ട്രംപിന്റെ പ്രതികാരത്തീരുവ രണ്ടായി മടക്കി കൈയില്‍ വെച്ചാല്‍ മതി; ഇന്ത്യയെ വിരട്ടാന്‍ നോക്കേണ്ട! ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടില്‍ ഇന്ത്യ; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും; നാളെ മുതല്‍ 50 ശതമാനം തീരുവ പ്രാബല്യത്തില്‍ വരുമ്പോള്‍ മറികടക്കാന്‍ വഴിതേടി കേന്ദ്രസര്‍ക്കാറും; ആഭ്യന്തര വിപണിയുടെ കരുത്തില്‍ ഇന്ത്യ പിടിച്ചുനില്‍ക്കുമെന്ന് വിദഗ്ധര്‍

ട്രംപിന്റെ പ്രതികാരത്തീരുവ രണ്ടായി മടക്കി കൈയില്‍ വെച്ചാല്‍ മതി

Update: 2025-08-26 02:11 GMT

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ പ്രതികാര തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യ മുന്നോട്ട്. ഇന്ത്യക്കെതിരെ അമേരിക്ക 50% തീരുവയാണ് അമേരിക്ക പ്രഖ്യാപിച്ചത്.നാളെ മുതലാണ് തീരുവ പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ ഇപ്പോഴും ട്രംപ് തീരുമാനം പിന്‍വലിക്കും എന്ന പ്രതീക്ഷയിയിലാണ് വ്യവസായികള്‍. അതേ സമയം, ട്രംപ് ഭരണകൂടത്തെ സ്വാധീനിച്ച് അധിക തീരുവ പിന്‍വലിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി.

വാഷിംഗ്ടണില്‍ മുന്‍ ട്രംപ് ഉപദേശകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്വകാര്യ ലോബീയിങ് കമ്പനികളെ ചുമതലപ്പെടുത്തി. ഒരു കമ്പനിക്ക് 1.8 മില്യന്‍ ഡോളറിന്റെ വാര്‍ഷിക കരാര്‍ ആണ് നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ കമ്പനിക്ക് പ്രതിമാസം 75000 ഡോളറിന്റെ മൂന്ന് മാസത്തെ കരാര്‍ ആണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. കുറഞ്ഞ വിലയ്ക്ക് ആര് എണ്ണ നല്കിയാലും വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍ പറഞ്ഞു. വിപണിയിലെ സാഹചര്യമാണ് ഇക്കാര്യത്തില്‍ ഇന്ത്യ കണക്കിലെടുക്കുന്നതെന്നും വിനയ് കുമാര്‍. തീരുവയില്‍ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് പ്രധാനമന്ത്രിയും ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കനത്ത ഇറക്കുമതിത്തീരുവയേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. കയറ്റുമതിക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളേപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഉന്നതതല യോഗം വിളിച്ചത്. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷത വഹിക്കും. ട്രംപ് പ്രഖ്യാപിച്ച ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള 50 ശതമാനം തീരുവ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തിലാണ് യോഗം.

നിലവിലുള്ള 25% നികുതിയുടെ ആഘാതം തിരിച്ചറിയാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം കയറ്റുമതിക്കാരുമായും കയറ്റുമതി പ്രമോഷന്‍ കൗണ്‍സിലുകളുമായും കൂടിയാലോചന നടത്തിവരുന്നുണ്ട്. നിലവില്‍ പ്രാബല്യത്തിലുള്ള 25 ശതമാനം നികുതി തന്നെ ലാഭത്തില്‍ ഗണ്യമായ ഇടിവും മത്സരശേഷി കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് കയറ്റുമതി കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ആഘാതം കുറക്കുന്നതിനായി പ്രത്യേക വ്യവസായങ്ങളെ ലക്ഷ്യമിട്ട് പിന്തുണ നല്‍കുന്ന പദ്ധതികളാണ് സര്‍ക്കാരിന് മുന്നിലുള്ളതെന്നാണ് വിവരം. റിസ്‌ക് പരിരക്ഷയോടുകൂടി ഈടില്ലാതെ പ്രവര്‍ത്തന മൂലധനം നല്‍കുന്ന എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം വേണമെന്ന കയറ്റുമതി കമ്പനികളുടെ ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കയറ്റുമതിക്കാര്‍ക്കുണ്ടാകുന്ന ആഘാതം ചര്‍ച്ച ചെയ്യുന്നതിനൊപ്പം ഇന്ത്യയുടെ പ്രതികരണത്തിന്റെ രൂപരേഖയ്ക്കും ചൊവ്വാഴ്ചത്തെ യോഗം അന്തിമരൂപം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ട്രംപിന്റെ നടപടികള്‍ ഇ്യയുടെ സാമ്പത്തിക വളര്‍ച്ചയെ കാര്യമായി ബാധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഭ്യന്തര വിപണിയിലെ ആവശ്യകത ഇതിനെ ഒരുപരിധിവരെ പ്രതിരോധിക്കുമെന്നാണ് വിലയിരുത്തല്‍. അമേരിക്ക ഏര്‍പ്പെടുത്തിയ അധിക തീരുവ തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ എന്നിവക്ക് ചെറിയ തോതിലുള്ള ആഘാതം ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ മരുന്ന്, സ്മാര്‍ട്ട്ഫോണ്‍, സ്റ്റീല്‍ എന്നിവയെ ഇപ്പോളത്തെ നികുതി ഇളവുകളും, ശക്തമായ ആഭ്യന്തര ആവശ്യവും പ്രതിരോധിക്കും.

എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിങ്‌സ് പറയുന്നത് ഇന്ത്യയുടെ വലിയ ആഭ്യന്തര വിപണി, താരിഫ് വര്‍ധനവിന്റെ സാമ്പത്തിക ആഘാതം കുറയ്ക്കും എന്നാണ്. അതേസമയം, ഉല്‍പ്പാദന ഉപകരണങ്ങള്‍, രാസവസ്തുക്കള്‍, വാഹനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ കയറ്റുമതിക്ക് വെല്ലുവിളികള്‍ ഉണ്ടാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇന്ത്യയുടെ ഏറ്റവും വലിയ തുണിത്തര കയറ്റുമതി കേന്ദ്രമാണ് യുഎസ്. ചൈനയ്ക്കും വിയറ്റ്‌നാമിനും ശേഷം യുഎസിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യവും ഇന്ത്യയാണ്. ഒന്‍പത് ശതമാനത്തോളം വരും ഇത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചൈനയുടെ വിപണി വിഹിതം കുറഞ്ഞത് ഇത് ഇന്ത്യക്ക് നേട്ടമായിട്ടുണ്ട്. ഈ ഘട്ടത്തില്‍ യുഎസ് വിപണിയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിച്ചിരുന്നു. ഇന്ത്യയുടെ വിഹിതം 6% ല്‍ നിന്ന് 9% ആയി ഉയരുകയാണ് ചെയ്ത്. ചൈനയുടെ വിഹിതം 38% ല്‍ നിന്ന് 25% ആയി കുറഞ്ഞപ്പോഴായിരുന്നു ഇത്.

സാമ്പത്തിക സ്ഥാപനങ്ങള്‍, ടെലികോം, വിമാന കമ്പനികള്‍, ഹോട്ടലുകള്‍, സിമന്റ്, ഉല്‍പ്പാദന ഉപകരണങ്ങള്‍ തുടങ്ങിയ ആഭ്യന്തര ഉപഭോഗ മേഖലകള്‍ക്ക് ഈ താരിഫ് പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News