ഡോളറിനെതിരെ നീങ്ങിയാല്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം നികുതി ചുമത്തും; പുതിയ കറന്‍സി സൃഷ്ടിക്കുകയോ മറ്റ് കറന്‍സികളെ പിന്തുണക്കുകയോ ചെയ്യരുത്; ഇന്ത്യ ഉള്‍പ്പടെയുളള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്; 'ബ്രിക്‌സ് പേ' ആശയത്തിന് ആപ്പു വെച്ച് ട്രംപ്
ഡോളറിനെതിരെ നീങ്ങിയാല്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം നികുതി ചുമത്തും
വാഷിങ്ടണ്‍: .യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെക്കുന്നതിന് മുമ്പായി ലോകരാജ്യങ്ങളെ വിറപ്പിക്കുകയാണ് ട്രംപ്. എല്ലാ വിഷയത്തിലും അമേരിക്ക ഫസ്റ്റ് നിലപാട് സ്വീകരിക്കുന്ന ട്രംപ് നികുതി വിഷയത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. ഡോളറിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച അദ്ദേഹം ഇപ്പോള്‍ ഇന്ത്യക്കെതിരെ ഭീഷണിയുമായി രംഗത്തുവരികയാണ്.
ഡോളറിനെതിരെ നീങ്ങിയാല്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. പുതിയ കറന്‍സി സൃഷ്ടിക്കുകയോ മറ്റ് കറന്‍സികളെ ബ്രിക്‌സ് രാജ്യങ്ങള്‍ പിന്തുണക്കുകയോ ചെയ്യരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. ഡോളറിനെ സംരക്ഷിക്കുന്നതിനായി കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന സൂചനകളാണ് ട്രംപ് നല്‍കുന്നത്.
ഈ രാജ്യങ്ങളില്‍ നിന്നും പ്രതിബദ്ധത വേണമെന്നാണ് ആവശ്യപ്പെടുന്നത്. പുതിയൊരു ബ്രിക്‌സ് കറന്‍സി ഇവര്‍ സൃഷ്ടിക്കരുത്. ഇതിനൊപ്പം യു.എസ് ഡോളറല്ലാതെ മറ്റൊരു കറന്‍സിയെ പിന്തുണക്കുകയും ചെയ്യരുത്. അങ്ങനെ ചെയ്താല്‍ 100 ശതമാനം നികുതിയൊടുക്കാന്‍ അവര്‍ തയാറാകണം. പിന്നീട് അവര്‍ക്ക് യു.എസ് സമ്പദ്‌വ്യവസ്ഥയില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ മാസം റഷ്യയിലെ കസാനില്‍ നടന്ന സമ്മേളനത്തില്‍ ഡോളറല്ലാത്ത കറന്‍സി ഉപയോഗിച്ച് വ്യാപാരം നടത്തുന്നത് ബ്രിക്‌സ് രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രാദേശിക കറന്‍സികളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു നീക്കം.
ബ്രിക്‌സ് പേ എന്ന പേരില്‍ സ്വന്തം പേയ്‌മെന്റ് സിസ്റ്റം വികസിപ്പിച്ചെടുക്കണമെന്നായിരുന്നു റഷ്യയുടെ ആവശ്യം. യുറോപ്പിന്റെ സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്യൂണിക്കേഷന്‍, ഇന്ത്യയുടെ യു.പി.ഐ എന്നിവക്കെല്ലാം സമാനമായിരിക്കും ബ്രിക്‌സ് പേ. തുടര്‍ന്ന് റഷ്യന്‍ റൂബിളിലും ചൈനീസ് യുവാനിലും ഇന്ത്യന്‍ രൂപയിലും ഇടപാടുകള്‍ നടത്താന്‍ രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് വരുന്നത്.
യൂറോ മാതൃകയില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ ഒരു ഏകീകൃത കറന്‍സി കൊണ്ടുവരിക എന്ന് ബ്രസീല്‍, റഷ്യ, ചൈന, എന്നീ രാജ്യങ്ങള്‍ ആലോചനയില്‍ ഉണ്ടായിരുന്ന കാര്യമാണ്. ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ അതിവേഗം വളരുന്ന സാമ്പത്തികവ്യവസ്ഥകള്‍ ഒത്തുചേര്‍ന്ന് ഒരു കറന്‍സി രൂപീകരിച്ചാല്‍ അതിന് യൂറോ പോലെ ശക്തി പ്രാപിക്കാനാകുമെന്നാണ് കരുതിയിുന്നു. അതേസമയം ഇത്തവണത്തെ ബ്രിക്‌സ് ഉച്ചകോടിയില്‍ പൊതു കറന്‍സി ഒരു അജണ്ടയായി ഉള്‍പ്പെടുത്തിയിട്ടില്ല. എല്ലാ രാജ്യങ്ങളുടെയും സമവായം വരാത്തതാണ് കാരണം.
ബ്രിക്‌സ് രാഷ്ട്രങ്ങള്‍ പൊതു കറന്‍സി രൂപപ്പെടുത്തുന്നതിനോട് ഇന്ത്യക്ക് താല്‍പ്പര്യം കുറവായിരുന്നു. ആദ്യം ഈ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം ശരിയായ രീതിയില്‍ ശക്തിപ്പെടുത്തണമെന്ന് ഇന്ത്യ കരുതുന്നു. അതിനു ശേഷമേ ഏകീകൃത കറന്‍സിക്ക് പ്രാധാന്യമുള്ളൂ. ഇന്ത്യക്ക് യുഎസ്സുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും മികച്ച ബന്ധമാണ് നിലവിലുള്ളത്. ഇന്ത്യയുടെ പ്രതിരോധ വ്യവസ്ഥയുടെ നിലനില്‍പ്പും ഈ രാജ്യങ്ങളുമായുള്ള പ്രതിരോധവ്യാപാര ബന്ധങ്ങളെ ആശ്രയിച്ചുള്ളതാണ്. എടുത്തുചാടി ഒരു നിലപാട് ബ്രിക്‌സ് കറന്‍സിയുടെ കാര്യത്തിലെടുക്കാന്‍ ഇന്ത്യക്കാകില്ല. അമേരിക്കയെ പിണക്കേണ്ട എന്നതായിരുന്നു ഇന്ത്യന്‍ നിലപാട്. അതുകൊണ്ടു തന്നെയാണ് വിഷയത്തില്‍ വലിയ താല്‍പ്പര്യം കാണിക്കാത്തതും.
ബ്രിക്സ് കറന്‍സി വേണ്ടായെന്നും, പകരം ഓരോ രാജ്യവും അതത് രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യം വര്‍ധിപ്പിക്കാന്‍ സ്വയം ശ്രമിക്കണമെന്നുമാണ് ഇന്ത്യയുടെ നിലപാട്. ആഗോളതലത്തില്‍ ഇന്ത്യന്‍ രൂപയിലുള്ള ഇടപാടുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം ആര്‍ബിഐ അടക്കം നടത്തിവരികയാണ്. ഇതിനിടെയാണ് ട്രംപിന്റ മുന്നറിയിപ്പും എത്തിയിരിക്കുന്നത്.