അമേരിക്കയുടെ പശ്ചിമേഷ്യന്‍ കാര്യ ഉപദേഷ്ടാവായി മകളുടെ ഭര്‍തൃപിതാവ്; പുതിയ നിയമനവുമായി ട്രംപ്; മസാദ് ബൗലോസ് അറബ് അമേരിക്കന്‍, മുസ്‌ളീം നേതാക്കളുമായി ട്രംപിനായി നിരന്തരം ചര്‍ച്ച നടത്തിയ വ്യക്തി; രണ്ടാം ട്രംപ് സര്‍ക്കാറില്‍ ബന്ധുക്കളും അടുപ്പക്കാരുമേറെ

അമേരിക്കയുടെ പശ്ചിമേഷ്യന്‍ കാര്യ ഉപദേഷ്ടാവായി മകളുടെ ഭര്‍തൃപിതാവ്

Update: 2024-12-02 04:02 GMT

ന്യൂയോര്‍ക്ക്: രണ്ടാം ട്രംപ് സര്‍ക്കാറാണ് അമേരിക്കയില്‍ അധികാരത്തിലേറാന്‍ പോകുന്നത്. തന്റെ രണ്ടാമൂഴത്തിലും വിശ്വസ്തരെ തന്നെയാണ് അദ്ദേഹം നിര്‍ണായക സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നത്. അമേരിക്കയുടെ പശ്ചിമേഷ്യന്‍ വിഷയങ്ങളിലെ ഉപദേഷ്ടാവായി ലെബനീസ് അമേരിക്കന്‍ ബിസിനസുകാരനായ മസാദ് ബൗലോസിനെ പ്രഖ്യാപിച്ചിരിക്കയാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്.

അറബ്- പശ്ചിമേഷ്യന്‍ പ്രശ്നങ്ങളില്‍ മുതിര്‍ന്ന ഉപദേശകനായി മസാദ് ബൗലോസ് പ്രവര്‍ത്തിക്കുമെന്ന് ട്രംപ് അറിയിച്ചു.ട്രംപിന്റെ മകള്‍ ടിഫാനിയുടെ ഭര്‍തൃപിതാവാണ് മസാദ്. അറബ് അമേരിക്കന്‍, മുസ്‌ളീം നേതാക്കളുമായി അദ്ദേഹം ട്രംപിനായി നിരന്തരം ചര്‍ച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു ഇത്. വിജയത്തോടെ പശ്ചിമേഷ്യന്‍ വിഷയം അടക്കം പരിഹരിക്കുന്നതില്‍ നിര്‍ണായക റോളില്‍ മസാദ് ഉണ്ടാകും.

രാജ്യത്തെ പ്രധാന അധികാര പദവിയിലേക്ക് മക്കളുടെ ബന്ധുക്കളെ ആരെയെങ്കിലും ട്രംപ് നിയമിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഫ്രാന്‍സിന്റെ അംബാസിഡറായി മരുമകന്‍ ജാറെഡ് കുഷ്നറുടെ പിതാവും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ ചാള്‍സ് കുഷ്നറെ ട്രംപ് നിയമിച്ചിരുന്നു.

സമൂഹമാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം പ്രഖ്യാപനങ്ങള്‍ നടത്തിയത്.ലെബനനില്‍ അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ അമേരിക്കയ്ക്ക് പിന്തുണയ്ക്കായി നിര്‍ണായക ചര്‍ച്ച നടത്തിയത് മസാദ് ആണ്. അദ്ദേഹത്തിന്റെ അച്ഛനും മുത്തച്ഛനും ലെബനീസ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ഉള്ളയാളുകളാണ്. മസാദിന്റെ ഭാര്യാപിതാവ് ഹിസ്ബുള്ളയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ട്രംപിന്റെ ആദ്യ ടേമില്‍ 2022 നവംബറിലായിരുന്നു ടിഫാനിയുടെയും മസാദിന്റെ മകന്‍ മൈക്കലിന്റെയും വിവാഹം. അതേസമയം ആദ്യ ട്രംപ് ഭരണകൂടത്തില്‍ യുഎസ് പ്രതിരോധ വകുപ്പ് മേധാവിയുമായിരുന്ന കാഷ് പട്ടേല്‍ എഫ്ബിഐ ഡയറക്ടറായി നിയമിതനായി. ട്രംപിന്റെ വിശ്വസ്തനെന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 'അമേരിക്ക ഫസ്റ്റ് ഫൈറ്റര്‍' എന്നാണ് ട്രംപ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

വര്‍ധിച്ചു വരുന്ന കുറ്റകൃത്യ നിരക്ക്, ക്രിമിനല്‍ സംഘങ്ങള്‍, യു.എസ് അതിര്‍ത്തി വഴിയുള്ള മനുഷ്യ-മയക്കുമരുന്ന് കടത്ത് തുടങ്ങിയ വെല്ലുവിളികളെ പ്രതിരോധിക്കുകയാണ് പ്രധാന ചുമതലകള്‍. ട്രംപിന്റെ ആദ്യ സര്‍ക്കാറില്‍ പ്രതിരോധ വകുപ്പ് ഡയറക്ടര്‍, നാഷനല്‍ ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍, നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കൗണ്ടര്‍ ടെററിസം സീനിയര്‍ ഡയറക്ടര്‍ അടക്കമുള്ള സുപ്രധാന പദവികള്‍ കാശ് പട്ടേല്‍ വഹിച്ചിട്ടുണ്ട്.

അഴിമതി തുറന്നു കാട്ടുന്നതിനും നീതി സംരക്ഷിക്കുന്നതിനും അമേരിക്കന്‍ ജനതയെ സംരക്ഷിക്കുന്നതിനുമായി തന്റെ കരിയര്‍ ചെലവഴിച്ച 'അമേരിക്ക ഫസ്റ്റ്' പോരാളി എന്നാണ് കാഷ് പട്ടേലിനെ ട്രംപ് വിശേഷിപ്പിച്ചത്. കാഷ് മികച്ച അഭിഭാഷകനും അന്വേഷകനുമാണ്. സത്യം, ഉത്തരവാദിത്തം, ഭരണഘടന എന്നിവയുടെ വക്താവായി നിലകൊള്ളുന്ന കാഷ്, റഷ്യയുടെ തട്ടിപ്പ് പുറത്തു കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. തന്റെ ആദ്യ സര്‍ക്കാറില്‍ കാഷ് അവിശ്വസനീയമായ സേവനം കാഴ്ചവെച്ചെന്നും ട്രംപ് വ്യക്തമാക്കി.

ഇന്ത്യന്‍ വംശജനായ ജയ് ഭട്ടാചാര്യയെ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ഡയറക്ടറായി ട്രംപ് നാമനിര്‍ദേശം ചെയ്തിരുന്നു. രാജ്യത്ത് ആരോഗ്യ ഗവേഷണത്തിന്റെയും സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിന്റെയും പ്രധാന ചുമതലയിലാകും ജയ് ഭട്ടാചാര്യയുടെ നിയമനം. ട്രംപിനുകീഴില്‍ ആരോഗ്യ രംഗത്ത് ഇത്രയും ഉയര്‍ന്ന പദവിയിലെ ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. വിവേക് രാമസ്വാമി സര്‍ക്കാര്‍ ഭരണക്ഷമത വകുപ്പില്‍ ഇലോണ്‍ മസ്‌കിനൊപ്പം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മുന്‍ ഫ്‌ലോറിഡ അറ്റോണി ജനറലായ പാം ബോണ്ടിയെ യു.എസ് അറ്റോണി ജനറലായും വേള്‍ഡ് റെസ്റ്റ്‌ലിങ് എന്റര്‍ടെയ്ന്‍മെന്റ് (ഡബ്ലു.ഡബ്ല്യു.ഇ) മുന്‍ സി.ഇ.ഒ ലിന്‍ഡ മക്‌മോഹനെ വിദ്യാഭ്യാസ മേധാവിയായും യു.എസ് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമീഷന്‍ (എഫ്.സി.സി) ചെയര്‍മാനായി ബ്രന്‍ഡന്‍ കാറിനെയും ട്രംപ് നിയമിച്ചിരുന്നു.

Tags:    

Similar News