ഇന്ത്യക്കും ചൈനക്കും അധിക തീരുവ ചുമത്തും; അവര്‍ ഞങ്ങള്‍ക്ക് ചുമത്തുന്ന തീരുവയാകും തിരിച്ചും ഈടാക്കുക; മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷവും നിലപാട് ആവര്‍ത്തിച്ചു ട്രംപ്; ഇന്ത്യക്ക് തിരിച്ചടിയായി ട്രംപിന്റെ നയങ്ങള്‍
ഇന്ത്യക്കും ചൈനക്കും അധിക തീരുവ ചുമത്തും
വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് തിരിച്ചടിയാകുകയാണ് യുഎസ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‌റെ നയങ്ങള്‍. ഇന്ത്യക്കും ചൈനക്കും അധിക തീരുവ ചുമത്തുമെന്ന് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ ട്രംപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് നിലപാട് ആവര്‍ത്തിക്കുന്നത്.
ചൈനക്കും ഇന്ത്യക്കും അധിക തീരുവ ചുമത്തും. അവര്‍ ഞങ്ങള്‍ക്ക് ചുമത്തുന്ന തീരുവയാകും തിരിച്ചും ഈടാക്കുക. അവരും ഈടുക്കുന്ന അതേ രീതിയില്‍ ഞങ്ങളും തീരുവ ഈടാക്കുമെന്ന് ഡോണാള്‍ഡ് ട്രംപ് ശനിയാഴ്ച പറഞ്ഞു. ഇതിന് മുമ്പ് ഞങ്ങള്‍ ഇങ്ങനെ ചെയ്തിട്ടില്ല. എന്നാല്‍, ഇപ്പോള്‍ അധിക തീരുവ ചുമത്താന്‍ തയാറെടുക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അധിക തീരുവ ചുമത്തുന്നതില്‍ നിന്ന് ഇന്ത്യക്ക് ഒരു ഇളവുമുണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇലോണ്‍ മസ്‌കുമൊത്ത് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. നിങ്ങള്‍ ചുമത്തുന്ന അതേ തീരുവ ഇന്ത്യക്കുമേല്‍ ഞങ്ങളും ചുമത്തുമെന്ന് മോദിയെ അറിയിച്ചുവെന്ന് ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, ബ്രിക്‌സ് കൂട്ടായ്മയേയും വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. 150 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇന്ത്യ ഉള്‍പ്പെടുന്ന ബ്രിക്‌സ് സംഘടനയെ കാണാതായെന്നാണ് ട്രംപ് പറഞ്ഞത്. ബ്രിക്‌സ് ഡോളറിനെ തകര്‍ക്കാനാണ് ശ്രമിച്ചത്. ഇതിന് പകരം പുതിയ കറന്‍സി സൃഷ്ടിക്കാനായിരുന്നു അവരുടെ ശ്രമം.
താന്‍ അധികാരത്തിലെത്തിയപ്പോള്‍ ഡോളറിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 150 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. ബ്രിക്‌സ് രാജ്യങ്ങളുടെ ഉല്‍പന്നങ്ങള്‍ വേണ്ടെന്നും പറഞ്ഞു. ഇതോടെ സംഘടന തകര്‍ന്നുവെന്ന് ട്രംപ് പറഞ്ഞിരുന്നു. അതേസമയം ഇന്ത്യ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പകരത്തിനുപകരം തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് നീക്കം.
ഇലക്ട്രോണിക് -വാഹനങ്ങള്‍, ഓട്ടോമൊബൈല്‍ സാമഗ്രികള്‍ എന്നിവയുടെ തീരുവ കുറയ്ക്കാന്‍ ഇതിനോടകം ധാരണയായി. ഇതുകൂടാതെ, തീരുവകുറയ്ക്കല്‍ സാധ്യമാകുന്ന കൂടുതല്‍ ഉല്‍പ്പന്നങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
മീന്‍തീറ്റയ്ക്ക് ആവശ്യമായ ഫിഷ് ഹൈഡ്രോലിസേറ്റ്, ചിലയിനം പാഴ്വസ്തുക്കള്‍, സ്വിച്ചുകള്‍, മോട്ടോര്‍സൈക്കിളുകള്‍ എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ താല്‍പ്പര്യപ്രകാരമായിരുന്നിത്. ഇതിനുപുറമെ ബേര്‍ബണ്‍ വിസ്‌ക്കിയുടെയും ഹാര്‍ലി ഡേവിസണ്‍ ബൈക്കുകളുടെയും നികുതി കുറച്ചു. യുഎസില്‍ നിന്നുള്ള ബേര്‍ബണ്‍ വിസ്‌ക്കിയുടെ തീരുവ 150 ശതമാനത്തില്‍ നിന്നും 100 ശതമാനമാക്കി.
ഇ-വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള നീക്കം ട്രംപിന്റെ വിശ്വസ്തനായ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കിനെ തൃപ്തിപ്പെടുത്താനാണ്. മസ്‌ക്കിന്റെ ടെസ്ല കമ്പനി ഇന്ത്യയിലേക്ക് വ്യാപകമായി ഇ-വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. യുഎസ് സന്ദര്‍ശന വേളയില്‍ മോദി മസ്‌ക്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ യുഎസ് പകരത്തിന് പകരം തീരുവ ചുമത്തിയാല്‍ കയറ്റുമതിയില്‍ എഴുപതിനായിരം കോടിയോളം രൂപയുടെ നഷ്ടമാകുമെന്ന് കരുതുന്നു. നിലവില്‍ യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി 65000 കോടിയോളം രൂപയുടേതാണ്. ഇത് ഗണ്യമായി ഇടിയുന്ന സ്ഥിതിയുണ്ടാകും. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ശരാശരി 11 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തുന്നത്. അമേരിക്ക ചുമത്തുന്നതിനേക്കാള്‍ 8.2 ശതമാനം അധികമാണിത്.