ഇറാനില്‍ നിന്ന് വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലന്‍ എണ്ണ വാങ്ങും; ഞങ്ങള്‍ ഇതിനോടകം ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്; ഇന്ത്യ അതിന് ഒരുക്കമാണ്; വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ ചൈനയ്ക്കും യുഎസുമായി ഒരു കരാറില്‍ ഏര്‍പ്പെടാമെന്ന് ട്രംപ്; യുഎസ് പ്രസിഡന്റിന്റെ അവകാശവാദത്തോട് പ്രതികരിക്കാതെ ഇന്ത്യ
ഇറാനില്‍ നിന്ന് വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലന്‍ എണ്ണ വാങ്ങും
വാഷിങ്ടണ്‍: ഇറാനില്‍ നിന്നുള്ള എണ്ണ വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലന്‍ എണ്ണ വാങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.'ഞങ്ങള്‍ ഇതിനോടകം ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യ അതിന് ഒരുക്കമാണ്, അവര്‍ ഇറാനില്‍ നിന്ന് വാങ്ങുന്നതിനു പകരം വെനസ്വേലന്‍ എണ്ണ വാങ്ങും', ട്രംപ് അവകാശപ്പെട്ടു.
വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്ന് ഫ്ളോറിഡയിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ഫോഴ്സ് വണ്ണിലിരുന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്. റഷ്യന്‍ എണ്ണയുടെ ഇറക്കുമതിക്ക് പകരമായി വെനസ്വേലന്‍ എണ്ണ വാങ്ങണമെന്ന് യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഇത്തരത്തിലുള്ള പ്രസ്താവന. വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ ചൈനയ്ക്കും യുഎസുമായി ഒരു കരാറില്‍ ഏര്‍പ്പെടാമെന്ന് ട്രംപ് പറഞ്ഞു.
അതേസമയം ട്രംപ് അവകാശപ്പെട്ട വെനസ്വലന്‍ എണ്ണ കരാര്‍ സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് ശേഷം വെനസ്വേലന്‍ എണ്ണയുടെ ഏറ്റവും വലിയ സ്വീകര്‍ത്താവായി അമേരിക്ക മാറിയിരുന്നു. അതിനിടെ വെനസ്വേലയിലെ എണ്ണസമ്പത്ത് സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുക്കുന്ന പുതിയ നിയമത്തില്‍ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ഒപ്പുവച്ചു.
ദേശീയ അസംബ്ലി നിയമം പാസാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അമേരിക്കന്‍ ട്രഷറി വകുപ്പ് വെനസ്വേലയ്‌ക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു എന്നത് ശ്രദ്ധേയമാണ്. ഈ നീക്കത്തോടെ ഷെവ്‌റോണ്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ഊര്‍ജ്ജ ഭീമന്മാര്‍ക്ക് വെനസ്വേലന്‍ മണ്ണില്‍ വീണ്ടും സജീവമാകാന്‍ വഴിതെളിഞ്ഞു. ഇരുപത് വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോളിയോസ് ഡി വെനിസ്വേലയാണ് രാജ്യത്തിന്റെ എണ്ണ വ്യവസായത്തില്‍ പൂര്‍ണ നിയന്ത്രണം പുലര്‍ത്തിയിരുന്നത്.
ദേശീയ അസംബ്ലി നിയമം പാസാക്കി രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പ്രസിഡന്റ് റോഡ്രിഗസ് നിയമത്തില്‍ ഒപ്പുവെച്ചു.ഇതിന് തൊട്ടു പിന്നാലെ വെനിസ്വേലയ്ക്കെതിരേ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളില്‍ അമേരിക്കന്‍ ട്രഷറി വകുപ്പ് ഇളവുകള്‍ പ്രഖ്യാപിച്ചു. വെനിസ്വേലന്‍ എണ്ണമേഖലയില്‍ അമേരിക്കന്‍ ഊര്‍ജ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ വിപുലീകരിക്കുന്നതിന് സഹായകമായ ഇളവുകളാണ് അനുവദിച്ചത്.
എണ്ണ തൊഴിലാളികളുടെയും ഭരണകക്ഷി അനുകൂലികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കുത്തകകള്‍ക്കായുള്ള അമേരിക്കയുടെ ഇളവ് നടപടികളും ഒരേസമയത്ത് തന്നെ വന്നു. എണ്ണ ഖനന മേഖലയിലെ കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് വേണ്ടിയാണ് ട്രംപ് വെനിസ്വേലയില്‍ സൈനിക ആധിപത്യത്തിന് മുതിര്‍ന്നതെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.
നിയമം പാസാക്കിയ ശേഷം റോഡ്രിഗസ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോവുമായും ഫോണ്‍ സംഭാഷണം നടത്തിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വെനിസ്വേലയില്‍ നിന്നുള്ള കോടിക്കണക്കിന് ബാരല്‍ എണ്ണയുടെ വില്‍പ്പനയും അതില്‍നിന്നുള്ള വരുമാനത്തിന്റെ വിനിയോഗവും എങ്ങനെ നിയന്ത്രിക്കുമെന്നതിനെക്കുറിച്ച് റൂബിയോ അടുത്തിടെ യുഎസ് സെനറ്റില്‍ ഏകപക്ഷീയമായി വിശദീകരിച്ചിരുന്നു. മറ്റൊരു രാജ്യത്തിന്റെ സമ്പത്തിന് മേല്‍ പൂര്‍ണ്ണമായ ഉടമസ്ഥാവകാശം ലഭിച്ചതിന് തുല്യമായ നിയന്ത്രണ പദ്ധതിയാണ് അവതരിപ്പിച്ചത്.
പുതിയ നിയമത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രകാരം എണ്ണ ഉല്‍പ്പാദനവും വില്‍പ്പനയും സ്വകാര്യ കമ്പനികള്‍ക്ക് നേരിട്ട് നിയന്ത്രിക്കാനാകും. കമ്പനികള്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും ഒപ്പം അപകടസാധ്യത ഏറ്റെടുത്തും പ്രവര്‍ത്തിക്കണം എന്നു മാത്രമാണ് ഉറപ്പാക്കുന്നത്. ഇവ ഉറപ്പു വരുത്തുന്നതിനായുള്ള സാമ്പത്തികവും സാങ്കേതികവുമായ ശേഷി തെളിയിക്കുന്ന ബിസിനസ് പദ്ധതി അവതരിപ്പിക്കണം. അത് രാജ്യത്തെ എണ്ണ മന്ത്രാലയം അംഗീകരിച്ചാല്‍ മാത്രമേ അനുമതി ലഭിക്കൂ.
എണ്ണ കുഴികള്‍ ഉള്‍പ്പെടെയുള്ള ഹൈഡ്രോകാര്‍ബണ്‍ വിഭവങ്ങളുടെ കേവലമായ ഉടമസ്ഥാവകാശം വെനിസ്വേലന്‍ സര്‍ക്കാരിന് തന്നെയായിരിക്കും. കോര്‍പ്പറേറ്റ് നിക്ഷേപകര്‍ക്ക് ആശ്വാസമായി അര്‍ബിട്രേഷന്‍ വ്യവസ്ഥയിലും മാറ്റം വരുത്തിയിട്ടുണ്ട്. തര്‍ക്കങ്ങള്‍ വെനിസ്വേലന്‍ കോടതികളില്‍ മാത്രം പരിഹരിക്കണമെന്ന വ്യവസ്ഥ നിയമത്തില്‍നിന്ന് ഒഴിവാക്കി.അന്താരാഷ്ട്ര സ്വതന്ത്ര അര്‍ബിട്രേഷന്‍ സംവിധാനങ്ങള്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. ഭാവിയില്‍ ദേശീയവല്‍ക്കരണ ഭീഷണി ഉയര്‍ന്നാല്‍ സംരക്ഷണം ലഭിക്കുമെന്ന ഉറപ്പ് കൂടി ഇതുവഴി കോര്‍പ്പറേറ്റുകള്‍ക്ക് ഉറപ്പ് നല്‍കുന്നു.
എണ്ണ എക്സ്ട്രാക്ഷന്‍ റോയല്‍റ്റി പരമാവധി 30 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്. ഓരോ പദ്ധതിയുടെയും മൂലധന ആവശ്യകത,മത്സരശേഷി തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് നിരക്ക് നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടാവും. ''രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തന്നെ ഈ നിയമം മാറ്റിമറിക്കും'' എന്നാണ് ദേശീയ അസംബ്ലിയിലെ എണ്ണ കമ്മിറ്റി അധ്യക്ഷന്‍ ഓര്‍ലാന്‍ഡോ കാമാച്ചോ പ്രതികരിച്ചത്. പ്രതിപക്ഷ എംപി ആന്റോണിയോ എക്കാരി നിയമത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. എണ്ണ ഇടപാടുകളുമായി ബന്ധപ്പെട്ട ധനവിനിമയ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വെബ്സൈറ്റ് ആരംഭിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
