍ത്തിച്ച് ട്രംപ്; ഇന്ത്യ - പാക്കിസ്ഥാന്‍ യുദ്ധം ഒഴിവാക്കാന്‍ താന്‍ ഇടപെട്ടെന്ന് ട്രംപ്; 'അവസാനിപ്പിച്ചത് വലിയ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം' എന്ന് യുഎസ് പ്രസിഡന്റ്; പാര്‍ലമെന്റില്‍ മോദി തള്ളിപ്പറഞ്ഞിട്ടും നിലപാടില്‍ ഉറച്ച് ട്രംപ്

ഓവല്‍ ഓഫീസില്‍ സെലന്‍സ്‌കിയുമൊത്ത് മാധ്യമങ്ങളെ കാണുമ്പോഴും പഴയ പല്ലവി ആവര്‍ത്തിച്ച് ട്രംപ്

Update: 2025-08-19 01:08 GMT

വാഷിങ്ടന്‍: ഇന്ത്യ പലതവണ തള്ളിപ്പറഞ്ഞിട്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും തന്റെ നിലപാട് ആവര്‍ത്തിച്ചു രംഗത്ത്. ഇന്ത്യ - പാക്കിസ്ഥാന്‍ യുദ്ധം ഒഴിവാക്കാന്‍ ഇടപെട്ടെന്ന് വീണ്ടും ആവര്‍ത്തിച്ചാണ് യുഎസ് പ്രസിഡന്റ് രംഗത്തുവന്നത്. യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായുള്ള ചര്‍ച്ചയ്ക്കു മുന്‍പ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന് ട്രംപ് ആവര്‍ത്തിച്ചത്. ആറു യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് അവസാനിപ്പിച്ചെന്നു പറഞ്ഞ ട്രംപ്, തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷമാണ് ആദ്യം പരാമര്‍ശിച്ചത്.

വലിയ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് അവസാനിപ്പിച്ചതെന്ന് ട്രംപ് പറഞ്ഞു. പതിറ്റാണ്ടുകളായുള്ള സംഘര്‍ഷത്തിന് അവസാനം കുറിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളായ റുവാണ്ടയും കോംഗോയും സമാധാന കരാറില്‍ ഒപ്പുവച്ചതും ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം അവസാനിപ്പിച്ചതും ട്രംപ് തുടര്‍ന്ന് പരാമര്‍ശിച്ചു. റഷ്യ യുക്രെയ്ന്‍ യുദ്ധം വേഗം അവസാനിപ്പിക്കാനാവുമെന്നാണ് കരുതിയതെന്നും എന്നാല്‍ അത്ര എളുപ്പമല്ലെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യ - പാക്കിസ്ഥാന്‍ യുദ്ധം ഒഴിവാക്കാന്‍ ഇടപെട്ടെന്ന് നിരവധി തവണ ട്രംപ് ആവര്‍ത്തിച്ചിരുന്നു. സംഘര്‍ഷം വ്യാപിക്കുമെന്ന ഘട്ടത്തില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയായെന്ന വിവരം ട്രംപ് ആണ് ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആരും ഇടപെട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ വ്യക്തമാക്കിയത്.

ഇതിനിടെ ലോക സമാധാനത്തിനായി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ എല്ലായ്പ്പോഴും ഇടപെടുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള സ്ഥിതിഗതികള്‍, കംബോഡിയയ്ക്കും തായ്ലന്‍ഡിനും ഇടയിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ രാജ്യാന്തരതലത്തില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നിടത്തെല്ലാം യുഎസ് ശ്രദ്ധ നല്‍കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. റഷ്യയുക്രെയ്ന്‍ വെടിനിര്‍ത്തല്‍ സാധ്യമാണോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഇന്ത്യ-പാക്ക് വിഷയം മാര്‍ക്കോ റൂബിയോ പരാമര്‍ശിച്ചത്.

നോബല്‍ സമ്മാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് മുന്നോട്ടു പോകുന്നത്. അതുകൊണ്ട് തന്നെയാണ് തുടര്‍ച്ചയായി ഇന്ത്യയുടെ കാര്യം അദ്ദേഹം പരാമര്‍ശിക്കുന്നതും. ആറുമാസത്തിനകം ആറു യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന അവകാശവാദവുമായി ട്രംപ് രംഗത്തുവന്നിരുന്നു. ഹമാസിനെ നശിപ്പിക്കുക എന്നതാണ് ഗാസയിലെ ശേഷിക്കുന്ന ബന്ദികളെ നാട്ടിലേക്ക് തിരികെക്കൊണ്ടുവരാനുള്ള ഏക മാര്‍ഗമെന്നും അദ്ദേഹം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഹമാസിനെ നേരിടുകയും നശിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ശേഷിക്കുന്ന ബന്ദികളുടെ തിരിച്ചുവരവ് നമുക്ക് കാണാനാവൂ എന്ന് അദ്ദേഹം കുറിച്ചു. 'അത് എത്ര വേഗത്തില്‍ നടക്കുന്നുവോ അത്രയും വിജയസാധ്യത കൂടും. ഓര്‍ക്കുക, ചര്‍ച്ചകള്‍ നടത്തി നൂറുകണക്കിന് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേലിലേക്കും (അമേരിക്കയിലേക്കും) വിട്ടയച്ചത് ഞാനാണ്. വെറും ആറുമാസത്തിനുള്ളില്‍ ആറ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചത് ഞാനാണ്', ട്രംപ് അവകാശപ്പെട്ടു.

'ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇല്ലാതാക്കിയതും ഞാനാണ്. കളിക്കുന്നുവെങ്കില്‍ ജയിക്കാന്‍വേണ്ടി കളിക്കുക, അല്ലെങ്കില്‍ കളിക്കാതിരിക്കുക. ഈ വിഷയത്തില്‍ നിങ്ങള്‍ നല്‍കിയ ശ്രദ്ധയ്ക്ക് നന്ദി', 12 ദിവസം നീണ്ട ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തെ പരാമര്‍ശിച്ച് അദ്ദേഹം കുറിച്ചു. മേയില്‍ ഇന്ത്യ-പാക് സംഘര്‍ഷത്തിന് അറുതി വരുത്തിയെന്ന് അവകാശപ്പെട്ട് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യ തള്ളിയ ഈ അവകാശവാദത്തെ പാക്കിസ്ഥാന്‍ സമ്മതിച്ചിരുന്നു. ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് നിലപാടെടുക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പിന്തുണയും ട്രംപിനുണ്ട്.

പിന്നാലെ ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ യുഎസ് ആക്രമണത്തിന് ഉത്തരവിട്ടുകൊണ്ട് ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിലും ട്രംപ് ഇടപെട്ടു. പിന്നാലെ ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചതായി ട്രംപ് പ്രഖ്യാപിച്ചു. അടുത്തിടെ അര്‍മേനിയ-അസര്‍ബൈജാന്‍ സമാധാന ഉടമ്പടിക്ക് ട്രംപ് മധ്യസ്ഥത വഹിച്ചിരുന്നു. തായ്ലാന്‍ഡ്-കംബോഡിയ വെടിനിര്‍ത്തല്‍ കരാറിനായി സമ്മര്‍ദം ചെലുത്തിയതും സെര്‍ബിയ-കൊസോവോ, ഈജിപ്ത്-എത്യോപ്യ, റുവാണ്ട-മോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിച്ചതും താനാണെന്നാണ് ട്രംപിന്റെ അവകാശവാദം.

അതേസമയം, ഗാസയില്‍ സംഘര്‍ഷത്തിന് അറുതിവരുത്താന്‍ ശ്രമിച്ചെങ്കിലും പൂര്‍ണാര്‍ഥത്തില്‍ വിജയിച്ചില്ല. നിലവില്‍ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്.

Tags:    

Similar News